ഭാര്യ ഗർഭിണിയാണ്. നോമ്പ് എടുക്കണ്ട എന്നാണ് മുസ്ലിം ഡോക്ടർ പറഞ്ഞിരിക്കുന്നത്.. അപ്പോൾ നോമ്പെടുക്കാത്തതിന് ഇപ്പോ തന്നെ മുദ്ദ് കൊടുക്കേണ്ടി വരുമോ? എങ്ങനെയാണു ഇതിന്റെ മസ്ഹലകൾ ? അത് പോലെ പ്രസവം കഴിഞ്ഞു നോമ്പെടുക്കാൻ പറ്റാതിരിക്കുമ്പോഴും ഉള്ള മുദ്ദ് എങ്ങനെ ? നോമ്പ് എപ്പോഴാണ് ഖളാ വീട്ടേണ്ടത്.. വിശദീകരിച്ചാലും
ചോദ്യകർത്താവ്
Fahad
May 8, 2019
CODE :Fiq9266
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഗര്‍ഭാവസ്ഥയിലും പ്രസവത്തിന് ശേഷവും ഭാര്യക്ക് നോമ്പ് നോൽക്കാൻ ആരോഗ്യകരമായ പ്രയാസം ഉണ്ടായത് കൊണ്ടാണ് നോമ്പ് ഒഴിവാക്കിയതെങ്കിൽ ഖളാആയ നോമ്പ് ഖളാഅ് വീട്ടിയാൽ മതി, മുദ്ദ് കൊടുക്കേണ്ട ആവശ്യമില്ല. അടുത്ത വർഷത്തെ റമളാൻ ആകുന്നത് വരേ നോമ്പ് ഖളാഅ് വീട്ടാതിരുന്നാൽ പിന്നീട് ഓരോ നോമ്പും ഖളാഅ് വീട്ടുന്നതിനോടൊപ്പം ഒരു മുദ്ദ് വീതം കൊടുത്തു വീട്ടുകയും ചെയ്യണം. അങ്ങനെ എത്ര വർഷം ഖളാഅ് വീട്ടാതിരിക്കുന്നുവോ അത്രയും വർഷങ്ങളുടെ എണ്ണത്തിനനുസരിച്ച് മുദ്ദുകളുടെ എണ്ണവും വർദ്ധിക്കും. എന്നാൽ നോമ്പ് നോൽക്കാൻ കഴിയാതിരുന്ന അതേ പ്രയാസം കാരണമാണ് വർഷം മുഴുവനും നോമ്പ് ഖളാഅ് വീട്ടാൻ കഴിയാതിരുന്നത് എങ്കിൽ ഒരു വർഷം തികഞ്ഞു എന്ന കാരണത്താൽ മുദ്ദ് നിർബ്ബന്ധമാകില്ല.
ഇനി ഗര്‍ഭാവസ്ഥയില്‍ കുട്ടിക്കെന്തെങ്കിലും പ്രയാസം ഉണ്ടാകും എന്ന് ആശങ്കപ്പെട്ടിട്ടോ പ്രവസവത്തിന് ശേഷം കുട്ടി മുലകുടിക്കാന്‍ പാല് കുറയുമെന്നോ മറ്റോ ഭയപ്പെട്ടിട്ടോ ആണ് നോമ്പ് നോല്‍ക്കാതിരുന്നത് എങ്കില്‍ ആ നോമ്പ് ഖളാഅ് വീട്ടുന്നതോടൊപ്പം ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം കൊടുത്തു വീട്ടണം. അടുത്ത റമളാന്‍ വരേ ഖളാഅ് വീട്ടിയിട്ടില്ലെങ്കില്‍ അങ്ങനെ പിന്തിച്ചതിന് നേരത്തേ പറഞ്ഞത് പോലെ ഓരോ വര്‍ഷത്തിനും വെവ്വേറെ മുദ്ദ് വേറെയും കൊടുക്കണം. എന്നാല്‍ നോമ്പ് ഒഴിവാക്കാനുള്ള കാരണമായ മുല കുടിയോ മറ്റോ കാരണം തന്നെയാണ് ആ വര്‍ഷം മുഴുവനും നോമ്പ് ഖളാഅ് വീട്ടാന്‍ കഴിയാതിരുന്നതെങ്കില്‍ അടുത്ത റമളാന്‍ വരേ കാരണം കൂടാതെ പിന്തിച്ചു എന്നതിനുള്ള മുദ്ദ് നിര്‍ബ്ബന്ധമാകില്ല (ശറഹുല്‍ മുഹദ്ദബ്, തുഹ്ഫ)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.