വിഷയം: കമ്പനികളിൽ ജോലി ചെയ്യുന്നവർ കമ്മീഷൻ വാങ്ങൽ
കമ്മിഷൻ വാങ്ങുന്നത് ഹലാലാണോ? ഇവിടെ UAE യിൽ ഒരുവിധം കാര്യങ്ങൾക്ക് ഒക്കെ കമ്മീഷൻ വാങ്ങുന്നത് കാണാം, for Eg: ഞങ്ങൾക്ക് ആരേലും ഒരു പ്രൊജക്റ്റ് തരാണെൽ അവർ ഞങ്ങളൊട് കമ്മീഷൻ ചോദിക്കാറുണ്ട് , അല്ലേൽ മാനേജ്‌മന്റ് കമ്മീഷൻ കൊടുക്കാറുണ്ട്. അത് പോലെ ഞങ്ങൾ മെറ്റീരിയൽസ് വാങ്ങുന്ന ടൈമിൽ ഞങ്ങൾക്ക് ചില വിതരണക്കാർ കമ്മീഷൻ തരാറുണ്ട് , തരാത്തവർ ഞങ്ങൾ ചോതിക്കുമ്പോ തരാറുണ്ട്. ഇങ്ങനെ കിട്ടുന്ന ക്യാഷ് ഹലാൽ ആണോ ?
ചോദ്യകർത്താവ്
Mohammed
Sep 29, 2019
CODE :Fin9456
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..
ചെയ്യാൻ അൽപം പ്രയാസമുള്ള ഒരു ജോലിക്ക് നൽകപ്പെടുന്ന ഒരു നിശ്ചിത പ്രതിഫലമാണ് കമ്മീഷൻ. ഇത് ശരിയാകണമെങ്കിൽ നാല് ഘടകങ്ങൾ ആവശ്യമാണ്. ഒന്ന്, സ്വീഗ: ഇന്ന കാര്യം ചെയ്താൽ ഇന്നത് ഞാൻ നിനക്ക് തരും /നിനക്ക് ഇന്നത് കിട്ടും എന്ന വാക്കാണത്. രണ്ട്, ആ കാര്യം ചെയ്യാൻ കമ്മീഷൻ പ്രഖ്യാപിക്കുന്ന അഥവാ ആ ഇടപാട് നടത്തുന്ന വ്യക്തി. മൂന്ന്, കമ്മീഷൻ ലഭിക്കാൻ ആധാരമായ ജോലി: അത് പരിചിതമോ അല്ലാത്തതോ ആകാം. എന്നാൽ ചെയ്യാൻ പ്രയാസമില്ലാത്ത ജോലിയാണെങ്കിൽ അത് നിർണ്ണയിച്ചു കൊടുക്കണം. അതു പോലെ എന്തെങ്കിലും അദ്ധ്വാനമോ ചെലവോ വരുന്ന വിധം പ്രവർത്തിക്കുന്ന സാഹച്രര്യം കമ്മീഷൻ പറ്റുന്ന വ്യക്തിക്കുണ്ടാകണം. നാല്. കമ്മീഷൻ: ഇത് നിശ്ചിത ധനം ആയിരിക്കണം. കാരണം ഇത് കൂലി പോലെ അദ്വാനത്തിന് പകരം നൽകുന്നതാണ്. അതിനാൽ കമ്മീഷൻ എന്താണ്, എത്രയാണ് എന്ന് അറിയില്ലെങ്കിൽ ആ ഇടപാട് ശരിയാകില്ല (മുഗ്നി).
ഇവിടെ പറയപ്പെട്ട രീതിയിലുള്ള ഒരു ഇടപാട് ചോദ്യത്തിൽ ഉന്നയിക്കപ്പെട്ട കാര്യത്തിൽ ഉണ്ടോ..? യഥാർത്ഥത്തിൽ ആരാണ്, എന്ത് ചെയ്ത് നിങ്ങൾ കൊടുക്കുന്നതിന്റെ പേരിലാണ് നിങ്ങളോട് കമ്മീഷൻ ചോദിക്കുന്നത്?. അതു പോലെ നിങ്ങൾ ആരോട്, എന്ത് ജോലി അവർ ചെയ്ത് തരുന്നതിന്റെ പേരിലാണ് കമ്മീഷൻ വാങ്ങുന്നത് എന്ന കാര്യം വിശദീകരിക്കപ്പെടേണ്ടതുണ്ട്. കാരണം പ്രോജക്റ്റ് നിങ്ങൾക്ക് തരുന്നതും മെറ്റീരിയൽ സപ്ലൈ ചെയ്യുന്നതും കമ്മീഷൻ കൊടുക്കുന്നതിന്റെ അടിസ്ഥാനത്തിലല്ലല്ലോ. നിങ്ങൾ അയച്ച ക്വട്ടേഷൻ ആ കമ്പനി സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ ജോലിയും/ മെറ്റീരിയലും അതിന് അവർ നൽകുന്ന കൂലിയും അതിന്റെ കാലയളവും അടക്കം എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തിയ കോണ്ട്രാക്റ്റ് ഇരു കൂട്ടരും ഒപ്പിടുന്നതിന്റെ അടിസ്ഥാനത്തിലല്ലേ നിങ്ങൾക്ക് ആ (വർക്ക് / സപ്ലൈ) പ്രോജക്റ്റ് ആ കമ്പനി നൽകുന്നത്. ഈ ഇടപാടിൽ ചോദ്യത്തിൽ പറയപ്പെട്ട തരത്തിലുള്ള കമ്മീഷൻ വരുന്നതെവിടെയാണ്.. ഈ കോണ്ട്രാക്റ്റിനു പുറമെ ആര് ആരോടാണ് ഇവിടെ കമ്മീഷൻ ചോദിക്കുന്നത്, ആർക്കാണ് കമ്മീഷൻ കൊടുക്കുന്നത്, വാങ്ങുന്നവൻ ചെയ്യുന്ന പ്രയാസകരമായ ജോലിയെന്താണ്, ഇവിടെ കൊടുക്കുന്ന കമ്മീഷൻ എന്താണെന്ന് ആ ജോലി ചെയ്യുന്നതിന് മുമ്പ് തന്നെ പറഞ്ഞുറപ്പിക്കപ്പെട്ടതാണോ തുടങ്ങിയവയൊക്കെ വ്യക്തമാക്കപ്പെട്ടാലേ ഈ വാങ്ങുന്നത്/കൊടുക്കുന്നത് എന്താണ് എന്ന് പറയാൻ കഴിയൂ.
യഥാർത്ഥത്തിൽ പല പ്രോജക്റ്റളിലും കോണ്ട്രാക്റ്റിന്റെയും പ്രോക്യൂർമെന്റിന്റേയും സൈറ്റ് എക്സിക്യൂഷന്റേയുമൊക്കെ കാര്യങ്ങൾ മുറപോലെ നടക്കാനും പേമെന്റ് സർട്ടിഫിക്കറ്റ് അപ്രൂവ് ആകാനും പണം പാസാകാനുമൊക്കെ അതത് ഡിപ്പാർട്ടുമെന്റുകളിലെ കീ പോസ്റ്റിലിരിക്കുന്നവർക്കും അവരുടെ സഹായികൾക്കും എന്തെങ്കിലും കാര്യമായിട്ടും അല്ലാതെയും കൊടുക്കുന്ന ഏർപ്പാട് പലയിടത്തുമുണ്ട്. ഇതാണ് ചോദ്യത്തിൽ ഉദ്ദേശിച്ചതെങ്കിൽ ഇത് അനുവദനീയമായ കമ്മീഷന്റെ പരിധിയിലല്ല, പ്രത്യുത നിഷിദ്ധവും ശപിക്കപ്പെട്ടതുമായ കൈക്കൂലിയുടെ പരിധിയിലാണ് വരിക. ചോദ്യത്തിൽ പറയപ്പെട്ട വിഷയം ഉദാഹരണമായെടുത്താൽ മെറ്റീരിയൽ സപ്ലയറും നിങ്ങൾക്ക് ശമ്പളം തരുന്ന കമ്പനിയും തമ്മിൽ ധാരണയായിട്ടുള്ള കരാറടിസ്ഥാനത്തിലാണ് അവർ അത് സപ്ലൈ ചെയ്യുന്നത്. ആ വിഷയത്തിൽ അവരോട് കോർഡിനേറ്റ് ചെയ്യാനാണ് നിങ്ങളെ ശമ്പളം കൊടുത്ത് നിങ്ങളുടെ കമ്പനി നിർത്തിയിരിക്കുന്നത്. പിന്നെ സപ്ലയർ എന്തിനാണ് നിങ്ങൾക്ക് കമ്മീഷൻ തരേണ്ടത്. കമ്മീഷൻ ചോദിച്ചു വാങ്ങേണ്ട ഒന്നല്ല, നിങ്ങൾ അവർക്ക് ചെയ്തു കൊടുക്കുന്ന ഒരു ജോലിക്ക് അവർ ആദ്യമേ നിശ്ചയിക്കുന്ന വിലയാണത്. പിന്നെന്തിനാണ് നിങ്ങളത് അവരോട് ചോദിക്കുന്നത്. ഇവിടെ നിങ്ങൾ സപ്ലയർക്ക് വേണ്ടി ഒരു കാര്യവും ചെയ്യേണ്ടി വരുന്നില്ല, അതിന് വേണ്ടിയല്ല നിങ്ങളെ അവിടെ നിയമിച്ചിട്ടുള്ളത്. അതിനാൽ ഇവിടെ അനുവദനീയമായ കമ്മീഷന്റെ നിബന്ധനകളൊന്നും ഒത്തു കാണുന്നില്ല.
അതു പോലെ ഉപര്യൂക്ത ഡിപ്പാർട്ടുമെന്റുകളിലൊക്കെ ജോലി ചെയ്യുന്ന എല്ലാവരും അവരുടെ കമ്പനിയുമായി ധാരണയിലേർപ്പെട്ടത് പ്രകാരമുള്ള ശമ്പളം പറ്റുന്നവരാകും. അവരുടെ ജോലി, അവരെ കമ്പനി ഏൽപ്പിച്ച കാര്യം പക്ഷപാത രഹിതവും ആത്മാർത്ഥവും കമ്പനിയുടെ പോളിസിക്ക് വിധേയമായും ചെയ്ത് കിട്ടുന്ന ശമ്പളം ഹലാലാക്കുകയെന്നതാണ്. അല്ലാതെ കമ്പനി നൽകിയ ഒരു പൊസിഷനിൽ ഇരുന്ന് കൃത്യമായി ചെയ്തു കൊടുക്കേണ്ട പണിക്ക് അത് സമയത്തിന് ചെയ്ത് കിട്ടാൻ ആഗ്രഹിക്കുന്നവരോട് പണമോ മറ്റു ഗിഫ്റ്റുകളോ ഈടാക്കുന്നത് അറിഞ്ഞാൽ ഒരു കമ്പനിയും അംഗീകരിക്കില്ല, അത്തരക്കാരെ കമ്പനിയിൽ വെച്ചു പൊറുപ്പിക്കുകയുമില്ല. കമ്പനി ശമ്പളം കൊടുത്ത് ഇരുത്തിയ പൊസിഷൻ ദുരപയോഗം ചെയ്യുന്ന ഈ ഏർപ്പാട് പാടില്ലാത്തതാണ്. സ്വഹീഹുൽ ബുഖാരിയിൽ കാണാം. നബി (സ്വ) സകാത്ത് പിരിക്കാൻ ഏൽപ്പിച്ച വ്യക്തി തിരച്ചു വന്നിട്ട് പറഞ്ഞു: “ ഇത് സകാത്തിന്റെ മുതലാണ്, ഇത് എനിക്ക് ഗിഫ്റ്റായിട്ട് കിട്ടിയതാണ്”. ഇത് കേട്ട് കോപം വന്ന നബി (സ്വ) ഉടനെ മിമ്പറിൽ കയറി സമൂഹത്തോട് പറഞ്ഞു: “എന്താണ് ചിലയാളുകളുടെ അവസ്ഥ! അവരെ നാം സകാത്ത് പിരിക്കാൻ വിടുന്നു. അവർ അത് പിരിച്ചു വന്നിട്ട് പറയുന്നു, ഇത് നിങ്ങൾക്കുള്ള സകാത്തും ഇത് എനിക്കുള്ള ഗിഫ്റ്റുമെന്ന്. അവരെ സകാത്ത് പിരിക്കാൻ നിയമിച്ചില്ലായിരുന്നുവെങ്കിൽ അവരൊക്കെ അവരവരുടെ വീടുകളിൽ ഇരിക്കുമായിരുന്നില്ലേ.. അങ്ങനെ വീട്ടിലിരിക്കുമ്പോൾ ആരെങ്കിലും അവർക്ക് ഗിഫ്റ്റ് കൊടുക്കുമായിരുന്നോ. അല്ലാഹുവാണ് സത്യം ഇങ്ങനെ ആരെങ്കിലും ചെയ്താൽ അത് അവന്റെ പിരടിയിൽ ചുമന്നായിരിക്കും അന്ത്യനാളിൽ അവൻ വരിക”. അഥവാ ആ വസ്തു കൊണ്ട് തന്നെ അവനെ അല്ലാഹു നാള ശിക്ഷിക്കും. (സ്വഹീഹുൽ ബുഖാരീ).
എന്നാൽ സാധാരണ കമ്പനികൾ ഓദ്യോഗികമായി വർഷത്തിലും ആറു മാസം കൂടുമ്പോഴും പരസ്പരം ബന്ധം നിലനിർത്തുന്നതിന്റെ ഭാഗമായി അതതു കമ്പനികളുടെ പേരിൽ പസ്യമായി ഡയറികളും ഗിഫ്റ്റുകളും കൈമാറാറുണ്ട്. ഇത് കമ്പനികൾ അറിയുന്നതും അംഗീകരിക്കുന്നതും ആയത് കൊണ്ടും ഇത് കൊണ്ട് അനർഹമായത് നേടുകയോ അർഹമായത് തടയുകയോ ചെയ്യന്ന സാഹചര്യം ഇല്ലാത്തത് കൊണ്ടും അനുവദനീയമാണ്. കാരണം പരസ്പരം ഗിഫ്റ്റുകൾ കൊടുത്ത് സ്നേഹം ബന്ധം ഊട്ടിയുറപ്പിക്കണമെന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (സ്വഹീഹുൽ ബുഖാരീ).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.