1 )രണ്ട് മാസം പ്രായമുള്ള കുട്ടിയുടെ മൂത്രം നജസ് ആണോ ? ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വേറെ വേറെ നിയമം ആണോ ? നജസ് ആണെങ്കിൽ അത് എങ്ങനെ നീക്കം ചെയ്യാം ? 2 ) ശരീരത്തിലോ വസ്‌ത്രത്തിലോ നജസ് ആവുകയും അത് നീക്കം ചെയ്യുകയും ചെയ്താൽ നജസ് നീങ്ങി എന്ന് മനസ്സിലാക്കാനുള്ള മാനദണ്ഡം എന്താണ് ? 3 ) മുലപ്പാൽ കുടിക്കുന്ന കുട്ടികളുടെ വായിലൂടെ കുടിച്ച പാല്‍ കുറച്ച്സമയം കഴിയുമ്പോള്‍ പുറത്തേക്ക് കട്ടിയുള്ള രൂപത്തില്‍ തിരിച്ചുവരാറുണ്ട്. ഇത് നജസാണോ?
ചോദ്യകർത്താവ്
Farhan
Sep 1, 2019
CODE :Fiq9420
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
- എത്ര പ്രായം കുറഞ്ഞ കുട്ടിയുടെ മൂത്രമാണെങ്കിലും അത് നജസ് തന്നയാണ്. അതില്‍ ആണ്‍, പെണ്‍ എന്ന വ്യത്യാസമില്ല. എന്നാല്‍ പാലല്ലാതെ ഭക്ഷണമായി മറ്റൊന്നും കഴിക്കാത്ത രണ്ടു വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ മൂത്രം ലഘുവായ നജസായതിനാല്‍ ആ നജസിന്‍റെ തടി നീക്കിയ ശേഷം നജസായ എല്ലാ സ്ഥലത്തും വെള്ളം എത്തിച്ചാല്‍ മതി. ഇതല്ലാത്ത മറ്റു നജസുകളെ പോലെ വെള്ളം ഒലിപ്പിച്ചു കഴുകല്‍ നിര്‍ബന്ധമില്ല.
- നജസ് നീങ്ങി എന്ന് മനസ്സിലാക്കാനുള്ള മാനദണ്ഡം നിറം, മണം, രുചി എന്നിവ നീങ്ങലാകുന്നു. എത്ര പ്രയാസപ്പെട്ടു കഴുകിയിട്ടും നിറമോ മണമോ രണ്ടിലൊന്ന് മാത്രം ബാക്കിയാകുന്നതിന് വിരോധമില്ല. രുചി ശേഷിച്ചാല്‍ നജസ് നീങ്ങിയിട്ടില്ലെന്നുതന്നെ മനസ്സിലാക്കണം.
- ആമശയത്തില്‍ എത്തിയ ശേഷം തികട്ടുകയും കുട്ടിയുടെ വായിലൂടെ പുറത്തുവരികയും ചെയ്യു പാല്‍ നജസാകുന്നു.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.