ഞാന്‍ ഒരു ബിസിനസ്സ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു. കൂടെ ഒരു പാര്‍ട്ണര്‍ ഉണ്ട്. അദ്ദേഹത്തിന്റെ ഷയര്‍ ബാങ്ക് ലോണാണ്. ഈ ബിസിനസ്സില്‍ നിന്ന് കിട്ടുന്ന ലാഭം എനിക്ക് ഹലാലാണോ?. ഇസ്‍ലാമിക് ബാങ്കില്‍ നിന്നാണ് ലോണെടുക്കുന്നതെങ്കില്‍?.

ചോദ്യകർത്താവ്

ജഫ്സല്‍ വി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സമ്പാദനം നല്ല പ്രവര്‍ത്തനം തന്നെ. സകാത്, ഹജ്ജ്, സ്വദഖ, ചെലവിനു കൊടുക്കേണ്ടവര്‍ക്ക് അത് നല്‍കല്‍ തുടങ്ങി നിര്‍ബന്ധവും സുന്നതുമായ എല്ലാ സാമ്പത്തികമായ ഇബാദതിനും സമ്പാദനം ആവശ്യമാണല്ലോ. ചുരുക്കത്തില്‍ മേല്‍പറയപ്പെട്ട ലക്ഷ്യത്തോടെയാവുമ്പോള്‍ സമ്പാദനം ഒരു ഇബാദതും സല്‍കര്‍മ്മവുമാണ് എന്നര്‍ത്ഥം. ആ പുണ്യകരമായ ഇബാദത് ഒരു ഹറാമായ കര്‍മ്മമാക്കിമാറ്റുന്നത് മുഅ്മിനിനു യോജിച്ചതല്ല. അങ്ങനെ ഹറാം സമ്പാദിക്കുന്നതിലൂടെ സ്വയം ഹറാം ഭക്ഷിക്കുക മാത്രമല്ല മാതാപിതാക്കള്‍ ഭാര്യസന്താനങ്ങള്‍ തുടങ്ങിയവര്‍ക്ക് ഹറാം ഭക്ഷിപ്പിക്കുക കൂടെയാണ് നാം ചെയ്യുന്നത്. മാത്രമല്ല ദിവസം മുഴുവന്‍ ഹറാം സമ്പാദനത്തില്‍ വ്യപൃതനാവുകയെന്ന വലിയ പാപവും അവിടെ വന്നു ചേരുന്നു. അത് കൊണ്ട് തന്നെ വളരെ കുറച്ചാണെങ്കിലും ഉള്ള സമ്പത്ത് പരിശുദ്ധമാക്കാനാണ് സത്യവിശ്വാസി ശ്രദ്ധിക്കേണ്ടത്. നാഥന്‍ തുണക്കട്ടെ. കച്ചവടാവശ്യാര്‍ത്ഥം ഒന്നിലധികം പേര്‍ തങ്ങളുടെ മുടക്കുമുതല്‍ ഒന്നിച്ചു ചേര്‍ത്ത് പങ്കാളികാളാകലാണല്ലോ പാര്‍ടണര്‍ഷിപ്പ്. ഹറാമായ സമ്പത്തുകള്‍ ഒരു വ്യക്തിയുടെ ഉടമസ്ഥാവകാശത്തിലുള്ളതായി ഇസ്‍ലാം പരിഗണിക്കുന്നേയില്ല. ഹറാമായ സമ്പത്ത് മാത്രം കൈവശമുള്ളവനു ഹജ്ജ് സകാത് തുടങ്ങി സമ്പത്തുമായി ബന്ധപ്പെട്ട ഇബാദതുകളൊന്നുമില്ലെന്നാണ് ശരീഅതിന്റെ കാഴ്ചപ്പാട്. പലിശ നിബന്ധനവെച്ച് നടത്തുന്ന ഇടപാടുകള്‍ ശരിയാകില്ല. പലിശ നിബന്ധന വെച്ച് കടം വാങ്ങിയാല്‍ കടം വാങ്ങിയ സംഖ്യയില്‍ ക്രയവിക്രയങ്ങല്‍ അനുവദനീയമല്ല. ആയതിനാല്‍ ബാങ്കില്‍ നിന്നോ മറ്റോ പലിശക്ക് ലോണെടുത്ത സംഖ്യ ഹറാമായ സമ്പത്തായതിനാല്‍ ആ സമ്പത്തിന്റെ ഉടമയുമൊത്തുള്ള പാര്‍ട്ണര്‍ഷിപ്പ് ബിസിനസ്സ് അനുവദനീയമല്ല. നിഷിദ്ധമാണ്.  അതിനു സാധുതയുമില്ല. കാരണം അദ്ദേഹത്തിന്റേത് ശരീഅത് സമ്പത്തായി പരിഗണിക്കുന്ന മുടക്കുമുതലല്ല. അത് കൊണ്ട് ഹറാമായ പാര്‍ട്ണറുടെ മുടക്ക്മുതല്‍ അദ്ദേഹത്തിനു തന്നെ തിരിച്ചു നല്‍കണം. അയാള്‍ നല്‍കിയ സമ്പത്തില്‍ ഹറാമും ഹലാലും ഉണ്ടെങ്കില്‍ അയാളോടൊത്തുള്ള പങ്കുകച്ചവടം കറാഹതുമാണ്. ലോണെടുത്തത് ഇസ്‍ലാമിക് ബാങ്കിംഗില്‍ നിന്നാണോ മറ്റു ബാങ്കുകളില്‍ നിന്നാണോ എന്നല്ല പലിശ നിബന്ധന വെച്ചിട്ടുണ്ടോ ഇല്ലയോ എന്നാണ് ശ്രദ്ധിക്കേണ്ടത്. ഇസ്‍ലാമിക് ബാങ്കില്‍ പലിശയുണ്ടോ എന്നറിയാന്‍ ഇവിടെ വായിക്കുക. പാര്‍ട്ണര്‍ഷിപ്പ് ബിസിനസിനെ കുറിച്ച് കൂടുതലറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. പാര്‍ട്ണര്‍ഷിപ്പ് ബിസിനസിന്റെ കര്‍മ്മശാസ്ത്രം ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്.കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അവന്‍ തൗഫീഖ് നല്‍കട്ടെ. ആമീന്‍

ASK YOUR QUESTION

Voting Poll

Get Newsletter