Tasis. എന്ന പേരിൽ ള്ള ശരീഅ അഡ്വയ്സറി യെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ ശരീഅ ഇൻവെസ്റ്റ്മെൻറ് അഡ്‌വയ്സറി ആണ് https://www.tasis.in/Contact.php

ചോദ്യകർത്താവ്

SIRAJUDHEEN

Apr 24, 2019

CODE :Fin9248

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഇന്ത്യയിലെ പ്രധാനപ്പെട്ട ഒട്ടുമിക്ക വ്യാപാര, നിക്ഷേപ സ്ഥാപനങ്ങളും ശരീഅത്ത് നിയമങ്ങളെ മുറുകെപ്പിടിച്ച് തങ്ങളിലേക്ക് അടുക്കാത്ത മുസ്ലിംകളെ ആകര്‍ഷിക്കാന്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രധാന തുരുപ്പുു ശീട്ടാണ് താസിസ്.

താസിസ് എന്നാല്‍ തഖ്‌വാ അഡൈ്വസറി ആന്‍ഡ് ശരീഅത്ത് ഇന്‍വെസ്റ്റ്‌മെന്റ് സൊലൂഷന്‍സ് എന്നാണല്ലോ. ആ പേരില്‍ തന്നെ അവര്‍ എന്താണ് ചെയ്യുന്നത് അല്ലെങ്കില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നതിന്റെ സൂചനയുണ്ട്. ചോദ്യത്തില്‍ സൂചിപ്പിക്കപ്പെട്ട താസിസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ അതിന്റെ പ്രവര്‍ത്തനങ്ങളുടെ വിശദീകരണങ്ങള്‍ ലഭ്യമല്ല. ശരീഅത്ത് നിയമങ്ങള്‍ക്ക് വിധേയമായി ജീവിക്കുന്ന മുസ്ലിംകള്‍ക്ക് ശരീഅത്ത് നിമയങ്ങളും മൂല്യങ്ങളും ചോര്‍ന്നു പോകാതെ എങ്ങനെ നിലവിലെ വ്യാപാര നിക്ഷേപ രംഗത്തേക്ക് കടന്നു വരാം എന്ന് പണക്കാരായ മുസ്ലിംകളെ അവര്‍ ഉപേദശിക്കുകയും പുകയില, മദ്യം, ഹലാല്‍ അല്ലാത്ത ഇറച്ചി, ചൂത്, കളി, ബാര്‍ ഹോട്ടല്‍ തുടങ്ങിയ ഇസ്ലാം കര്‍ശനമായി നിരോധിക്കുന്ന ഹറാമായ വ്യവസായങ്ങളെ ഒഴിവാക്കി ഇസ്ലാമിക സാമ്പത്തിക നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നുവെന്ന് ബോധ്യമുള്ള സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്താന്‍ ക്ഷണിക്കുകയും ചെയ്തിട്ട് അവരെ ഇന്ത്യയിലെ പ്രധാനപ്പെട്ട ഏതെങ്കിലും വ്യാപാര, നിക്ഷേപ സ്ഥാപനത്തിന് ഏല്‍പ്പിച്ച് കൊടുത്ത് അതിന്റെ പങ്ക് ഇരു കൂട്ടരില്‍ നിന്നും പറ്റുന്ന ഇടനിലക്കാരാണ് അവര്‍ എന്നാണ് ആ വെബ്സൈറ്റ് പറയുന്നതിന്റെ രത്നച്ചുരുക്കം. Banks, Stock Broking Firms, Financial Service Companies, Asset Management Companies, Non-Banking Finance Companies, Microfinance Institutions, Insurance Companies, Private Equity Funds, Venture Capital Funds, Real Estate Developers, Legal, Auditing and Consultancy Firms, Wakfs & Trusts Educational Institutions, Government and Semi-Government Bodies and Institutions തുടങ്ങിയ ഇന്ത്യയിലെ എല്ലാതരം സാമ്പത്തിക ഇടപാടുകളും നടത്തുന്ന സ്ഥാപനങ്ങളില്‍ താസിസിന്റെ സേവനം ലഭ്യമാണ് എന്നും വെബ്സൈറ്റ് അവകാശപ്പെടുന്നുണ്ട്.

ഈ പറയപ്പെട്ട സ്ഥാപനങ്ങളില്‍ അധികവും പലിശയിലധികഷ്ഠിതമായ ഇടപാടുകള്‍ നടത്തുന്ന സാമ്പത്തിക സ്ഥാപനങ്ങളാണെന്ന കാര്യത്തില്‍ ആര്‍ സംശയമുണ്ടാകില്ല. ഈ സ്ഥാപനങ്ങളെ ഏതായാലും ശരീഅത്തിലധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥിതിതിയിലേക്ക് കൊണ്ടു വരിക താസിസിന്റെ ലക്ഷ്യമല്ലായെന്ന് അവര്‍ തന്നെ പറയാതെ പറയുന്നുണ്ട്. പ്രത്യുത ഇസ്ലാമിക സ്പിരിറ്റിന്റെ പേരില്‍ ഈ സ്ഥാപനങ്ങളിലേക്ക് അടുക്കാത്ത ഇഖ്ലാസുള്ള മുസ്ലിംകളെ ശരീഅത്ത് അധിഷ്ഠിത സാമ്പത്തികം എന്ന ഇര കാണിച്ച് (ഈ സ്ഥാപനങ്ങളൊന്നും മുമ്പത്തേത് പോലെ നമുക്ക് അടുക്കാന്‍ പറ്റാത്തതൊന്നുമല്ല, ഇപ്പോള്‍ അവരൊക്കെ ശൈലി മാറ്റിയിട്ടുണ്ട്, ഇനി മുതല്‍ 100% ശരീഅത്ത് അധിഷ്ഠിത സാമ്പത്തിക സംരംഭങ്ങള്‍ മുസ്ലിംകള്‍ക്ക് വേണ്ടി അവര്‍ തുടക്കം കുറിച്ചിരിക്കുന്നു, ഇസ്ലാമിന്റെ നടുക്കഷ്ണങ്ങളായ ഞങ്ങളുടെ മുഫ്തിമാര്‍ അവരേയും അവര്‍ നിങ്ങള്‍ക്കു വേണ്ടി നടത്തുന്ന വ്യവഹാരങ്ങളേയും സസൂക്ഷ്മം നിരീക്ഷിച്ച് ദീനിറെ പരിധികള്‍ അണുകിട തെറ്റാതെ നോക്കുന്നുണ്ട് തുടങ്ങിയ വാദങ്ങള്‍ നടത്തി) ഇവരിലേക്ക് അടുപ്പിക്കാന്‍ ഇത്തരം സാമ്പത്തിക സ്ഥാപനങ്ങള്‍ കണ്ടെത്തിയ ഉപകരണമാണ് താസിസ് എന്ന് ആരെങ്കിലും സംശിച്ചാല്‍ അത്ഭുതപ്പെടാനില്ല. ഇത്തരത്തില്‍ ഇവയിലേതെങ്കിലും ഫേമിലേക്ക് ആകര്‍ഷിക്കപ്പെടുന്നവര്‍ ആദ്യം ഇവര്‍ പറയുന്ന ശരീഅത്ത് അധിഷ്ഠിത സാമ്പത്തികത്തില്‍ ചേരുകയും ക്രമേണ ഈ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷന്‍ ഓഫീസര്‍മാരുടെ സാമര്‍ത്ഥ്യത്തിനനുസരിച്ച് അവരുടെ മറ്റുു വ്യവഹാരങ്ങളിലും നിക്ഷേപങ്ങളിലും ഭാഗഭാക്കായി അവരുടെ സ്ഥിരം ഉപഭോക്താക്കളായി മാറുകയും ചെയ്യുന്നു.

ഇവിടെ രണ്ടു കാര്യങ്ങളാണ് നാം വിലയിരുത്തേണ്ടത്. ഒന്ന്, ഇസ്ലാമിക ദൃഷ്ട്യാ നിഷിദ്ധമായ പലിശയിലും ചൂതാട്ടത്തലുമൊക്കെ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 100% ശരീഅത്ത് അധിഷ്ഠിതമായി സാമ്പത്തിക സംരഭങ്ങള്‍ നടത്താന്‍ കഴിയുമെന്ന വാദം പ്രായോഗികമായി എത്ര ശതമാനം ശരിയായിരിക്കും എന്നതാണ്. രണ്ട്, ഇനി പ്രായോഗികമായി 100% ശരീഅത്ത് വ്യവഹാരം ഇവര്‍ക്ക് സാധ്യമാകുമെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ തന്നെ അത് “വട്ടിപ്പലിശക്കാരനിലേക്ക് അടുക്കാത്ത മുസ്ലിംകളെ ആകര്‍ഷിക്കാനെന്നോണം അവനോട് പുതിയതായി ഒരു മുസ്വല്ല ബിസിനസ് കൂടി തുടങ്ങാന്‍ പറഞ്ഞ് അതിലേക്ക് സംരഭകരായി മുസ്ലിംകളെ കൂട്ടിക്കൊടുക്കുന്ന ഒരു ‘മൌലാന’യുടെ റോളല്ലേ ലോകപ്രശസ്തരും മുത്തഖീങ്ങളുമായ കുറേ മുഫ്തിമാര്‍ നിയന്ത്രിക്കുന്നുവെന്ന് അവകാശപ്പെടുന്ന താസിസ് നിര്‍വ്വഹിക്കുന്നത്”.

ഇവിടെ ലക്ഷ്യം പവിത്രമാണ്, അത് ഇസ്ലാമിക സാമ്പത്തിക വ്യവഹാരങ്ങളിലേക്ക് മുസ്ലിംകളെ ക്ഷണിക്കലാണ്. എന്നാല്‍ അതിലേക്കുള്ള മാര്‍ഗമാണ് പ്രശ്നം, അത് പ്രായോഗികമല്ല, ആ മാര്‍ഗം അവലംബിച്ചാല്‍ പലപ്പോഴും അതിനകത്തേക്ക് തന്നെ വീഴാനുള്ള സാധ്യത കൂടുതലാണ്. അല്ലാഹുവിന്റെ റസൂല്‍ (സ്വ) അരുള്‍ ചെയ്തു: “ഹലാലേതെന്ന് വ്യക്തമാണ്, ഹറാമേതെന്നും വ്യക്തമാണ്. ഇവ രണ്ടിനുമിടയില്‍ ഹലാലോ ഹറാമോ എന്ന് വ്യക്തമായി തിരിച്ചറിയാന്‍ കഴിയാത്ത കുറേ ശുബ്ഹത്തുകളുമുണ്ട്. അവയിലെ നെല്ലും പതിരും അധികമാളുകള്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. അതിനാല്‍ ആരെങ്കിലും ഈ ശുബ്ഹത്തുകളെ സൂക്ഷിച്ചാല്‍ അവന്റെ ദീനും അഭിമാനവും കളങ്കരഹിതമാകും. ആരെങ്കിലും ഈ ശുബ്ഹത്തുകളെ കാര്യമാക്കാതെ നടന്നാല്‍ അവന്‍ ഹറാമിലകപ്പടുകയും ചെയ്യും, നിരോധിത മേഖലക്ക് ചുറ്റുും ആരെങ്കിലും സ്വൈരവിഹാരം നടത്തിയാല്‍ അവന്‍ അറിയാതെ പരിധിവിട്ടപ്പുറത്തേക്ക് കടക്കാനുള്ള സാധ്യത കൂടുതലാണ് എന്നത് പോലെ (ബുഖാരി, മുസ്ലിം).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter