ഒരാൾ ജനാബത്ത് കുളി കുളിച്ചു. അതിന് ശേഷം അയാൾ ചൊറിഞ്ഞത് കൊണ്ടോ മറ്റോ മുമ്പ് കഴുകിയ സ്ഥലത്ത് നിന്ന് തൊലിയുടെ കുറച്ച് ഭാഗം നഷ്പ്പെട്ടു.അത് പോലെ കഴുകിയ തലയിൽ നിന്നും തോർത്തിയത് കൊണ്ടോ മാന്തിയത് കൊണ്ടോ മുടിയും താരൻ കൊണ്ടോ മറ്റോ തലയിലെ കുറച്ച് തൊലിയും മറ്റ് സ്ഥലത്തുള്ള രോമവും നഷ്ടപ്പെട്ടു. അതിന് ശേഷമാണ് ശരീരത്തിലെ മറ്റൊരു ഭാഗത്ത് വെള്ളമെത്തിയില്ല എന്ന് കണ്ടത്. ഈ അവസരത്തിൽ ഇവിടെയൊക്കെ മാറ്റി കഴുകണോ? നഷ്ടപ്പെട്ട തൊലിയും മുടികളുമൊക്കെ പെറുക്കിയെടുത്ത് കഴുകണോ? അത് പോലെ കുളിക്കുന്നതിന് മുമ്പ് ആണ് ഇത് സംഭവിക്കുന്നതെങ്കിൽ ഈ വേർപെട്ട ഭാഗങ്ങളൊക്കെ പെറുക്കിയെടുത്ത് കഴുകണോ? അത് പോലെ ഡെഡ് സ്കിനുകൾ ഉണ്ടായാൽ കുളി ശരിയാവുമോ? (വുളുഇന്റ വിഷയത്തിലും കൂടിയാണ് ഈ ചോദ്യം)
ചോദ്യകർത്താവ്
MUHAMMAD IQBAL M
Jul 25, 2020
CODE :Fiq9928
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ജനാബത്ത് കുളി കഴിഞ്ഞ ശേഷം ഏതെങ്കിലും ഭാഗത്ത് വെള്ളമെത്താത്തതായി കണ്ടാല്‍ ആ ഭാഗം മാത്രം കഴുകിയാല്‍ മതി. മുടിയോ ശരീരത്തിന്‍റെ മറ്റേതെങ്കിലും ഭാഗമോ കൊഴിഞ്ഞുപോയാലും അവിടെയൊന്നും മടക്കേണ്ടതില്ല. കാരണം ആ ഭാഗത്ത് വെള്ളമെത്തുന്നതോടെ അവിടത്തെ ജനാബത്ത് ഉയരുന്നതാണ്. ആയതിനാല്‍ നഷ്ടപ്പെട്ട തൊലിയോ മുടിയോ പെറുക്കിയെടുത്ത് കഴുകേണ്ടതുമില്ല.
കുളിക്കുന്നതിന് മുമ്പ് ശരീരത്തില്‍ നിന്ന് നഖം, മുടി, രക്തം, മറ്റു ശരീരഭാഗങ്ങളൊന്നും നീക്കാതിരിക്കല്‍ സുന്നത്താണ്. അറിയാതെ വീണുപോകുന്നതുകൊണ്ട് കുഴപ്പമില്ല. മനഃപൂര്‍വ്വം നീക്കിയാല്‍ പോലും അവ കഴുകേണ്ടതില്ല. അവ കഴുകാതെ കുളിച്ചാലും ഫര്‍ളായ കുളി ശരിയാകുന്നതാണ്.
മുറിവോ മറ്റോ ഉണ്ടാവുമ്പോള്‍ അവ സുഖപ്പെടുന്നത് ഡെഡ്സ്കിന്‍ രൂപപ്പെട്ടു ഉണങ്ങിയാണല്ലോ. ഫര്‍ള്കുളി നിര്‍വഹിക്കുമ്പോള്‍ മുറിവിനു മുകളിലുള്ള ഇത്തരം സ്കിനുകള്‍ പൊളിച്ചെടുക്കേണ്ടതില്ല. ഉള്ളിലേക്ക് ദ്വാരമുള്ള സ്ഥലമാണെങ്കില്‍ അവിടേക്ക് വെള്ളമെത്തിക്കേണ്ടതാണ്.
വുളൂഇലും മുകളില്‍ പറഞ്ഞതുതന്നെയാണ് വിധി. പക്ഷേ, വുളൂഇനിടയിലോ വുളൂ കഴിഞ്ഞ ശേഷമോ വെള്ളമെത്തിക്കല്‍ നിര്‍ബന്ധമായ ഏതെങ്കിലും ഭാഗത്ത് വെള്ളമെത്തിയിട്ടില്ലെന്ന് ഉറപ്പായാല്‍ ആ ഭാഗത്ത് വെള്ളമെത്തിക്കുന്നതോടൊപ്പം പിന്നീട് അതിന് ശേഷമുള്ളവ മുഴുവന്‍ വീണ്ടും ചെയ്യേണ്ടതാണ്. കാരണം വുളൂഇല്‍ തര്‍തീബ് നിര്‍ബന്ധമാണല്ലോ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.