ബാങ്ക് അക്കൗണ്ടിൽ നിന്നും ലഭിക്കുന്ന പലിശ കൊണ്ട് കറന്റ് ബില്ല് , ഫോൺ ബില്ല് പോലോത്തത് അടക്കുന്നതിന്റെ വിധി എന്താണ്
ചോദ്യകർത്താവ്
Jalal
Jun 5, 2021
CODE :Dai10143
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നിശ്ചിത വാടക ഉപാധിയോടെ നാം അനുഭവിക്കുകയോ ഉപയോഗിക്കുകയോ ചെയ്ത സൌകര്യങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ബില്‍തുക അടച്ചുതീര്‍ക്കുകയെന്നത് മേല്‍സൌകര്യങ്ങളും സേവനങ്ങളും അനുഭവിച്ചതും ഉപയോഗിച്ചതും അനുവദനീയമാകാനുള്ള നിബന്ധനയാണല്ലോ. നാം ഉപയോഗിച്ചതിന് വാടക നല്‍കേണ്ടത് നമ്മുടെ പണത്തില്‍ നിന്നായാലല്ലേ ഇടപാട് സാധുവാവുകയുള്ളൂ. സര്‍ക്കാറോ ഏതെങ്കിലും ഏജന്‍സിയോ വ്യക്തികളോ ആരുമാകട്ടെ, അവയോടെല്ലാം ഇടപാട് നടത്തുമ്പോള്‍ മതവിധികള്‍ പാലിച്ചിരിക്കണം. പലിശയെന്നാല്‍ അന്യായമായി അന്യന്‍റെ സ്വത്ത് നാം കൈക്കലാക്കിയതാണല്ലോ. ബാങ്കില്‍ നിന്ന് നാം പറ്റുന്ന പലിശയും ഇത്തരത്തില്‍ നമുക്കവകാശമില്ലാത്ത അന്യരുടെ സ്വത്ത് നാം കൈവശപ്പെടുത്തുന്നതിന് സമാനമാണ്. ആയതിനാല്‍ ആ പണം കൊണ്ട് കറണ്ട് ബില്ലോ ഫോണ്‍ ബില്ലോ അടച്ച് പലിശ പറ്റിയ കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമെന്ന് കരുതണ്ട. അന്യന്‍റെ മുതല്‍ അപഹരിച്ച് കരണ്ട് ബില്ല് അടക്കുന്നതിന്‍റെ വിധി തന്നെയാണിവിടെയും വരുന്നതെന്ന് വ്യക്തമാണല്ലോ.
അന്യന്‍റെ മുതല്‍ കയ്യിലകപ്പെട്ടാല്‍ അവകാശിയെയോ അയാള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ അനന്തരവാകിശിയെയോ കണ്ടെത്തി അത് തിരികെ നല്‍കുകയാണ് ചെയ്യേണ്ടത്. അതിന് വഴിയില്ലെങ്കില്‍ യഥാര്‍ത്ഥഉടമയുമായുള്ള നമ്മുടെ ബാധ്യത തീരാനായി അവര്‍ക്ക് വേണ്ടി മഗ്ഫിറത്തിനും ഗുണങ്ങള്‍ക്കും പ്രാര്‍ത്ഥിക്കുന്നതോടൊപ്പം പൊതുനന്മകളിലേക്ക് ആ പണം വിനിയോഗിക്കണം. അതുമല്ലെങ്കില്‍ അത് പരമദരിദ്രര്‍ക്ക് നല്‍കാം. സൂക്ഷ്മശാലിയായ ഖാളിയെയോ അറിവുള്ള മറ്റാരെയെങ്കിലുമോ ഈ പണം ഏല്‍പ്പിച്ച് മേല്‍കാര്യങ്ങള്‍ നിര്‍വ്വഹിക്കലാണ് സ്വയം ചെയ്യുന്നതിനേക്കാള്‍ നല്ലത് (മജ്മൂഅ് 10:381)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.