ഞാൻ ഇപ്പൊ ഒരു കടക്കെണിയിലാണ് ഉള്ളത്. എനിക്ക് ആ കടങ്ങൾ വീട്ടാൻ യാതൊരു നിർവാഹവുമില്ല. എന്‍റെ ഇപ്പോഴത്തെ ബിസിനസ് മുന്നോട്ട് പോകാൻ ആ കടങ്ങൾ വീട്ടൽ നിര്‍ബന്ധമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ കൊടുക്കാനുള്ളവർ എല്ലാവരും എന്നെ അപായപ്പെടുത്താൻ വരെ സാധ്യതയുണ്ട്. എന്‍റെ മുമ്പിൽ ഇപ്പോൾ ഏക വഴി ബാങ്ക് ലോൺ ആണ്. അത് കിട്ടിയാൽ എനിക്ക് കടങ്ങൾ വീട്ടാൻ സാധിക്കും. ഈ ഒരു അവസ്ഥയിൽ എനിക്ക് ലോൺ എടുക്കാൻ പറ്റുമോ?

ചോദ്യകർത്താവ്

Saleem

Mar 3, 2021

CODE :Fin10069

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

അല്ലാഹു തആലാ നിങ്ങളുടെ കടബാധ്യതകളെല്ലാം തീര്‍ത്ത് നല്ല രീതിയില്‍ ഹലാലായ സമ്പത്ത് കൊണ്ട് ബിസിനസ് നടത്താനുള്ള തൌഫീഖ് നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍ എന്ന് ആമുഖമായി ദുആ ചെയ്യട്ടെ..

ഭാരിച്ച കടബാധ്യത വന്ന ഈ സാഹചര്യത്തില്‍ എങ്ങനെയെങ്കിലും കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാനാണല്ലോ താങ്കള്‍ ബാങ്ക് ലോണ്‍ ആശ്രയിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത്തരം സാഹചര്യങ്ങളില്‍ ബാങ്ക് ലോണില്‍ ആശ്രയം കണ്ടെത്തുന്ന പലരും പിന്നീടത് തിരിച്ചടക്കാനാവാതെ അതിലും വലിയ കടക്കെണിയിലകപ്പെടുന്നതായാണ് പലപ്പോഴും കാണാറുള്ളത്. ആയതിനാല്‍ മതവിധിയെ മാനിക്കുന്നില്ലെങ്കില്‍ പോലും താങ്കളുടെ ഈ പ്രയാസഘട്ടം മറികടക്കാനുള്ള മറ്റു പോംവഴികളാലോചിക്കലാണ് ഉത്തമം.

ബാങ്ക് ലോണ്‍ എടുക്കുമ്പോള്‍ പലിശ നല്‍കേണ്ടി വരുമല്ലോ. പലിശ വാങ്ങലും കൊടുക്കലുമെല്ലാം വലിയ പാപമാണെന്നത് പറയേണ്ടതില്ലല്ലോ. താങ്കളുടെ കൈവശമുള്ള സ്വത്തുക്കള്‍ വിറ്റും സഹായികളില്‍ നിന്ന് കടമായോ ധാനമായോ സകാത്തായോ പണം സ്വീകരിച്ചും കടം കൊടുക്കാനുള്ളവരെ മധ്യസ്ഥരുടെ സഹായത്തോടെ അനുനയിപ്പിച്ചുമെല്ലാം ഈ പ്രയാസഘട്ടം മറികടക്കാന്‍ ശ്രമിക്കാം. ഇപ്പോഴുള്ള ബിസിനസ് ഉപേക്ഷിച്ചാല്‍ കടബാധ്യത തീര്‍ക്കാനാകുമെങ്കില്‍ അതാണ് അനുവദനീയമായ മാര്‍ഗവും പലിശയുമായി ബന്ധപ്പെടുന്നതിനേക്കാള്‍ ഗുണകരവും.   

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter