￰അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്ത് നിന്നെ ഇനി ഒരിക്കലും എനിക്ക്‌ വേണ്ട എന്ന് ഭർത്താവ്‌ ഭാര്യയോട് പറഞ്ഞാൽ ത്വലാഖ് സംഭവിക്കുമോ ?,ആണെങ്കിൽ തിരിച്ചെടുക്കാൻ എന്താണ് മാർഗം ?

ചോദ്യകർത്താവ്

Shefeeqa

Sep 5, 2019

CODE :Fiq9421

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

‘അല്ലാഹവാണ് സത്യം നിന്നെ ഒരിക്കലും എനി്ക്ക് വേണ്ട’ എന്ന പരാമർശം ഒരു ഭർത്താവ് ഭാര്യയോട് നടത്തൽ ഹറാമാണ്. ആ വാക്ക് മൂന്ന് രീതിയിൽ വിലിയിരുത്താവുന്നതാണ്. ഒന്നാമതായി, അതിലെ ‘എനിക്ക് നിന്നെ വേണ്ട’ എന്നത് ത്വലാഖിന്റെ കിനായത്തായ പദമാണ്. അഥവാ ഈ പദം ത്വലാഖിനും അല്ലാത്തതിനും ഉപയോഗിക്കപ്പെടാം. അതിനാൽ ഇങ്ങനെ പറയുന്ന സമയത്ത് ഭാര്യയുടെ ത്വലാഖ് ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ ത്വലാഖ് പോകും. ഒരു ത്വലാഖാണ് ഉദ്ദേശിച്ചതെങ്കിൽ ഒന്നും രണ്ടാണെങ്കിൽ രണ്ടും മൂന്നാണെങ്കിൽ മൂന്നും ഒരു എണ്ണവും ഉദ്ദേശിച്ചില്ലെങ്കിൽ ഒന്ന് മാത്രവും പോകും. മൂന്നും പോയാൽ പിന്നെ വേറെ ഒരാൾ ആ സ്ത്രീയെ കല്യാണം കഴിക്കുകയും സംയോഗം ചെയ്യുകയും ത്വലാഖ് ചൊല്ലുകയും ചെയ്താലേ വീണ്ടും അവരെ കല്യാണം കഴിക്കാൻ  ഇയാൾക്ക് പറ്റൂ. ഒന്നോ രണ്ടോ ആണ് പോയതെങ്കിൽ  അവളുടെ ഇദ്ദ കഴിയുന്നതിന് മുമ്പ് ഞാൻ നിന്നെ/അവളെ മടക്കിയെടുക്കുന്നുവെന്ന് പറഞ്ഞ് മടക്കിയെടുക്കാവുന്നതാണ്. ഇദ്ദ കഴിഞ്ഞതിന് ശേഷമാണ് മടക്കിയെടുക്കുന്നതെങ്കിൽ വീണ്ടും നികാഹ് കഴിച്ച് ഒന്നിച്ച് കഴിയാവുന്നതുമാണ്. എന്നാൽ എനിക്ക് നിന്നെ ഒരിക്കലും വേണ്ട എന്ന് പറയുമ്പോൾ ത്വലാഖ് ഉദ്ദേശിച്ചിട്ടില്ലെങ്കിൽ ത്വലാഖ് സംഭവിക്കുകയില്ല. രണ്ടാമതായി, ‘എനിക്ക് നിന്നെ ഒരിക്കലും വേണ്ടായെന്ന് അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്ത്’ പറയുന്നത് ഈലാഇന്റെ കിനായത്തായ വാക്കാണ്. അഥവാ അങ്ങനെ പറയുന്ന സമയത്ത് അവളെ ഒരിക്കലും സംയോഗം ചെയ്യുകയില്ലായെന്ന് കരുതിയിട്ടുണ്ടെങ്കിൽ ത്വലാഖ് സംഭവിക്കുകയില്ലെങ്കിലും ആ സത്യം ലംഘിച്ച് പിന്നീട് അവളുമായി ലൈംഗിക ബന്ധത്തിലേർപ്പെടണമെങ്കിൽ അയാൾ ഇക്കാര്യത്തിൽ അല്ലാഹുവിനെക്കുൊണ്ട് സത്യം ചെയ്തതിന്റെ പ്രായ്ശ്ചിത്തം ചെയ്യണം. അഥവാ ഒരു വിശ്വാസിനിയായ അടിമസ്തീയെ മോചിപ്പിക്കണം, അല്ലെങ്കിൽ 10 മിസ്കീന്മാർക്ക്, ഓരോ മുദ്ദ് വീതം നാട്ടിലെ മുഖ്യാഹാരമോ, വസ്ത്രമോ നൽകണം, അതുമല്ലെങ്കിൽ മൂന്ന് ദിവസം നോമ്പനുഷ്ഠിക്കണം. മൂന്നാമതായി, ത്വലാഖോ ലൈംഗിക ബന്ധം നടത്താതിരിക്കലോ ഒന്നും കരുതാതെ വെറുതെ പറഞ്ഞതാണെങ്കിൽ ഒന്നും സംഭവിക്കുകയില്ല (മുഗ്നി, ഇആനത്ത്). അഥവാ ത്വലാഖ് സംഭവിക്കകയോ ഈലാഇന്റെ പ്രാശ്ചിത്തം നിർബ്ബന്ധമാകുകയോ ഇല്ല. എന്നാൽ അല്ലാഹു കൂട്ടിയിണക്കിയ ബന്ധത്തെ വേർപ്പെടുത്താൻ സാധ്യതയുള്ള ഇത്തരം പരാമർശങ്ങൾ നടത്താൻ പാടില്ല. കാരണം വല്ല കാരണത്താൽ ബന്ധം വേർപ്പടലോ സംയോഗം ചെയ്യാതിരിക്കലോ ഉദ്ദേശിച്ചു പോയാൽ നേരത്തേ പറഞ്ഞത് പോലെ കളി കാര്യമാകും. അല്ലാഹുവിന്റെ നിയമങ്ങൾ അർഹിക്കുന്ന പരിഗണന നൽകാതെ തട്ടിക്കളിക്കാനുള്ളതോ അല്ലാഹുവിന്റെ പരിധികൾ അതീവ ഗൌരവത്തോടെ പാലിക്കാതെ ലംഘിക്കാനുള്ളതോ അല്ല.

കൂടുതല്‍ അറിയാനും  അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter