മയ്യിത്തിന്റെ മേൽ റീത്ത് വെക്കുന്നതുന്റെ വിധി എന്ത്?
ചോദ്യകർത്താവ്
അബ്ദുല്ല
Aug 7, 2019
CODE :Fiq9397
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
മയ്യിത്തിന്റെ മേൽ റീത്ത് വെക്കുന്നത് പുരാതന ഗ്രീക്ക് സംസ്കാര കാലഘട്ടം മുതൽ അറിയപ്പെട്ടതാണ്. അത് ജൂദ-ക്രിസ്ത്രീയ വിശ്വാസങ്ങളുടെ ഭാഗമായ ഒരു ആചാരമാണ്. അവരുടെ വിശ്വാസപ്രകാരം പൂക്കളാൽ വട്ടത്തിൽ അലങ്കരിക്കപ്പെടുന്ന റീത്ത് ശാശ്വത ജീവത വൃത്തത്തിന്റെ പ്രതീകമാണ്. അവിവാഹിതരായ രക്ത സാക്ഷികൾക്കായിരുന്നു വളരേ പണ്ട് ഗ്രീസിൽ പ്രധാനമായും റീത്ത് വെച്ചിരുന്നത്. തുടർന്ന് പണ്ട് കാലത്ത് ഇംഗ്ലണ്ടിൽ കന്യകകളായ സ്ത്രീകൾ മരിച്ചാൽ അവരുടെ മേൽ വെള്ള പൂക്കൾ കൊണ്ടുള്ള റീത്ത് വെക്കുന്ന രീതി വന്നു. അത് അവരുടെ ചാരിത്ര്യ ശുദ്ധിയേയും സ്വർഗ ലോകത്ത് അവർക്ക് ലഭിക്കാൻ പോകുന്ന പ്രതാപത്തിന്റെ കീരീടത്തേയുമായിരുന്നു സൂചിപ്പിച്ചിരുന്നത്. പിന്നീട് വിക്ടോറിയൻ കാലത്ത് അതിന്റെ അർത്ഥ തലങ്ങൾ കുറേ കൂടി വിശാലമായി. ജീവിതത്തിന്റേയും പുനർജന്മത്തിന്റെ പ്രതീകമായി പൂക്കൽ സങ്കൽപ്പിക്കപ്പെടുകയും വ്യത്യസ്ത വികാരങ്ങളെ സൂചിപ്പിക്കാൻ വ്യത്യസ്ത നിറങ്ങൾ റീത്തുകളിൽ ഇടം പിടിക്കുകയും ചെയ്തു.
ചുരുക്കത്തിൽ മയ്യിത്തിന് റീത്ത് വെക്കലും ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. ജൂദ-ക്രിസ്ത്യൻ സംസ്കാരത്തിന്റേയും വിശ്വാസത്തിന്റേയും ഭാഗമായ ആ ചടങ്ങ് ലോകത്തെല്ലായിടത്തും ചരിത്ര പരവും അധിവേശ പരവും രാഷ്ട്രീയവും വാണിജ്യ പരവുമായി അവർ സൃഷ്ടിച്ചെടുത്ത സ്വാധീനം മൂലം അവരുടെ മറ്റ് സംസ്കാരങ്ങളെപ്പോലെ റീത്ത് വെക്കലും എല്ലായിടത്തും വ്യാപിച്ചുവെന്ന് മാത്രം. അത് കൊണ്ട് തന്നെ ഇതര മതസ്ഥരുടെ വിശ്വാസത്തിലോ ആചാരത്തിലോ അവരോട് സാദൃശ്യപ്പെട്ടു കൊണ്ട് ഏതെങ്കിലും ഒരു കാര്യം ചെയ്യൽ കുഫ്റിലേക്ക് നയിക്കുന്നതും, അവരോട് സാദൃശ്യപ്പെടുകയെന്ന ഉദ്ദേശ്യമൊന്നുമില്ലാതെ അവരെല്ലാവരും ചെയ്യുമ്പോൾ അതിൽ സഹകരിച്ചു കൊണ്ട് ആ കാര്യം ചെയ്യൽ ഹറാമും, പ്രത്യേകിച്ച് ഒരു ഉദ്ദേശ്യവുമില്ലാതെ വെറുതേ അങ്ങ് ചെയ്യുകയെന്ന ഉദ്ദേശ്യമാണെങ്കിൽ നിർദ്ദോഷവുമായ കാര്യവുമാണ് (ഫതാവൽ കുബ്റാ). കാരണം വിശ്വാസപരവും കർമ്മ പരവുമായ കാര്യങ്ങളിൽ തെല്ലും വിട്ടു വീഴ്ച ചെയ്യാതെ വ്യക്തി പരവും സാമൂഹികവുമായി ഇതര മതസ്തരോട് സ്നേഹത്തോടെയും സൌഹാർദ്ധത്തോടെയും സഹവർത്തിത്തോടെയും ഇടപഴകി ജീവിതത്തിൽ മാതൃക കാണിക്കാൻ ബാധ്യതപ്പെട്ടവനാണ് യാഥാർത്ഥ വിശ്വാസി. എതായാലും വെറുതെ അങ്ങ് റീത്ത് വെക്കുകയെന്നത് പൊതുവെ സംഭവിക്കൽ അപൂർവ്വമായിരിക്കും. എല്ലാവരും ചെയ്യുന്നതിനാൽ അതിൽ പങ്കാളിയാകുന്നു എന്ന ഉദ്ദേശ്യം എന്തായാലും ഉണ്ടാകുക സ്വാഭാവികമാണ്. ഇനി വെറുതെയാണെങ്കിൽ തന്നെ അത് (ഒരു മുസ്ലിമിന്റെ വിശ്വാസമനുസരിച്ച്) തന്റെ പാപമോചനത്തിന് വേണ്ടി വഴികൾ തേടുകയും ഉറ്റവരുടേയും ലോകത്തെ മുഴുവൻ വിശ്വാസികളുടേയും പ്രാർത്ഥന പ്രതീക്ഷിച്ച് കഴിയുകയും ചെയ്യുന്ന മയ്യിത്തിനെ ആ സന്നിഗ്ദ ഘട്ടത്തിൽ പ്രയാസപ്പെടുത്തലും അനാദരിക്കലുമായിരിക്കുമല്ലോ. കാരണം അത്യാവശ്യം കാണേണ്ടവർ കണ്ടു കഴിഞ്ഞാൽ ഉടൻ കുളിപ്പിച്ച് കഫ്ൻ ചെയ്ത് ആ മയ്യിത്തിന്റെ പാപ മോചനത്തിനും ശാശ്വത വിജയത്തിനുമായി ഒന്നിച്ച് ഒരേ സ്വരത്തിൽ സ്രഷ്ടാവായ തമ്പുരാനോട് കേണപേക്ഷിക്കാൻ വേണ്ടി നിസ്കാരിക്കാൻ കൊണ്ടു പോകണമെന്നാണ് ഇസ്ലാം ഒരു വിശ്വാസിയോട് കൽപ്പിക്കുന്നത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ