മൾട്ടി ലെവൽ മാർക്കറ്റിംഗിൽ വിപ്ലവകരമായ മുന്നേറ്റമെന്ന് പറഞ്ഞ് SMART INDIA (SIPL) എന്ന കമ്പനി പ്രവർത്തനമാരംഭിക്കുന്നു. സാധാരണ MLM കമ്പനികളിൽ നിന്നും തീർത്തും വ്യത്യസ്തമാണെന്നും ഹറാമൊന്നും വരുന്നില്ലെന്നും പറഞ്ഞ് ഉസ്താദുമാരടക്കം പലരും ഈ കമ്പനിയിൽ ചേർന്ന് കഴിഞ്ഞു. ഈ സംരംഭത്തിൽ ചേർന്ന് വരുമാനം സ്വീകരിക്കൽ അനുവദനീയമാണോ?

ചോദ്യകർത്താവ്

FAISAL PB

Sep 22, 2018

CODE :Fin8913

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

സാധാരണ കച്ചവടങ്ങളില്‍ കച്ചവടക്കാരന്‍ താന്‍ നേരിട്ട് ഉപഭോക്താവിന്  വില്‍ക്കുന്ന കച്ചവടച്ചരക്കില്‍ നിന്നാണ് ലാഭം നേടുന്നത്. എന്നാല്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് എന്നത് ഓരോ ഡിസ്ട്രിബ്യൂട്ടര്‍ക്കും താന്‍ സാധനം വില്‍ക്കുമ്പോള്‍ തനിക്കു കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം മുകള്‍ തട്ടിലുള്ളവരിലേക്കും തന്റെ താഴെ തട്ടിലുള്ളവരുടെ വില്‍പ്പനയുടെ ലാഭത്തിന്റെ ഒരു വിഹിതം തനിക്കും ലഭിക്കുന്ന ഒരു മാര്‍ക്കിംഗ് രീതിയാണിത്. പ്രത്യക്ഷത്തില്‍ നല്ലതെന്നും ലാഭകരമെന്നും തോന്നാവുന്ന ഈ രീതി പല രീതിയിലുള്ള ചൂഷണങ്ങളും മതവിരദ്ധതയും അടങ്ങിയതാണെന്ന് വിശദമായ പരിശോധനയില്‍ വ്യക്തമാകുന്നതാണ്.

ഒന്നാമതായി താഴെ തട്ടിലുള്ളവരുടെ അധ്വാന ഫലം മുകൾ തട്ടിലുള്ളവർ സമർത്ഥമായി ചൂഷണം ചെയ്ത് ഒരു അധ്വാനവുമില്ലാതെ വലിയ സാമ്പത്തിക നേട്ടം കൊയ്യുന്നു. താഴോട്ട് പോകം തോറം അധ്വാനം കൂടുകയും വരുമാനം കുറയുകയും ചെയ്യുന്നു. മറ്റുള്ളവർ അധ്വാനിക്കുന്നതിന്റെ ഒരു ഗണ്യമായ ഭാഗം മുകളിലെ ശ്രണിയിലുള്ളവർക്ക് നൽകാൻ നിർബ്ബന്ധിക്കപ്പെടുന്നു. അവർ വെറുതെയിരുന്ന് അത് അനുഭവിക്കുന്നു. താഴെയുള്ളവർ അധ്വാനിക്കുന്ന കാലമത്രയും ഇത്  തുടരുന്നു. ഈ ഏർപ്പാട് അന്യരുടെ മുതൽ അവിഹിതമായി തട്ടിയെടുക്കലാണ്. അത് വിശുദ്ധ ഖുർആൻ പലയിടങ്ങളിലായി താക്കീത് ചെയ്ത വിഷയമാണ്.

രണ്ടാമതായി പല മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങളും ഉപഭോക്തൃ ശൃംഖലകൾ ഉണ്ടാക്കുന്നതിന് ചൂഷണത്തിലധിഷ്ഠിതമായ ഉപാധികൾ വെക്കുന്നു. മാസാ മാസം ഇത്ര തുകക്ക് ഇവരുടെ ഉൽപന്നങ്ങൾ വാങ്ങണം, ഉപയോഗിക്കണം, ഇതിൽ തുടരണമെങ്കിൽ വർഷാവർഷം നിശ്ചിത ഫീസ് നൽകി അംഗത്വം പുതക്കണം. ശൃംഖലയിലെ കണ്ണികൾ ഇരു വശത്തും തുല്യമാകണം തുടങ്ങിയവ ഈ ഉപാധികളിൽ ചിലതു മാത്രം. ഇടപാട് നടത്തുമ്പോൾ വിൽക്കുന്നവനോ വാങ്ങുന്നവനോ നഷ്ടം ഉണ്ടാകുന്ന നിബന്ധനകൾ വെക്കാൻ പാടില്ലെന്നത് ശറഇന്റെ കർശന നിർദ്ദേശമാണ്. ഇവിടെ ഉപഭോക്താവിന് മോഹന വാഗ്ദാനങ്ങൾ നൽകിയും വ്യാജ പ്രചരണങ്ങൾ നടത്തിയും വലിയ സംഖ്യ ഈടാക്കി അയാളെക്കൊണ്ട് അവരുടെ ഉൽപ്പന്നം വാങ്ങാൻ നിർബ്ബന്ധിച്ച് തനിക്ക് ചെലവായ സംഖ്യ മുതലാക്കാൻ എന്ന വ്യാജേന ഇവരുടെ പരിചയത്തിലും കുടുംബത്തിലും നാട്ടിലുമൊക്കെയുള്ള ആളുകളെ ഈ ശൃംഖലയിൽ കണ്ണി ചേർക്കാൻ പ്രേരിപ്പിച്ച് കമ്പനിയുടെ ഉൽപ്പന്നം ചെലവാക്കാനും കച്ചവട വൃത്തം വലുതാക്കാനും കുത്തക ഭീമന്മാർ ഒരുക്കിയ ഈ കെണിയിൽ ഉപഭോക്താവ് യഥാർത്ഥത്തിൽ അയാളറിയാതെ വഞ്ചിക്കപ്പെട്ട് വിതരണക്കാരനായി മാറുകയും അതിൽ നിന്ന് തലയൂരാൻ കഴിയാത്ത വിധം നിസ്സഹായനാകുകയും ചെയ്യുന്നു. എങ്ങനെയെങ്കിലും കളവു പറഞ്ഞും ഇല്ലാകഥകൾ മെനഞ്ഞും വലിയ പ്രതീക്ഷകൾ കൊടുത്തും തനിക്ക് ഇതിലൂടെ വലിയ നേട്ടമുണ്ടായിട്ടുണ്ടെന്ന് വെറുതെ തട്ടിവിട്ടും ഉപഭോക്തൃ ശൃംഖലയിലേക്ക് ആളുകളെ ട്രാപ്പ് ചെയ്ത് എങ്ങനയെങ്കിലും പിടിച്ചു നിൽക്കാനുള്ള ശ്രമമാണ് ഇത്തരം സ്ഥാപനങ്ങളും അവയുടെ നടത്തിപ്പുകാരം ഇതിൽ പെട്ടുപോയ വിതരണക്കാരുംനടത്തുന്നത്. ഇങ്ങനെയുള്ള വഞ്ചനയിലധിഷ്ഠിതമായ കച്ചവടങ്ങളൊക്കെയും നിഷിദ്ധമാണെന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട്.

മൂന്നാമതായി, ചിലർ പറയാറുണ്ട് ഞങ്ങൾ ലഭിക്കുന്നത് ഞങ്ങൾ ഉപഭോക്താക്കളെ അഥവാ വിതരണക്കാരെ ചേർക്കുന്നതിന്റെ പ്രതിഫലമായ കമ്മീഷൻ മാത്രമാണ്, കമ്മീഷൻ ഇസ്ലാമിലും ഹലാലല്ലേ എന്നതാണ്. കമ്മീഷൻ ഇസ്ലാമിൽ ഹലാലാണ് എന്നതിൽ തർക്കമൊന്നുമില്ല. എന്നാൽ ഇവിടെ തനിക്ക് എത്രയാണ് കമ്മീഷൻ ലഭിക്കുകയെന്ന് കമ്പനിക്കോ ഉപഭോക്താവിനോ ആർക്കും കൃത്യമായി അറിയില്ല. അതു പോലെ താൻ  ഉപഭോക്തൃ ശൃംഖലയിൽ വീഴ്ത്തിയ ഒരു പാവം അല്ലെങ്കിൽ പാവങ്ങൾ അധ്വാനിക്കുന്നതിൽ ഒരു പങ്ക് വെറുതെയിരുന്ന് കീശ നിറക്കുകയല്ലാതെ കമ്മീഷൻ ലഭിക്കാൻ മാത്രം എന്ത് ജോലിയാണ് താൻ ചെയ്യുന്നത്,  ഉപഭോക്താവിനെ പറഞ്ഞു വീഴ്ത്തി അയാളെക്കൊണ്ട് ഉൽപ്പന്നം വാങ്ങിപ്പിച്ച് അയാളെ ഒരു വിതരണക്കാരനാകാൻ നിർബ്ബന്ധിപ്പിച്ചാൽ അയാൾ മറ്റാരെയൊക്കെ എപ്പോൾ ഇപ്രകാരം ട്രാപ്പ് ചെയ്യുന്നുവോ അപ്പോൾ അതിലൊരു വിഹിതം ലഭിക്കുമെന്നും ഇല്ലെങ്കിൽ ഒന്നും കിട്ടില്ല എന്നുമുള്ള അവസ്ഥയാണ്. അതായത് ഈ രീതിയിൽ ഭാവിയിൽ വല്ലതും സംഭവിക്കുയാണെങ്കിൽ അപ്പോൾ കമ്മിഷൻ കിട്ടും ഇല്ലെങ്കിൽ കിട്ടില്ല എന്ന നിലപാട്. ഇതിന് കമ്മീഷൻ എന്നല്ല, ചൂതാട്ടം എന്നാണ് പറയുക. കമ്മിഷനാണെങ്കിൽ ഏതു രീതിയിൽ, എത്ര, ഏതു ജോലിക്ക് എങ്ങനെയന്ന് കൃത്യമായി നിശ്ചയിക്കപ്പെടണം. ഇവിടെ നാം കണ്ണി ചേർത്ത ഉപഭോക്താവ് ആരെക്കൊണ്ടെങ്കിലും ഉൽപന്നം വാങ്ങിപ്പിച്ചാൽ അതിലൊരു പങ്ക് കമ്മീഷനായി കിട്ടും അല്ലെങ്കിൽ കിട്ടില്ല എന്ന ചൂതാട്ടത്തിന്റെ അവസ്ഥയാണ് കാണുന്നത്. ചൂതാട്ടം നിഷിദ്ധമാണെന്ന് വിശുദ്ധ ഖുർആൻ വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട്.

നാലാമതായി ഇതിനെ കച്ചവടം എന്ന് പറയാൻ കഴിയില്ല. കാരണം കച്ചവടം എന്നാൽ ഉൽപന്നങ്ങൾ വിറ്റഴിക്കലാണ്. ഇവിടെ അങ്ങനെയൊന്ന് നടക്കുന്നുണ്ടോ എന്ന് ആരും സംശയിക്കാം. തന്റെ ഉൽപന്നം വിറ്റഴിക്കാൻ ഉദ്ദേശിക്കുന്ന ഒരു വിതരണക്കാരൻ അത് വിറ്റഴിക്കാനല്ലേ നോക്കേണ്ടത്. എന്നാൽ ഇവിടെ അതിന് പകരം പുതിയ വിതരണക്കാരെ ഉണ്ടാക്കാനാണ് അയാൾ നോക്കുന്നത്. ഉപഭോക്താക്കള്‍ എല്ലാവരും ഡിസ്ട്രിബ്യൂട്ടര്‍മാരായി മാറിയാല്‍ ആര്‍ക്കാണ് വില്‍പന നടത്തുക എന്ന ചോദ്യം പ്രസക്തമാണ്. ചുരുക്കത്തിൽ  മൾട്ടി ലെവൽ മാർക്കറ്റിങ്ങിൽ ഉൽപന്നങ്ങൾ എന്നത് വിറ്റഴിക്കാനുള്ളതല്ല, മറിച്ച്ത് കണ്ണി ചേര്‍ക്കുന്നതിനുള്ള ഒരു മറ മാത്രമാണ്. അഥവാ  കച്ചവടച്ചരക്ക് വിൽക്കലല്ല, വിതരണക്കാരുടെ ശൃംഖല വികസിപ്പിക്കുകയെന്നതാണ് ഇവിടെ ലാഭം  ലഭിക്കുന്നതിനുള്ള  മാര്‍ഗം. അതിനാൽ ഇത് കച്ചവട തന്ത്രമല്ല, മറിച്ച് പാവപ്പെട്ടവനെ പെട്ടെന്ന് പണക്കാരനാക്കാമെന്ന് മോഹിപ്പിച്ച് പറ്റിച്ച് അവന്റെ സ്വത്തിനെയും സമയത്തേയും അയൽക്കാരനേയും കുടുംബക്കാരേയും നാട്ടുകാരേയും കൂട്ടുകാരേയും ഒറ്റയടിക്ക് അടിച്ചുമാറ്റുന്ന  ചൂഷണ തന്ത്രമാണ്.

അഞ്ചാമതായി, ഇവരുടെ ഭാഷ്യത്തിൽ ഇവരുടെ ഉൽപ്പന്നങ്ങൾ മികച്ചതും വില കുറഞ്ഞതുമാണെങ്കിലും പ്രായോഗിക തലത്തിൽ ഇവരുടെ പല ഉൽപന്നങ്ങളും നിലവാരമില്ലാത്തതാണെന്നും ഇല്ലാത്ത ഗുണങ്ങൾ പറഞ്ഞ് അവ വാങ്ങാനും വിതരണം ചെയ്യാനും പ്രേരിപ്പിക്കുയാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗുണമേന്മയില്ലാത്ത ഉൽപന്നത്തന് ബ്രാന്റ് ഉൽപന്നത്തിന്റെ വിലയിട്ട് ആ വിലയുടെ നിശ്ചിത ശതമാനം മുകൾ തട്ടിലേക്ക് പ്രവഹിപ്പിക്കുന്ന ഉപഭോക്തൃ ചൂഷണ വിദ്യയാണ് നിലവിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന ഒട്ടുമിക്ക കമ്പനികളും അവരുടെ പല പ്രോഡക്റ്റുകളിലും പയറ്റുന്നത് എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ പേരിൽ അന്താരാഷ്ട്ര തലത്തിൽ പൊതുവെയും ഇന്ത്യയിൽ പ്രത്യേകിച്ചും ധാരാളം കേസുകൾ നിലവിലുണ്ട്. ഈ മണി ചെയ്നിന്റെ ഭാഗമായ ധാരാളം പേർ കനത്ത നഷ്ടത്തിലകപ്പെടുകയും അത് പലപ്പോഴും ആത്മഹത്യയിലേക്കും കുടംബ തകർച്ചയിലേക്കും ധാരാളമായി നയിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇനിയും ധാരാളം ഈ വിഷയത്തിൽ സൂചിപ്പിക്കാനുണ്ട്. ചോദ്യോത്തര വേദിയുടെ പരിമിതി കാരണം നിർത്തുന്നു. ചുരുക്കത്തിൽ എത്ര വർഷം പഴക്കമുള്ളതായാലും നിലവിൽ അറിയപ്പെടുന്ന മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനികളുടെ നിലപാടുകൾ മേൽ പറയപ്പെട്ട വിധമുള്ളതാണെങ്കിൽ അത്  ഒരു വിശ്വാസിക്ക് ഒരു നിലക്കും യോചിക്കാൻ കഴിയുന്നതല്ല. പിന്നെ, ഈ രീതിയിൽ വൻ ചൂഷണങ്ങൾ നടത്തിയിട്ട് അതിലൊരു പങ്ക് ചാരിറ്റി പ്രവർത്തനങ്ങൾക്ക് നീക്കി വെച്ചാൽ അതിലെന്ത് ബറക്കത്താണ് ഉണ്ടാകുക എന്ന് ഈ വിഷയത്തിൽ ചാരിറ്റിയെ തുറുപ്പു ശീട്ടാക്കുന്നവർ നല്ല പോലെ ആലോചിക്കേണ്ടതാണ്..

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter