നോമ്പ് ബാത്തിൽ ആക്കിയവന്റെ കഫ്ഫാറത് എന്താണ്? നോമ്പിനെ ബാത്തിൽ ആക്കുന്ന കാര്യം ഒരേ ദിവസം ഒന്നിലധികം പ്രാവശ്യം ചെയ്‌താൽ ഓരോന്നിനും വെവ്വേറെ കഫ്ഫാറത് ചെയ്യാണോ ?
ചോദ്യകർത്താവ്
Hamza
Aug 31, 2018
CODE :Fiq8894
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
സംയോഗം കൊണ്ടല്ല നോമ്പ് മുറിച്ചതെങ്കിൽ ആ നോമ്പ് ഖളാഅ് വീട്ടലാണ് അതിന്റെ കഫ്ഫാറത്ത്. കാരണം കൂടാതെയാണെങ്കിൽ വേഗം ഖളാഅ് വീട്ടണം. തൌബ ചെയ്യുകയും വേണം. എന്നാൽ നോമ്പ് മുറിച്ചിട്ട് അടുത്ത റമളാൻ ആകുന്നതിന് മുമ്പ് അത് ഖളാഅ് വീട്ടിയില്ലെങ്കിൽ പിന്നെ ഖളാഅ് വീട്ടലോടൊപ്പം ഓരോ മുദ്ദ് വീതം കൊടുക്കണം. കൊല്ലം കൂടുന്നതിനനുസരിച്ച് മുദ്ദിന്റെ എണ്ണവും കൂടും
സംയോഗം മൂലമാണ് നോമ്പ് മുറിച്ചതെങ്കിൽ ആ നോമ്പ് ഖളാഅ് വീട്ടുന്നതോടൊപ്പം ഒരു വിശ്വാസിനിയായ അടിമ സ്ത്രീയെ മോചിപ്പിക്കണം. അതിന് കഴിയില്ലെങ്കിൽ (ഇന്നത്തെ കാലത്ത് അടിമ സമ്പ്രദായമില്ലാത്തതിനാൽ അതിന് കഴിയില്ല, അപ്പോൾ) തുടർച്ചയായി 60 ദിവസം നോമ്പനുഷ്ഠിക്കണം. അസുഖം, വാർദ്ധക്യം തുടങ്ങിയ കാരണങ്ങളാൽ അതിന് സാധിക്കില്ലെങ്കിൽ 60 മിസ്കീന്മാർക്കോ ദരിദ്രർക്കോ ഓരോ മുദ്ദ് വീതം ഭക്ഷണം നൽകണം.
വാർദ്ധക്യം, മാറാവ്യാധി തുടങ്ങി രോഗ ശമനമോ ആരോഗ്യമോ പ്രതീക്ഷിക്കാൻ കഴിയാത്തവർ നോമ്പ് നോൽക്കേണ്ടതില്ല, ഖളാഅ് വീട്ടേണ്ടതുമില്ല. എന്നാൽ ഓരോ നോമ്പിനും പകരം ഓരോ മുദ്ദ് വീതം നൽകണം. അതു പോലെ കുട്ടിയെ മുലയൂട്ടുന്നവളും ഗർഭിണിയും കുട്ടിയുടെ ആരോഗ്യസ്ഥിതി പേടിച്ച് നോമ്പ് മുറിക്കുകയാണെങ്കിൽ ആ നോമ്പ് ഖളാഅ് വീട്ടുകയും ഒരോ നോമ്പിനും ഓരോ മുദ്ദ് കൊടുത്തു വീട്ടുകയും വേണം.
നോമ്പ് ഒരാൾക്ക് ഒരു ദിവസം ഒന്നിലധികം കാര്യങ്ങൾ കൊണ്ട് മുറിക്കാൻ കഴിയില്ല. കാരണം നോമ്പ് മുറിയുന്ന ഏതെങ്കിലും ഒരു കാര്യം ചെയ്താൽ അതോടെ നോമ്പ് മുറിഞ്ഞു. പിന്നെ അയാൾ നോമ്പുകാരനല്ല. കാരണം കൂടാതെ നോമ്പ് മുറിച്ചാൽ പിന്നീട് അസ്തമയം വരേ നോമ്പുകാരനെപ്പോലെത്തന്നെ കഴിയൽ നിർബ്ബന്ധമാണ്. അഥവാ നോമ്പ് മുറിച്ചതിന് ശേഷം വീണ്ടും നോമ്പ് മുറിക്കുന്ന കാര്യങ്ങൾ ചെയ്യൽ ഹറാമാണ്. എന്നാൽ അതിന് കഫ്ഫാറത്തില്ല. ആഖിറത്തിൽ ശിക്ഷയുണ്ടാകും. അതിനാ. തൌബ ചെയ്യണം. (തുഹ്ഫ, ഫത്ഹുൽ മുഈൻ).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.