വിഷയം: Query
സോമോട്ടയിൽ ഭക്ഷണം ഓർഡർ ചെയ്തു. ലഭിച്ച ഭക്ഷണം കഴിക്കുന്നതിനിടയിൽ അതിലൊരു പാറ്റയെ കണ്ടു. അത് മാറ്റി ശേഷിക്കുന്ന ഭാഗം കഴിച്ചു. അതോടൊപ്പം സേമോട്ട കെയറിനോട് കാര്യം ബോധിപ്പിച്ചപ്പോൾ തിരിച്ച് റീഫണ്ട് ചെയ്യാം എന്ന് പറഞ്ഞു. ഈ തിരികെ കിട്ടിയ റീഫണ്ട് പണം ഹലാലാവുമോ?
ചോദ്യകർത്താവ്
Muhammed Sirajudheen
May 25, 2021
CODE :Dai10106
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
സോമോട്ട ഇടപാടുകാരുടെ ഇടയില്‍ വരുന്ന ഒരു മാധ്യമമായി മത്രമല്ലേ വരുന്നുള്ളൂ. ഭക്ഷണം വാങ്ങിയ താങ്കളും താങ്കള്‍ക്ക് ഭക്ഷണം വില്‍പന നടത്തിയ സ്ഥാപനവും തമ്മിലുള്ള ഇടപാടാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. താങ്കള്‍ നല്‍കുന്ന വിലയും താങ്കള്‍ക്ക് റീഫണ്ട് ലഭിക്കുന്ന തുകയും ബാധിക്കുന്നത് ആ സ്ഥാപനത്തെയാണല്ലോ.
സോമോട്ട വഴി താങ്കളാഗ്രഹിക്കുന്ന ഭക്ഷണത്തിന്‍റെ കൃത്യമായ വിവരണങ്ങൾ നൽകിയ ശേഷം അത് ലഭിക്കാൻ വേണ്ടി ആദ്യം പണം അടക്കുകയും ഈ വിവരണങ്ങൾ ഒത്ത ഭക്ഷ്യവസ്തു പിന്നീട് നിങ്ങള്‍ക്ക് കൈമാറുകയും ചെയ്യുകയെന്നതാണല്ലോ ഇവിടെ നടക്കുന്ന ഇടപാട് രീതി. ഇത് ഇസ്ലാം അനുവദിച്ച സലം കച്ചവടത്തിൽപ്പെടണമെങ്കിൽ ഇടപാട് സമയത്ത് തന്നെ പണം നൽകുക, പിന്നീട് നൽകാമെന്ന് പറഞ്ഞ ഈ വസ്തു കടമായിരിക്കും, ഈ വസ്തു പറയപ്പെട്ട സമയത്തും സ്ഥലത്തും കൊടുത്തേൽപ്പിക്കാൻ കഴിയുന്നതായിരിക്കണം, ഈ വസ്തുവിന്റെ അളവ്, തൂക്കം, എണ്ണം തുടങ്ങിയവ കൃത്യമായി അറിയിക്കപ്പെടണം, ഈ വസ്തു വിൽപനക്കാരന്റെ ഉടമസ്ഥതയിലുള്ളതും നജസല്ലാത്തതുമായിരിക്കണം തുടങ്ങിയ നിബന്ധനകൾ പാലിക്കപ്പെടണം (ഫത്ഹുൽ മുഈൻ, തുഹ്ഫ). ഇതിലേതെങ്കിലും ഒരു നിബന്ധന ലംഘിച്ചാൽ അത് ഉപഭോക്താവിനെ വഞ്ചിക്കലാകും. അഥവാ കാണാതെ കച്ചവടം നടത്തപ്പെടുന്ന വസ്തുവിന്റെ കൈമാറ്റത്തിൽ ഒരു നിലക്കുമുള്ള വഞ്ചനയും നടക്കുന്നില്ലായെന്ന് ഉറപ്പ് വരുത്തുകയാണിവിടെ ഇസ്ലാം. കാരണം ഇടപാടിൽ വഞ്ചന ഒരു നിലക്കും ഇസ്ലാം അംഗീകരിക്കുന്നില്ല.
മേല്‍നിബന്ധനകള്‍ പാലിക്കപ്പെട്ട ശരിയായ രീതിയില്‍ നടന്ന സലമ് ഇടപാട് വഴി താങ്കള്‍ക്ക് ഭക്ഷണം ലഭിച്ചുവെന്ന് കരുതാം. മറ്റു കച്ചവടങ്ങള്‍ പോലെ സലമ് കച്ചവടത്തിലും ഇടപാട് വസ്തുവിന് വില കുറയുന്ന തരത്തിലുള്ള നേരത്തേയുള്ള (ഇടപാട് നടക്കുന്നതിന് മുമ്പേ ഉള്ള) ന്യൂനതകള്‍ കണ്ടാല്‍ ആ വസ്തു തിരിച്ചു കൊടുത്ത് ഇടപാട് നിര്‍വീര്യമാക്കാവുന്നതാണ്. തുറന്നു നോക്കിയാലല്ലാതെ കാണപ്പെടാത്ത ന്യൂനതകള്‍ തുറന്ന് നോക്കിയ ശേഷം കണ്ടാലും തുറന്ന് നോക്കിയത് കാരണം ഇടപാട് ഒഴിവാക്കാനുള്ള അവസരം നഷ്ടപ്പെടില്ല. എന്നാല്‍ ന്യൂനത കണ്ടതിന് ശേഷവും ആ ഭക്ഷണം താങ്കള്‍ കഴിച്ചുവെങ്കില്‍ ഇടപാട് ഒഴിവാക്കാനുള്ള അവസരം നഷ്ടപ്പെടുമെന്ന് പറയേണ്ടതില്ലല്ലോ.
ചോദ്യത്തില്‍ താങ്കള്‍ പറഞ്ഞത് പ്രകാരം, ന്യൂനത കണ്ടെങ്കിലും ആ ഭക്ഷണം പൂര്‍ണമായും നിങ്ങള്‍ കഴിച്ചുവെന്നതിനാല്‍ ഈ ഇടപാട് മുടക്കാനുള്ള അധികാരം താങ്കള്‍ക്കില്ല. ആയതിനാല്‍ പരാതി പറഞ്ഞ് പണം തിരികെ മേടിക്കാനുള്ള അധികാരവുമില്ല.
എന്നാല്‍, ഇത്തരം സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ അവരുടെ സര്‍വീസിന്‍റെ മഹിമക്കും നിലനില്‍പിനും നിയമപരമായ വിഷയങ്ങള്‍ക്കും വേണ്ടി ന്യായമായ പരാതി ഉന്നയിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി നല്‍കിയ പണം തിരികെ കൊടുക്കാറുണ്ട്. ഇത് മേല്‍ഇടപാട് നിര്‍വീര്യമാക്കുകയെന്ന രീതിയിലല്ലാതെയാണെങ്കില്‍ ആ പണം സ്വീകരിക്കുന്നതിന് കുഴപ്പമില്ലെന്ന് വരും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.