അസ്സലാമു അലൈകും ചെയ്യുന്ന കർമ്മങ്ങളിൽ ഇഖ്‌ലാസ് ഉണ്ടോ എന്ന് തിരിച്ചറിയാനുള്ള മാർഗങ്ങൾ ഏതൊക്കെയാണ്
ചോദ്യകർത്താവ്
Muhammed
Jul 24, 2019
CODE :Oth9366
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഒരാൾ ചെയ്യന്ന കർമ്മത്തിൽ ഇഖ്ലാസ്വ് ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാൻ അല്ലാഹുവിനും അയാൾക്കും മാത്രമേ കഴിയുകയുള്ളൂ. കാരണം സുൽത്വാനുൽ ഉലമാ ഇസ്സു ബിൻ അബ്ദിസ്സലാം (റ) പറയുന്നു: ഇഖ്ലാസ്വ് എന്നാൽ പ്രായപൂർത്തിയും ബുദ്ധിയുമുള്ള ഒരാൾ ജനങ്ങളിൽ നിന്ന് യാതൊരു പരിഗണനയോ ആദവരവോ ദീനിയ്യായ എന്തെങ്കിലും നേട്ടം നേടിയെടുക്കലോ ദുൻയവിയ്യായ എന്തെങ്കിലും പ്രയാസം തടയലോ ഒന്നും പ്രതീക്ഷിക്കാതെ അല്ലാഹുവിന് വേണ്ടി മാത്രം ഒരു കർമ്മം ചെയ്യലാണ് (മഖാസ്വിദുൽ മുകല്ലഫീൻ). ഇമാം സൈനുദ്ദീൻ മഖ്ദൂം (റ) പറയുന്നു: ഇഖ്ലാസ് എന്നാൽ അല്ലാഹുവിലേക്ക് അടുക്കുകയെന്ന ഉദ്ദേശ്യമല്ലാതെ മറ്റൊന്നും ഉദ്ദേശിക്കാതെ ആരാധന നിർവ്വഹിക്കലാണ് (ഹിദായത്തുൽ അദ്കിയാഅ്). ഇമാം സഹ്ലുു ബിൻ അബ്ദില്ലാഹ് (റ) പറയുന്നു: ഇഖ്ലാസ്വ് എന്നാൽ ഒരു അടിമ തന്റെ എല്ലാ അടക്കവും അനക്കങ്ങളും അല്ലാഹുവിന് വേണ്ടി മാത്രമാക്കി തനിപ്പിക്കലാണ് (അൽ ഇഖ്ലാസ്വ്).
ഒരാൾക്ക് താൻ മുഖ്ലിസ്വാണ് എന്ന് തിരിച്ചറിയാനുള്ള അടയാളം ‘ആളുകൾക്കിടയിൽ വെച്ച് ഒരു ആരാധന നിർവ്വഹിക്കുമ്പോൾ മനസ്സിന് ആ ആരാധനയോടുണ്ടാകുന്ന ആത്മാർത്ഥമായ ഇണക്കം ആരുമില്ലാത്ത നേരത്തും ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കലാണ്’. ‘മൃഗങ്ങളുടെ ഇടയിൽ വെച്ച് ആരാധന നിർവ്വഹിക്കുമ്പോൾ അതിലേക്ക് മനസ്സാന്നിധ്യം ഉണ്ടാകാൻ മൃഗങ്ങൾ കാരണമാകാത്തത് പോലെ മറ്റു മനുഷ്യരുടെ സാന്നിധ്യവും ആരാധാനയിൽ മനസ്സാന്നിധ്യം വരാനുള്ള കാരണമായി മാറരുത്. മനുഷ്യരുടെ സാന്നിധ്യവും മൃഗങ്ങളുടെ സാന്നിധ്യവും ഒരുപോലെ ഒരാളുടെ ആരാധനയിൽ മനസ്സാന്നിധ്യം ഉണ്ടാക്കുന്നില്ലെങ്കിൽ അയാൾ ഇഖ്ലാസ്വിന്റെ വൃത്തത്തിൽ നിന്ന് പുറത്താണ്. ലോകമാന്യം എന്ന അവ്യക്ത ശിർക്ക് കൊണ്ട് ഹൃദയം മലിനമായവനുമാണ്. ലോകമാന്യം എന്നത് കൂരിരുട്ടുുള്ള രാത്രിയിൽ പൊട്ടിപ്പൊളിയാത്ത ഉറപ്പുള്ള പാറക്കല്ലിലൂടെ കറുത്ത ഉറുമ്പ് അരിക്കുന്നതിനേക്കാൽ അവ്യക്തമായി മനുഷ്യ മനസ്സിൽ കുടികൊള്ളുന്ന ശിർക്കാണ്’ (ഇഹ്യാഉ ഉലൂമിദ്ദീൻ).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.