വിഷയം: ‍ സ്ത്രീകളുടെ പ്രസവം നിർത്തൽ

സ്ത്രീകളുടെ പ്രസവം നിർത്തൽ വന്ധ്യംകരണ ശസ്ത്രക്രിയ തുടങ്ങിയ മാർഗങ്ങളിലൂടെ സ്ത്രീകളുടെ പ്രസവം സ്ഥിരമായി നിർത്തുന്നതിനുള്ള ഇസ്‌ലാമിക വിധി എന്താണ് ? പ്രസവം നിർത്തുന്നത് കൊണ്ട് സ്ത്രീകൾക്ക് ശാരീരികമായ വല്ല രോഗങ്ങളും ദോഷങ്ങളും ഉണ്ടാകും എന്ന് ഫിഖ്ഹ് പറയുന്നുണ്ടോ ?

ചോദ്യകർത്താവ്

Mishal

Feb 26, 2020

CODE :Fiq9615

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും  മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..

ഏത് മാർഗം ഉപയോഗിച്ചാണെങ്കിലും (ഗർഭ പാത്രത്തിന് തകരാറ് സംഭവിക്കുകയോ ഗർഭ ധാരണം അപകടകരമായകുകയോ സാധരാണ പ്രസവം അഥവാ സിസേറിയനല്ലാത്ത പ്രസവം അസാധ്യമാകുകയോ തുടങ്ങിയ) മതിയായ കാരണം കൂടാതെ സ്ത്രീകളുടെ പ്രസവം സ്ഥിരമായി നർത്തൽ ഹറാമാണ്.  അതു പോലെ (കുട്ടികളെ വളർത്തൽ, സ്ത്രീയുടെ ആരോഗ്യം വീണ്ടെടുക്കൽ തുടങ്ങിയ) മതിയായ കാരണം കൂടാതെ സ്ത്രീകളുടെ പ്രസവം താൽക്കാലികമായി നിർത്തൽ കറാഹത്താണ് (തുഹ്ഫ, ബുജൈരിമി, ശർവ്വാനീ, ഹാശിയത്തുന്നിഹായ, ജമൽ). പ്രസവം സ്ഥിരമായി നിർത്തുന്നതിന് മേൽ പറയപ്പെട്ടത് പോലുള്ള കാരണം ഉണ്ട് എന്ന് രണ്ട്  (ഇമാം അദറഈയുടെ അഭിപ്രായത്തിൽ ഒരാൾ മതി) വിദഗ്ദരായ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തൽ അത്യാവശ്യമാണ്. കാരണം കൂടാതെ ഇങ്ങനെ ചെയ്യുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും (മുഗ്നി).

പ്രസവം തുടർന്നാൽ ഗൌരവമായി സ്ത്രീയുടെ ആരോഗ്യത്തെ ബാധിക്കാത്ത സാഹചര്യത്തിൽ പ്രസവം നിർത്താൻ സർജ്ജറി ചെയ്യുന്നതും മരുന്ന് കഴിക്കുന്നതും അല്ലാഹു അനുഗ്രഹിച്ചു നൽകിയ തന്റെ ശാരീരിക പ്രകൃതത്തിന് വിരുദ്ധവും ശരീരത്തെ പ്രയാസപ്പെടുത്തുന്നതുമാണ്. രണ്ട് അണ്ഡ വാഹിനി കുഴലുകളുടേയും ഒരു ഭാഗം എടുത്ത് കളഞ്ഞിട്ടാണ് ഗർഭ നിയന്ത്രണ ശസ്ത്രക്രിയ ചെയ്യുന്നത്. തീർച്ചയായും അത് ഗർഭ പാത്രത്തിന്റേയും അനുബന്ധ അവയവങ്ങളുടേയും പ്രവർത്തനത്തെ ചെറിയ രൂപത്തിലെങ്കിലും ദോഷകരമായി ബാധിക്കും. പ്രസവം നിർത്തുന്നതിന്റെ പാർശ്വ ഫലങ്ങൾ പ്രസിദ്ധമാണല്ലോ. നമ്മുടെ ശരീരം നാം ഉണ്ടാക്കിയതോ നാം ഉടമായക്കിയതോ അല്ല. അല്ലാഹു തന്നതാണ്. അവനാണ് അതിന്റെ ഉടമ. അതിനാൽ ശരീരത്തന്റെ ഒരു ഭാഗവും അത്യവാശ്യമില്ലാതെ മുറിക്കാനോ മുറിപ്പെടുത്താനോ ഒഴിവാക്കാനോ പാടില്ല (തുഹ്ഫ). ശരീരത്തിന് ഹാനികരമായത് ചെയ്യരുതെന്ന് വിശുദ്ധ ഖുർആൻ അസന്നിഗ്ദമായി പ്രഖ്യാപിച്ചതാണ് (സൂറത്തുൽ ബഖറ).

അതുപോലെ പൂർണ്ണ ആരോഗ്യമുള്ളവർ പ്രസവം നിർത്താൻ ശ്രമിക്കുന്നതിന്റെ പ്രധാന കാരണം കുട്ടികളെ വളർത്താൻ സാധിക്കില്ല, അത് സാമ്പത്തികമായും മറ്റും ബാധ്യതയാകും എന്ന വികല ചിന്തയാണ്. ഈ ദുഷിച്ച ചിന്ത മുമ്പ് ആറാം നൂറ്റാണ്ടിലെ അറബികൾക്കുണ്ടായിരുന്നു. അതിനെ ശക്തമായി എതിർത്തു കൊണ്ട് അല്ലാഹു പറഞ്ഞു: “ദാരിദ്രം ഭയന്ന് നിങ്ങൾ നിങ്ങളുടെ മക്കളെ കൊല്ലരുത്. അവർക്കും നിങ്ങൾക്കും നാമാണ് ജീവിത വിഭവങ്ങൾ നൽകുന്നത്. നിങ്ങൾ അവരെ കൊല്ലുകയാണെങ്കിൽ അത് മഹാ അപരാധമായിരിക്കും” (സൂറത്തുൽ ഇസ്റാഅ്). മക്കൾ അനുഗ്രഹമാണ്. അവർ നമ്മുടെ രിസ്ഖ് വിശാലമാക്കുന്ന സുപ്രധാന ഘടകങ്ങളാണ്. നാം എത്ര ശ്രമിച്ചാലും നമുക്ക് മക്കളെ സ്വന്തമായി ഉൽപാദിപ്പിക്കാൻ കഴിയില്ല. അത് അല്ലാഹു തന്നെ ഉദ്ദേശിക്കണം. അവൻ ഏതൊരു മനുഷ്യനേയും ജീവിയേയും സൃഷ്ടിക്കുമ്പോൾ തന്നെ അവയ്ക്കുള്ള രിസ്ഖ് കൂടി കണക്കാക്കുകയും സംവിധാനക്കുകയും ചെയ്യുന്നുണ്ട്. അത് അല്ലാഹു ഉത്തരവാദിത്തമായി ഏറ്റെടുത്തിട്ടുണ്ട് (സൂറത്തു ഹൂദ്).

അല്ലാഹുവിൽ ശരിയായി വിശ്വസിക്കുന്ന ഒരാൾ ഇക്കാര്യത്തിൽ ആശങ്കപ്പെടില്ല. അല്ലാഹു ഇങ്ങനെയൊക്കെ ഉറപ്പ് തന്നിട്ടും മക്കളെ പോറ്റുന്ന കാര്യത്തിൽ ആശങ്കപ്പെടുകയും ഉള്ളിന്റെയുള്ളിൽ അല്ലാഹുവിനെക്കുറിച്ച് ഒരു തരം അവിശ്വാസം വന്നു ചേരുകയും ചെയ്യുന്നു വെന്നതാണ് നമ്മുടെ ജീവിതവും ചിന്താഗതിയും ഇടുങ്ങാനുള്ള കാരണം. അല്ലാഹുവിൽ എപ്പോഴും ശുഭാപ്തി വിശ്വാസം നിലനിർത്തുക. നബി (സ്വ) അരുൾ ചെയ്തു: “അല്ലാഹു തആലാ പറഞ്ഞു: ‘എന്റെ അടിമ എന്നെക്കുറിച്ച് എന്ത് ചിന്തിക്കുന്നുവോ അതിനനുസരിച്ചായിരിക്കും ഞാൻ അവനോട് പെരുമാറുക. അവൻ എന്റെ പക്കലുള്ള ഖൈറാണ് എപ്പോഴും ഉദ്ദേശിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നതെങ്കിൽ അത് അവന് ലഭിച്ചു കൊണ്ടേയിരിക്കും, അതു പോലെ എന്നെക്കുറിച്ചും എന്നിൽ നിന്ന് വല്ലതും ലഭിക്കുന്നതിനെക്കുറിച്ചും എപ്പോഴും ആശങ്കയിലും ഒരു തരം അവിശ്വാസത്തിലും പ്രതീക്ഷയില്ലായ്മയിലുമാണ് ഒരാൾ കഴിയുന്നതെങ്കിൽ അവന് അവന്റെ ചിന്താഗതിക്കനുസരിച്ചുള്ളതേ എന്നിൽ നിന്ന് ലഭിക്കൂ’” (ബുഖാരി, മുസ്ലിം, തിർമ്മിദി, നസാഈ, ഇബ്നു മാജ്ജഃ)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter