അസ്സലാമു അലൈകും. ഒരു ചോദ്യം ഉണ്ട്. നമ്മുടെ നാട്ടിൽ കുറെ ആളുകൾ ലക്ഷങ്ങൾ മാനേജ്മെന്റിന് കൈക്കൂലി കൊടുത്തു എയ്ഡഡ് സ്ഥാപനങ്ങളിൽ ജോലിക്ക് കയറുന്നുണ്ടല്ലോ. യോഗ്യത ഉണ്ടായിരിക്കെ പണം ഇല്ലെന്ന പേരിൽ കുറെ ആളുകൾ പുറത്ത് നിൽക്കുമ്പോൾ കാര്യം സാധിക്കാൻ ചിലർ ലക്ഷങ്ങൾ നിയമന പ്രക്രിയക്ക് മുൻപായി പണമായി നൽകി ജോലി സമ്പാദിക്കുന്നു. നമ്മുടെ നാട്ടിലെ ഗവണ്മെന്റ് പോലും ഇതിനെ പിന്തുണയ്ക്കുന്നില്ല. പക്ഷെ രഹസ്യ സമ്മതം ഉണ്ടെന്നു മാത്രം. ഇങ്ങനെ ലക്ഷങ്ങൾ ക്യാഷ് കൊടുത്തു ജോലി നേടുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്? റസൂലിന്റെ കാലത്ത് കാര്യം സാധിക്കാൻ പണം കൊടുത്ത എന്തെങ്കിലും ഉദാഹരണം ഉണ്ടോ? ഇങ്ങനെ നേടിയ ജോലിയിൽ നിന്ന് കിട്ടിയ വരുമാനം ഉപയോഗിച്ച് ബാധ്യതകൾ വീട്ടിയാൽ വീടുമോ? പലരും ബിൽഡിങ് കെട്ടാൻ എന്നൊക്കെ പറഞ്ഞാണ് ക്യാഷ് വാങ്ങുന്നത്. ഇതൊക്കെ അർഹത ഉള്ളവരെ തഴഞ്ഞു പണം ഉള്ളവരെ എടുക്കാനുള്ള ടെക്‌നിക് അല്ലെ. ഒരു മറുപടി പ്രതീക്ഷിക്കുന്നു..
ചോദ്യകർത്താവ്
Veeran Kutty
Jul 11, 2019
CODE :Fiq9353
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
തനിക്ക് അർഹതയില്ലാത്തത് നേടിയെടുക്കാൻ വേണ്ടി ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ഒക്കെ മൂല്യമുള്ള വല്ലതും നൽകുന്നതാണല്ലോ കൈക്കൂലീ. ഇത് ഇസ്ലാം ശക്തമായി വിലക്കിയ കാര്യമാണ്. കൈക്കൂലി കൊടുക്കുന്നവനേയും വാങ്ങുന്നവനേയും അല്ലാഹു ശപിച്ചിരിക്കുന്നുവെന്ന് പുണ്യ നബി (സ്വ) നമ്മെ ഉണർത്തിയിട്ടുണ്ട് (തിർമ്മദി, ഇബ്നു ഹിബ്ബാൻ, മുസ്നദ് അഹ്മദ്). കൈക്കൂലി വാങ്ങുന്നവനും കൊടുക്കുന്നവനും നരകത്തിലാണെന്നും നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (ത്വബ്റാനീ). അർഹതയില്ലാത്ത ഒരു കാര്യം നേടാൻ വേണ്ടി നൽകുന്ന പണം ഹറാമാണ്. ഒരാളോ ഒരു സ്ഥാപനമോ കൈക്കൂലി തങ്ങളുടെ അവകാശമാണെന്ന് വിശ്വസിച്ചാൽ അത് അവരെ കുഫ്റിലേക്ക് വരേ നയിക്കാം (മുഗ്നി, ബൈഹഖീ). അതു പോലെ അർഹതയില്ലാത്തത് നേടിയെടുക്കുമ്പോൾ അർഹതപ്പെട്ടവന്റെ അവകാശം കൈക്കൂലി കൊടുത്ത് കൈക്കലാക്കുകയെന്ന വലിയ തെറ്റുു കൂടി ഉൾപ്പെടുന്നു. അന്യന്റെ അന്നം കൈക്കൂലി കൊടുത്തോ അല്ലാതെയോ സ്വന്തമാക്കരുതെന്ന് പരിശുദ്ധ ഖുർആൻ പല തവണ മുന്നറിയിപ്പ് നൽകിയതാണ് (സൂറത്തുൽ ബഖറഃ). അത്തരക്കാരെ അല്ലാഹു നരകത്തിൽ പ്രവേശിപ്പിക്കും, അല്ലാഹുവിന് അത് എളുപ്പമുള്ള കാര്യമാണ് (സൂറത്തുന്നിസാഅ്). മറ്റൊരാളുടെ അവകാശം ആരെങ്കിലും തട്ടിയെടു്ത്താൽ അവൻ ചെയ്ത സൽകർമ്മങ്ങൾ നാളെ ആഖിത്തിൽ അതിന് പകരമായി നകേണ്ടിവരും, അല്ലെങ്കിൽ അവരുടെ തിന്മകൾ ഏറ്റെടുക്കേണ്ടി വരും എന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (സ്വഹീഹ് മുസ്ലിം). ആരെങ്കിലും മറ്റൊരാൾക്ക് അർഹതപ്പെട്ട ധനം എടുത്തുപയോഗിച്ചാൽ അവനെ അല്ലാഹു നശിപ്പിക്കുമെന്നും (സ്വഹീഹുൽ ബുഖാരി), മറ്റൊരാൾക്ക് അർഹതപ്പെട്ടത് ആരെങ്കിലും തട്ടിയെടുത്താൽ നാളെ പരലോകത്ത് അല്ലാഹുവിനെ അവൻ കോപാകുലനായാണ് കണ്ടുമുട്ടുകയെന്നും (മുസ്നദ് അഹ്മദ്) നബി തങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. (കൈക്കൂലി വാങ്ങിയിട്ടാണെങ്കിലും അല്ലെങ്കിലും) മറ്റുള്ളവരുടെ അവകാശം എടുത്ത് അർഹതയി്ല്ലാത്തവർക്ക് ആരെങ്കിലും നൽകുകയാണെങ്കിൽ യഥവർത്ഥത്തിൽ നരകത്തിൽ നി്ന്നുള്ള ഒരു കഷ്ണമാണ് അയാൾ എടുത്ത് നൽകുന്നത് (ബുഖാരി, മുസ്ലിം), ജനങ്ങളിൽ ചിലർ അല്ലാഹുവിന്റെ ധനം അർഹതയില്ലാതെ ഉപയോഗിക്കുന്നവരുണ്ട്, അവർ അന്ത്യനാളിൽ നരകമായിരി്ക്കും അർഹിക്കുക (സ്വഹീഹുൽ ബുഖാരി)... തുടങ്ങിയ പ്രവാചക താക്കീതുകളും ഈ വിഷയത്തിൽ നിരവധിയാണ്.
ചുരുക്കത്തിൽ നമ്മുടെ നാട്ടിൽ സാർവ്വത്രികമായി എല്ലാവരുടേയും മൌനാനുവാദത്തോടെ നടക്കുന്ന കാര്യമാണെങ്കിലും ദുനിയാവിലും ആഖിറത്തിലും വലിയ ദുന്തമായിരി്ക്കും ഈ ഏർപ്പാടിൽ പങ്കാളികളാകുന്നവരെ കാത്തിരക്കുന്നത് എന്നാണ് ഇസ്ലാമികാധ്യാപനങ്ങൾ നമ്മെ സഗൌരവം ബോധ്യപ്പെടുത്തുന്നത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.