താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാൻ പാടില്ല എന്ന് പറഞ്ഞു കേൾക്കുന്നു. ഇതിനു ദീനിൽ വല്ല അടിസ്ഥാനവും ഉണ്ടോ? 1- വിളക്ക് ഊതിക്കെടുത്തുക. 2- വസ്ത്രം ധരിച്ച നിലയിൽ തുന്നൽ. 3- രാത്രി വീട് അടിച്ചുവാരൽ. 4- ഉള്ളിയുടെ തൊലി കത്തിക്കൽ. 5- അടിച്ചുവാരിയത് വീട്ടിൽ കൂട്ടിയിടൽ. 6- നനഞ്ഞ തുണി മരത്തിൽ (കട്ടിൽ, മേശ etc) ഇടൽ

ചോദ്യകർത്താവ്

sabah

Jul 27, 2019

CODE :Oth9371

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഇത്തരം കാര്യങ്ങൾ പതിവാക്കുന്നത് ദാരിദ്യം ഉണ്ടാക്കുമെന്ന് മഹാന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് (ശർവ്വാനീ, ശറഹു സഫീനത്തിന്നജാ).

وكذلك يوجب الفقر كثرة النوم والنوم عريانا إذا لم يستتر بشيء والأكل جنبا والتهاون بسقاطة المائدة وحرق قشر البصل وقشر الثوم وكنس البيت بالليل وترك القمامة في البيت والمشي أمام المشايخ ونداء الوالدين باسمهما وغسل اليدين بالطين والتهاون بالصلاة وخياطة الثوب ، وهو على بدنه وترك بيت العنكبوت في البيت وإسراع الخروج من المسجد والتبكر بالذهاب إلى الأسواق والبطء في الرجوع منها وترك غسل الأواني وشراء كسر الخبز من فقراء السؤال وإطفاء السراج بالنفس والكتابة بالقلم المعقود والامتشاط بمشط مكسور وترك الدعاء للوالدين والتعمم قاعدا والتسرول قائما والبخل والتقتير والإسراف.

കാരണം ഈ വിഷയത്തിൽ ചില ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവയിൽ പലതും ളഈഫായവയാണെങ്കിലും അവയിലെ ആശയം അനുസരിച്ച് ജീവിക്കൽ സൽസ്വഭാവിയായ ഒരു വിശ്വാസിയുടെ ലക്ഷണമാണ്. ആ കാര്യങ്ങളോരോന്നും പരിശോധിച്ചാൽ അവ ഒന്നുകിൽ ഒരാളുടെ സുരക്ഷ, വൃത്തി, ജീവിത ചിട്ട, പ്രവർത്തന ക്രമം, അദബ് തുടങ്ങിയ കാര്യങ്ങളിലധിഷ്ഠിതമാണ് മനസ്സിലാകും. ഇത്തരം കാര്യങ്ങൾ ശറഅ് നിരുത്സാഹപ്പെടുത്തന്നതിന് പിന്നിൽ അനേകം കാരണങ്ങളുണ്ടാകം. നമുക്ക് പെട്ടെന്ന് മനസ്സിലാക്കാവുന്ന ചില കാരണങ്ങൾ ഇവിടെ ഹ്രസ്വമായി പരിശോധനാ വിധേയമാക്കാം..

ഉദാഹരണത്തിന് ചോദ്യത്തിൽ പറയപ്പെട്ട കാര്യങ്ങളിൽ ചിലത് അപഗ്രഥിക്കാം. ഒന്ന്: വിളക്ക് ഊതിക്കെടുത്തുക, വിളക്ക് ഊതിക്കെടുത്തുന്നത് മുഖത്തേക്ക് തീയോ തീപ്പൊരിയോ ഒക്കെ പതിക്കാനും ഊത്തിന്റെ ശക്തി കൊണ്ട് തീ തൊട്ടടുത്തുള്ള എളുപ്പം തീപിടിക്കാവുന്ന വസ്തുക്കളിൽ പടരാനുമൊക്കെ സാധ്യതയുണ്ട്... രണ്ട്: വസ്ത്രം ധരിച്ച നിലയിൽ തുന്നൽ. ഇങ്ങനെ ചെയ്യുമ്പോൾ അത് ശരീരിത്തിൽ സൂചി തറക്കാനും വലിച്ചു പിടിച്ച് തുന്നുമ്പോൾ വസ്ത്രം കീറാനും പലപ്പോഴും നഗ്നത വെളിപ്പെടാനുമൊക്കെ സാധ്യത കൂടുതലാണ്,,, മൂന്ന്: രാത്രി വീട് അടിച്ചു വാരൽ. രാത്രി എന്നത് ആരംഭിക്കുന്നത് മഗ്രിബ് മുതലാണല്ലോ. മഗ്രിബ് മുതൽ ഇശാഅ് വരേയുള്ള സമയം അടിച്ചു വാരാനുളളതോ മറ്റോ അല്ല. മറിച്ച് ആരാധനയിൽ മുഴുകാനുള്ളതാണ്. അതു പോലെ ഇശാഇന് ശേഷം അനാവശ്യമായ സംസാരങ്ങളോ പ്രവർത്തികളോ ഒക്കെ ഒഴിവാക്കി വേഗം ഉറങ്ങേണ്ട സമയമാണ്. അതിനാൽ വീട് വൃത്തിയാക്കുക തുടങ്ങിയ ജോലികൾ പകൽ വെട്ടത്തിൽ മഗ്രിബിന് മുമ്പ് ചെയ്ത് വീട് വൃത്തിയാക്കി ഇശാ മഗ്രിബിനിടിയിലെ ആരാധനക്കും ഇശാഇന് ശേഷമുള്ള ഉറക്കിനും റെഡിയാക്കി വെക്കുകയാണ് ഒരു വിശ്വാസി ചെയ്യേണ്ടത്,. നാല്: ഉള്ളിയുടെ തൊലി കത്തിക്കൽ. ഉള്ളിത്തൊലി കത്തിച്ചാൽ അത് അവിടെയാകെ ദുർഗന്ധം വമിക്കാൻ കാരണമാകും. അതിനടവരുത്തുന്ന പ്രവർത്തനം ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. ഉള്ളി തിന്നവന്റെ വായ നാറ്റം മറ്റുള്ളവരെ അലോസരപ്പെടുത്തുമെന്നതിനാൽ അങ്ങനെ പള്ളിൽ ജമാഅത്തിന് വരുന്നത് പോലും ഇസ്ലാം നിരുത്സാഹപ്പെടുത്തുന്നുണ്ട്. അഞ്ച്: അടിച്ചുു വാരിയത് കൂട്ടിയിടൽ. വീട് അഴുക്ക് കൂട്ടിയിടുന്ന കുപ്പത്തൊട്ടിയല്ലല്ലോ. മറിച്ച് അ്ലലാഹുവിന്റെ മാലാഖമാർ സന്നിഹിതരാകുുന്ന, മനുഷ്യർക്ക് ഉണ്ണുവാനും ഉറങ്ങുവാനും ആരാധനകൾ നിർവ്വഹിക്കുവാനുമൊക്കെ പറ്റിയ വിധം വൃത്തിയായി പരിപാലിക്കേണ്ട പരിപാവനമായ ഇടമാണല്ലോ. അവിടെ അടിച്ചു വാരിയത് കൂട്ടിയിട്ട് മലിനമാക്കുന്നത് നല്ല പ്രവണതയല്ല. ഇത് പോലെ ബാക്കി പറയപ്പെട്ട കാര്യങ്ങളെല്ലാം പരിശോധിച്ചാൽ അവയിലെല്ലാം പല തരത്തിലുള്ള അപകാതകളും അനൌചിത്യവും അപകടവും അപമര്യാദയും വന്ദിക്കേണ്ടതിനെ നിന്ദിക്കലുമൊക്കെ കാണാം. അതിനാൽ ഒട്ടും ഗുണകരമല്ലാത്ത കാര്യങ്ങൾ ഒരാൾ പതിവാക്കുന്നത് ചീത്ത സ്വഭാവമാണ്. അതിൽ ബറകത്ത് ഉണ്ടാകില്ല. ബറകത്ത് എന്നാൽ അല്ലാഹുവിങ്കൽ നിന്ന് ലഭിക്കുന്ന ഗുണകരമായ വളർച്ചയാണ്.. അത് ആവശ്യമോ ഉപകാരമോ ഇല്ലാത്ത, അനൌചിത്യവും അപകടവും അനിഷ്ടവും ക്ഷണിച്ചുവ വരുത്തുന്ന കാര്യങ്ങൾ പതിവാക്കുന്നവരിൽ കടാക്ഷിക്കുകയില്ലല്ലോ. സമ്പത്തിലും മനസ്സിലും ബറകത്ത് ഉണ്ടാകുമ്പോഴേ അവരണ്ടും ഐശ്യര്യമുള്ളതാകുകയുള്ളൂ. അതില്ലെങ്കിൽ അവരണ്ടും അനുഗ്രഹ ശൂന്യവും ദരിദ്രവുമാകും

ഇതിനർത്ഥം ഇത്തരം കാര്യങ്ങൾ തീരേ ചെയ്യാൻ പാടില്ലായെന്നല്ല. പതിവാക്കാൻ പാടില്ലായെന്നേയുള്ളൂ. അത്യാവശ്യ ഘട്ടങ്ങളിൽ ചിലപ്പോൾ അങ്ങനെയൊക്കെ ചെയ്യേണ്ടി വരും. ഉദാ:- കത്തിച്ച വിളക്കിനടുത്തേക്ക് ഒരു ചെറിയ കുട്ടി അടുക്കുന്നു. പെട്ടെന്ന് അത് കെടുത്തിയില്ലെങ്കിൽ അപകടമാണ്. ആ സമയത്ത് ദാരിദ്ര്യം ഭയന്ന് വിളക്ക് കെടുത്താനെന്തെങ്കിലും അന്വേഷിച്ച് പോകാതെ ഊതിയെങ്കിൽ ഊതിക്കെടുത്തുകയാണ് വേണ്ടത്. അതു പോലെ നിസ്കാരത്തിന് സമയമായി, ഔറത്ത് മറക്കുന്നിടത്ത് അൽപം തുന്നേണ്ടതുണ്ട്. ജമാഅത്ത് നഷ്ഠപ്പെടാതിരിക്കാനോ സമയം കഴിയാതിരിക്കാനോ സുരക്ഷിതമായി ആ ഭാഗം ധരിച്ചു കൊണ്ട് തന്നെ വേഗം തുന്നാൻ സാധിക്കും എങ്കിൽ ആ ഒരു പ്രത്യേക സാഹചര്യത്തിൽ അതിന് ശ്രമിക്കാം, അതു പോലെ പകൽ മുഴുവൻ കുടുംബം യാത്രയിലായിരുന്നു. യാത്ര കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ രാത്രിയായി. വീട് ആകെ അലങ്കോലമായിക്കിടക്കുകുയാണ്. കിടന്നുറങ്ങുന്നതിന് മുമ്പ് വൃത്തിയാക്കിയില്ലെങ്കിൽ വല്ല ജന്തുക്കളോ ഉപദ്രവകരമായതോ ദുർഗന്ധം വമിക്കുന്നതോ ആയ മറ്റെന്തങ്കിലുമോ ഉണ്ടെങ്കിലോ എന്ന ആശങ്കയുണ്ടെങ്കിൽ ആ ഒരു സാഹചര്യത്തിൽ അടിച്ചാവാരാം..... ചുരുക്കത്തിൽ അത്യാവശ്യ ഘട്ടങ്ങളിൽ മറ്റുു ഓപ്ഷനുകളില്ലെങ്കിൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ദാരിദ്ര്യം ക്ഷണിച്ചു വരുത്തില്ല. പ്രത്യുത അവ പതിവാക്കുമ്പോൾ മാത്രമാണ്.. അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു: ഒരു സത്യ വിശ്വാസിയുടെ ഏറ്റവും നല്ല സ്വഭാവ ഗുണം ആവശ്യമില്ലാത്ത കാര്യങ്ങൾ ചെയ്യാതിരിക്കലാണ് (തിർമ്മിദി). ഈ ഹദീസ് സത്യ വിശ്വാസി പാലിക്കേണ്ട അദബിന്റെ അടിസ്ഥാനപ്രമാണമാണ്. ഈ ഹദീസനുസരിച്ച് ജീവിച്ചാൽ ഒരാൾക്ക് അയാളുടെ ദീനിന്റെ കാൽ ഭാഗമോ മൂന്നിലൊന്നോ പകുതിയോ മാത്രമല്ല ദീൻ മുഴുവനും പൂർത്തിയാകുമെന്ന് വരേ മഹാന്മാർ വ്യക്തമാക്കിയിട്ടുുണ്ട് (ഫത്ഹുൽ മുബീൻ, തംഹീദ്, ശറഹു മവത്വഅ്)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

 

ASK YOUR QUESTION

Voting Poll

Get Newsletter