1. ബഹു ദൈവങ്ങളെ ആരാധിക്കുന്നവർ നരകത്തിൽ ആണോ ? എന്താണ് അതിന്റെ മസ്അല ?? 2. ബഹു ദൈവങ്ങളെ ആരാധിക്കുന്നവരിലും നന്മ ചെയ്യുന്നവരുണ്ട് അവരുടെ വിധി എന്താണ്..അവരിൽ പെട്ട ശിശുക്കളും നരകത്തിൽ പ്രവേശിക്കുമോ??? 3. ഹിന്ദു ,മുസ്ലിം ,ക്രിസ്ത്യാനി എന്നൊക്കെ ചേരു തിരിക്കപ്പെട്ടിട്ടുണ്ടല്ലോ..ഞാൻ ഒരു മുസ്ലിം ആണ്...എനിക്ക് പിറക്കാൻ പോകുന്ന മക്കളും മുസ്ലിം ആയിരിക്കും(അള്ളാഹു ഉദ്ദേശിച്ചെങ്കിൽ) എനിക്ക് ജനിക്കുന്ന കുട്ടികൾ എന്റെ മതം അല്ലെ സ്വീകരിക്കൂ..അത് പോലെ തന്നെ മറ്റു മതക്കാരുടെ മക്കളും അവരുടെ മാതാപിതാക്കൾ ഏത് മത്തിലാണോ ആ മതത്തിൽ അല്ലെ വിശ്വസിക്കു..കാല ക്രമേണ അല്ലെങ്കിൽ പാരമ്പര്യമായി കിട്ടുന്നതല്ലേ ഇത്...അല്ലാതെ ആരും ആരുടേയും ഇഷ്ടം കൊണ്ട് തിരഞ്ഞെടുത്തതല്ലല്ലോ ഈ വിശ്വാസങ്ങൾ..എന്നിരിക്കെ ഞാൻ ഹിന്ദു ആയി ജനിച്ചാൽ ഞാൻ ആ മതത്തിൽ അല്ലെ വിശ്വസിക്കുക...കാരണം എന്റെ മാതാപിതാക്കകൾ ഹിന്ദു ആയിരിക്കെ...ഞാൻ ചോദിച്ച സംശയം ഉസ്താദിന് മനസ്സിലായി എന്ന് കരുതുന്നു..
ചോദ്യകർത്താവ്
Rinaf
Jul 16, 2019
CODE :Fiq9355
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
- ശിർക്ക് എന്നത് അല്ലാഹുവിൽ പങ്ക് ചേർക്കലാണ്, അല്ലാവിനെപ്പോലെ വേറെയും ദൈവങ്ങളുണ്ടെന്ന് വിശ്വസിക്കലും ആരാധിക്കലമാണ്. ഇത് അല്ലാഹു ഒരു രീതിയിലും പൊറുക്കാത്ത പാപമാണ്. അല്ലാഹുവിന്റെ അസ്ഥിത്വത്തെ നിരാകരിക്കുന്ന ഈ പ്രവണതയൊഴിച്ച് ബാക്കിയെല്ലാം അല്ലാഹു പൊറുക്കും എന്നാൽ ഇത് ഒരു കാരണവശാലും പൊറുക്കില്ല. കാരണം അത്ര വലിയ തെറ്റാണിത് എന്ന് അല്ലാഹു പറയുന്നു (സൂറത്തുന്നിസാഅ്). ആരെങ്കിലും അല്ലാഹുവിൽ ശിർക്ക് ചെയ്താൽ അല്ലാഹു സ്വർഗം അവന് നിഷിദ്ധമാക്കുകയും നരകം അവന്റെ സങ്കേതമായി മാറുകയും ചെയ്യും (സൂറത്തുൽ മാഇദഃ). അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്യുന്നു: ആരെങ്കിലും അല്ലാഹുവിന് തുല്യരെ സങ്കൽപ്പിച്ച് അവയ്ക്ക് ആരാധിച്ച് മരണപ്പെട്ടാൽ അവൻ നരകത്തിൽ പ്രവേശിക്കും (ബുഖാരി), ശിർക്ക് ചെയ്യാതെ ആരെങ്കിലും അല്ലാഹുവിനെ കണ്ടു മുട്ടിയാൽ സ്വർഗത്തിൽ പ്രവേശിക്കും, ശിർക്ക് ചെയ്തിട്ടാണെങ്കിൽ നരകത്തിലും പ്രവേശിക്കും (മുസ്ലിം). ചുരുക്കത്തിൽ ഇക്കാര്യത്തിൽ സംശമില്ല.
- ഏതൊരു സൽകർമ്മവും അല്ലാഹു സ്വീകരിക്കണമെങ്കിലും അല്ലാഹു പ്രതിഫലം നൽകണമെങ്കിലും അതിനുള്ള അടിസ്ഥന നിബന്ധന അയാൾ അല്ലാഹുവിനെ അംഗീകരിക്കുന്നവനായിരിക്കണം, അല്ലാഹുവിൽ വിശ്വസിക്കുന്നവനായിരിക്കണം, അല്ലാഹുവിന് ശരീരവും മനസ്സുും കീഴ്പ്പെടുത്തിയവനായിരിക്കണം, അല്ലാഹുവിന് വേണ്ടി അവന്റെ പ്രതിഫലം പ്രതീക്ഷിച്ച് ആത്മാർത്ഥമായി ചെയ്തതാകണം എന്നതാണ്. അല്ലാത്തവരോട് അവർ ആരെയാണെ വിശ്വസിച്ചത്, ആർക്കു വേണ്ടിയാണോ ചെയ്തത് അതിനുള്ള പ്രതിഫലവും അവരോട് തന്നെ പോയി ചോദിക്കുവാൻ പറയും. ഇക്കാര്യം അല്ലാഹു തന്നെ വ്യക്തമാക്കിയതാണ് (സൂറത്തുൽ മാഇദഃ, സൂറത്തുസ്സുമർ, സൂറത്തുൽ ബയ്യിനഃ, സൂറത്തുല്ലൈൽ, സൂറത്തുശ്ശൂറാ, സൂറത്തു ഹൂദ്). നബി (സ്വ) ഖുദ്സിയ്യായ ഹദീസിൽ പറയുന്നു: അല്ലാഹു താആലാ പറയുന്നു: മുശ്രിക്കീങ്ങളുടെ ശിർക്കിനെത്തൊട്ട് ഞാൻ ഐശ്വര്യവാനാണ്. അതിനാൽ എന്നോട് ഏതെങ്കിലും കാര്യത്തിൽ ആരെങ്കിലും പങ്ക് ചേർത്താൽ ഞാൻ അവനേയും അവന്റെ ശിർക്കിനേയും ഒഴിവാക്കുന്നു (സ്വഹീഹ് മുസ്ലിം).
- അല്ലാഹുവിന്റെ വിധിവിലക്കുകൾ ബാധകമാകാൻ ഒരാൾക്ക് പ്രായപൂർത്തിയും ബുദ്ധിയുമാകണം. അല്ലാഹുവിനെക്കുറിച്ച് വ്യക്തമായി മനസ്ലിലാക്കാൻ പ്രാപ്തമായ തിരിച്ചറിവ് ഉണ്ടാകണമെങ്കിൽ ഇത് രണ്ടും ആവശ്യമാണ്. പ്രായപൂർത്തിയും ബുദ്ധിയുമുള്ള ഒരാൾക്ക് അല്ലാഹുവിനെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും അറിയാനുള്ള അവസരം ലഭിച്ചാൽ അത് മുതലാണ് അല്ലാഹുവിലുള്ള വിശ്വാസവും അവന്റെ വിധിവിലക്കുകളും അയാൾക്ക് ബാധകമാകുന്നത്. എന്നാൽ പ്രായപൂർത്തിയെത്താത്ത കുട്ടികൾക്കോ ബുദ്ധിയില്ലാത്ത ഭ്രന്തന്മാർക്കോ അവർ ചെയ്യുന്നതിന് ശിക്ഷയില്ല. അത് കൊണ്ട് തന്നെ അമുസ്ലിംകളുടെ പ്രായപൂർത്തിയെത്താത്ത കുട്ടികൾ മരണപ്പെട്ടാൽ അവർ സ്വർഗത്തിൽ പ്രവേശിക്കും (ശറഹ് മുസിം, തദ്കിറഃ, ശറഹുൽ അഖാഇദ്, രിസാലത്തു ഇബ്നിസ്സുബുക്കി). കുട്ടികൾ അല്ലാഹുവിനെ അംഗീകരിക്കാനും ഇസ്ലാമിനെ ഉൾക്കൊള്ളാനുമുള്ള പ്രകൃതത്തിലാണ് പിറക്കുന്നത്. പക്ഷേ അവരുടെ മാതാപിതാക്കളും ജീവിത സാഹചര്യങ്ങളും അവരെ ഇതര ചിന്താകഗതിക്കാരാക്കുന്നു. എന്നാൽ പ്രായപൂർത്തിയാകുന്നതോടെ ആ സാചര്യങ്ങൾക്കപ്പുറത്തേക്ക് ചിന്തിക്കുവാനും തന്റെ സ്രഷ്ടാവിനെ മനസ്സിലാക്കുകവാനുമുള്ള പ്രാപ്തി മാനസികമായി അവർ ആർജ്ജിക്കുന്നു. അതിന് ശേഷം അല്ലാഹുവിനെ അറിയാൻ അവർക്ക് സാഹചര്യം ലഭിക്കുക കൂടി ചെയ്യുമ്പോൾ അത് ഉപയോഗപ്പെടുത്തണം. ആ ഒരു ഘട്ടം എത്തുന്നത് വരേ അല്ലാഹു ആരെയും ശിക്ഷിക്കുകയില്ല (സൂറത്തുൽ ഇസ്രാഅ്, ശറഹു മുസ്ലിം)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.