നാല് മദ്ഹബുകള്‍ എന്തിനാണ്? എല്ലാവര്ക്കും ഒന്ന് പോരെ?

ചോദ്യകർത്താവ്

muhammad jahfar sadiq

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇസ്‌ലാമിക കര്‍മ്മശാസ്ത്രം എന്നത് വളരെ വിശാലമായ ശാഖയാണ്. ഖുര്‍ആനും ഹദീസും ഇജ്മാഉം ഖിയാസുമൊക്കെയാണ് അതിന് അടിസ്ഥാനമാക്കുന്നത്. അവയില്‍ അവഗാഹവും ആഴമേറിയ പാണ്ഡിത്യവുമുള്ളവര്‍ക്ക്, വ്യക്തമായ വിധികളില്ലാത്തവയില്‍ സ്വന്തം ബുദ്ധിഉപയോഗിച്ച് മേല്‍പറഞ്ഞവയില്‍നിന്ന് വിധികള്‍ സ്വയം കണ്ടെത്തലും മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കലും നിര്‍ബന്ധമാണ്. അത്തരം പണ്ഡിതരെയാണ് മുജ്തഹിദ് എന്ന് പറയുന്നത്. ലക്ഷക്കണക്കിന് ഖുര്‍ആനും അതിന്റെ മുഴുവന്‍ ആയതുകളുടെയും അവതരണപശ്ചാത്തലമടക്കം മുഴുവ്യാഖ്യാനവും അറിയുന്നതോടൊപ്പം ലക്ഷക്കണക്കിന് ഹദീസുകളും അറബി ഭാഷയുടെ വിവിധ വിജ്ഞാനശാഖകളുമൊക്കെ സ്വായത്തമാവുമ്പോള്‍ മാത്രമേ മുജ്തഹിദ് ആവുകയുള്ളൂ. അത്തരം മുജ്തഹിദുകള്‍ക്ക് മറ്റുള്ളവരെ അനുകരിക്കാന്‍ അനുവാദമില്ല, മറിച്ച് സ്വയം വിധികള്‍ കണ്ടെത്തുക തന്നേ വേണം. അല്ലാത്തവര്‍ക്ക് ഇജ്തിഹാദ് ചെയ്യാന്‍ അനുവാദമില്ല, മറ്റു മുജ്തഹിദുകളെ അനുകരിക്കുക തന്നെ വേണം. ഇമാം മുസ്‌ലിം, തുര്‍മുദി, നസാഈ, ഇബ്നുമാജ, അബൂദാവൂദ് തുടങ്ങിയ പ്രമുഖ ഹദീസ് പണ്ഡിതരും ഇമാം ഗസാലി അടക്കമുള്ള പണ്ഡിതപ്രതിഭകളൊക്കെ സ്വയം ഇജ്തിഹാദ് ചെയ്യാതെ കര്‍മ്മശാസ്ത്രനിയമങ്ങളില്‍ നാലാലൊരു മദ്ഹബിനെ അനുകരിച്ചതും അതുകൊണ്ട് തന്നെയായിരുന്നു. സമൂഹത്തില്‍ എല്ലാവരും അത്രയും പാണ്ഡിത്യം നേടി മുജ്തഹിദുകളാവുക എന്നത് പ്രായോഗികമല്ലെന്ന് മേല്‍പറഞ്ഞതില്‍നിന്ന് വ്യക്തമായല്ലോ. സ്വയം ഇജ്തിഹാദ് ചെയ്യാന്‍ അവകാശവും അവഗാഹവുമില്ലാത്തവര്‍ക്ക് മറ്റുള്ള അര്‍ഹരും അവഗാഹം നേടിയവരുമായ ഏത് മുജ്തഹിദിനെയും അനുകരിക്കാം. താന്‍ ചെയ്യുന്ന കാര്യങ്ങളില്‍‍ , അദ്ദേഹം കണ്ടെത്തിയ നിയമങ്ങളും രീതികളുമൊക്കെ അറിഞ്ഞിരിക്കണമെന്ന് മാത്രം. ഇത്തരത്തില്‍ ആര്‍ക്കും അനുകരിക്കാവുന്നവിധം ക്രോഡീകൃതമായ മദ്ഹബുകള്‍ ഇന്ന് ലഭ്യമായത് നാലെണ്ണമാണ്. വേറെയും മദ്ഹബുകളുണ്ടായിരുന്നു. പക്ഷേ, അവ കൃത്യമായി ക്രോഡീകരിക്കപ്പെട്ടിട്ടില്ല എന്നതിനാല്‍ അവയെ അനുകരിക്കാന്‍ സാധ്യമല്ല. കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ഈ അഭിപ്രായാന്തരങ്ങള്‍ സമൂഹത്തിന് അനുഗ്രഹമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മതം എളുപ്പമാണ്, പ്രയാസപ്പെടുമ്പോള്‍ അത് വിശാലമാവുന്നു എന്ന പ്രാവചകവചനം ഇതിലൂടെയും സാക്ഷാല്‍കൃതമാവുന്നുണ്ട്. എന്റെ സമൂഹത്തിലെ (യോഗ്യരായ പണ്ഡിതരുടെ) അഭിപ്രായവ്യത്യാസങ്ങള്‍ സമൂഹത്തിന് ഗുണമാണെന്ന് ഇമാം ബൈഹഖി നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം, അതും സൂചിപ്പിക്കുന്നത് ഇതിലേക്ക് തന്നെയാണ്. കര്‍മ്മശാസ്ത്രത്തിന്റെ ഉല്‍ഭവത്തെക്കുറിച്ചും മദ്ഹബുകളെക്കുറിച്ചും കൂടുതലറിയാന്‍ ഇവിടെ നോക്കുക. കര്‍മ്മങ്ങളെല്ലാം ശരിയാം വിധം ചെയ്യാനും അവ സ്വീകരിക്കപ്പെടാനും സൌഭാഗ്യം ലഭിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter