ഇപ്പോള്‍ എല്ലാവരും കൊറോണയുടെ ഭീതിയിലാണല്ലോ. തൊണ്ട വരണ്ടുപോവുന്ന സാഹചര്യമുണ്ടാവാതിരിക്കലാണ് ഇതിന് പരിഹാരമെന്ന് പറയപ്പെടുന്നു. ബാധിച്ചവര്‍ക്ക് സുഖപ്പെടാനും ഇല്ലാത്തവര്‍ക്ക് ഉണ്ടാവാതിരിക്കാനും അത് ആവശ്യമാണത്രെ. ഇത്തരം സാഹചര്യത്തില്‍ റമദാന്‍ നോമ്പ് ഒഴിവാക്കാന്‍ ന്യായമുണ്ടോ?

ചോദ്യകർത്താവ്

റഫീഖ്, ആലപ്പുഴ

Apr 23, 2020

CODE :Fiq9730

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ആദ്യമായി ലോകത്തെ മുഴുക്കെ ഗ്രസിച്ച ഈ മഹാമാരിയില്‍നിന്ന് എത്രയും വേഗം മോചനം സാധ്യമാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഇത് ബാധിച്ചവര്‍ക്ക് രോഗശമനവും അല്ലാത്തവര്‍ക്ക് രക്ഷയും ലഭിക്കട്ടെ.
ഈ വിപത്തിനിടയിലാണ് വിശുദ്ധ റമദാന്‍ കടന്നുവരുന്നത്. ചോദ്യത്തില്‍ പറയുന്ന പോലെ, തൊണ്ട വരളാതിരിക്കുക എന്നത് ഇതിന് പ്രധാനമാണെന്ന് വിദഗ്ധര്‍ പറഞ്ഞതായി കാണുന്നു. അതേ സമയം, വിശുദ്ധ റമദാനിലെ നോമ്പ് എടുക്കാതിരിക്കാന്‍ ഇത് ന്യായമായ കാരമാണോ എന്ന് പലരും അന്വേഷിക്കുന്നുണ്ട്. ഇത് കോവിഡിനെകുറിച്ചുള്ള കേവല ഭീതി മാത്രം വെച്ച് പൊതുവായി പറയാനാവില്ല, മറിച്ച് താഴെ പറയും വിധം അല്‍പം വിശദീകരണം വേണ്ടതാണ്. 
കോവിഡിനെ അഭിമുഖീകരിക്കുന്നവരെ നമുക്ക് മൂന്നായി തിരിക്കാം, അസുഖം ബാധിച്ചവര്‍, ബാധിച്ചവരുമായി നേരിട്ട് ഇടപെട്ടതിനാല്‍ നിരീക്ഷണത്തിലുള്ളവര്‍, കേവലം ആശങ്കയിലായി കഴിയുന്ന മറ്റുള്ളവര്‍. 
ഇതില്‍ ഒന്നാമത്തെ വിഭാഗത്തിനും ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്ന പക്ഷം രണ്ടാം വിഭാഗത്തിനും ഇത് നോമ്പെടുക്കാതിരിക്കാനുള്ള ന്യായമായ കാരണമാണെന്ന് പറയേണ്ടതില്ല. മാത്രവുമല്ല, നോമ്പെടുക്കുന്ന പക്ഷം അസുഖം വരുമെന്നോ ബാധിച്ച അസുഖം സുഖപ്പെടാന്‍ കാലതാമസം എടുക്കുമെന്നോ ഉറപ്പായാല്‍ നോമ്പ് ഒഴിവാക്കല്‍ നിര്‍ബന്ധമാണെന്ന് വരെ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പറഞ്ഞുവെക്കുന്നുണ്ട്. അത് പാലിക്കാതെ അമിതമായ ആവേശം കാണിച്ച് നോമ്പെടുക്കുകയും അതേ തുടര്‍ന്ന് അവന്റെ ശരീരത്തിനോ ജീവനോ ഹാനി സംഭവിക്കുകയും ചെയ്താല്‍ അതിന് അവന്‍ കുറ്റക്കാരനാണെന്ന് വരെ പണ്ഡിതര്‍ പറയുന്നതായി കാണാം. എന്നാല്‍, കേവലം ആശങ്കയിലായി നില്‍ക്കുന്ന മറ്റുള്ളവര്‍ക്ക് ഈ ഒരു കാരണം കൊണ്ട് മാത്രം നോമ്പ് ഒഴിവാക്കാവുന്നതല്ല. അതേ സമയം, അവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ഇതിന്റെ ലക്ഷണങ്ങള്‍ പ്രകടമാവുകയും സാധ്യതാപട്ടികയിലേക്ക് നീങ്ങുകയും ചെയ്യുന്ന പക്ഷം, അവര്‍ക്കും നോമ്പ് മുറിക്കാവുന്നതാണ്. 
മനുഷ്യന്റെ സ്വത്തിനും ജീവനും ആരോഗ്യത്തിനും ഏറെ വില കല്‍പിക്കുന്നതാണ് നമ്മുടെ ഇസ്‍ലാം. അത് കൊണ്ട് തന്നെ, ആരോഗ്യത്തെ ബാധിക്കുമെന്ന് ഉറപ്പോ ഏകദേശ ധാരണയോ ഉള്ളഘട്ടങ്ങളില്‍ ആരാധനകളില്‍ ഇളവുകള്‍ നല്‍കപ്പെടുന്നു എന്ന് മാത്രമല്ല, ആരോഗ്യ കാലത്ത് അത് ചെയ്യുന്നവര്‍ക്കെല്ലാം അനാരോഗ്യസമയത്തും സമാനമായ പ്രതിഫലം നല്‍കുക കൂടി ചെയ്യുന്നു എന്നത് ഇസ്‍ലാമിന്റെ വലിയൊരു സൌന്ദര്യവും സല്‍കര്‍മ്മികളായ വിശ്വാസികള്‍ക്ക് പ്രപഞ്ചനാഥന്‍ നല്‍കുന്ന ആനുകൂല്യവുമാണ്. അബൂമൂസാ(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, പ്രവാചകര്‍ പറഞ്ഞു, അടിമ അസുഖബാധിതനാവുകയോ യാത്രക്കാരനാവുകയോ ചെയ്യുമ്പോള്‍, ആരോഗ്യകാലത്തും സ്വദേശവാസകാലത്തും ചെയ്തിരുന്നതിനെല്ലാം തുല്യമായ പ്രതിഫലം തന്നെ നല്‍കപ്പെടുന്നതാണ് (ബുഖാരി)
ആയതിനാല്‍, രോഗം ബാധിച്ചവരൊന്നും തന്നെ, ഈ വര്‍ഷത്തെ നോമ്പ് നഷ്ടമാവുമല്ലോ എന്നോര്‍ത്ത്, വിശ്വാസിക്ക് വിഷമം തോന്നുക സ്വാഭാവികമെങ്കിലും, അധികം സങ്കടപ്പെടേണ്ടതില്ല, കാരുണ്യവാനായ അല്ലാഹു പ്രതിഫലം നല്കാതിരിക്കില്ല, കൂടെ, നോമ്പ് നഷ്ടമാവുകയാണല്ലോ എന്ന് ചിന്തിക്കുന്ന ആ നല്ല മനസ്സിന് കൂടി പ്രതിഫലം ലഭിക്കുകയും ചെയ്യും. ഐസൊലേഷനിലുള്ള ചില ആളുകള്‍ വരെ ഇക്കാര്യം പ്രത്യേകം അന്വേഷിച്ച് വിളിക്കുന്നുണ്ട്. ഈ ഒരസുഖം ബാധിച്ചിരിക്കുമ്പോഴും ആരാധനാകര്‍മ്മങ്ങളെകുറിച്ചും അവ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചും ചിന്തിക്കുന്നവരെ പ്രത്യേകം അഭിനന്ദിക്കട്ടെ. റമദാനിനോടുള്ള നിങ്ങളുടെ ആത്മാര്‍ത്ഥമായ സ്നേഹം അല്ലാഹു കാണാതിരിക്കില്ല, ഒരു പക്ഷേ, അത് തന്നെ നിങ്ങളുടെ അസുഖശമനത്തിന് കാരണമാവുക കൂടി ചെയ്തേക്കാം, കാരണം നിങ്ങളുടെ വിശ്വാസത്തിനും ദീനീ ബോധത്തിനും മുന്നില്‍ കോവിഡ് പോലും പരാജയപ്പെട്ടുവെന്നതാണല്ലോ അത് തെളിയിക്കുന്നത്. അല്ലാഹു സ്വീകരിക്കട്ടെ.
അതോടൊപ്പം, എല്ലാവരും ഇത് വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക, അത്രയേ നമുക്ക് ചെയ്യാനൊക്കൂ, ബാക്കി അല്ലാഹുവിന് വിടുക. വിധിച്ചതൊക്കെ വരാതിരിക്കില്ല എന്നാണല്ലോ നാം വിശ്വസിക്കുന്നത്. ഒരു ഹദീസ് ഇങ്ങനെ വായിക്കാം, വിശ്വാസിയുടെ കാര്യം എത്ര അല്‍ഭുതം, അവന് സന്തോഷകരമായ കാര്യമുണ്ടായാല്‍ അവന്‍ അല്ഹംദുലില്ലാഹ് പറയും, അത് അവന് ഖൈറാണ്. പ്രയാസം വന്നാല്‍ അത് ക്ഷമാപൂര്‍വ്വം നേരിടും, അതും അവന് ഖൈര്‍ തന്നെ. അല്ലാഹു ഇത്തരം സുദൃഢ വിശ്വാസികളില്‍ നമ്മെയും ഉള്‍പ്പെടുത്തട്ടെ. വിശുദ്ധ റമദാനിന്റെ പുണ്യം കൊണ്ട് എത്രയും വേഗം ഈ മഹാമാരിയില്‍നിന്ന് മനുഷ്യകുലത്തെ രക്ഷിക്കുമാറാവട്ടെ.

 

ASK YOUR QUESTION

Voting Poll

Get Newsletter