പെരുന്നാള്‍ നിസ്കാരം പള്ളിയില്‍ നിര്‍വ്വഹിക്കുന്നതാണോ ഈദ് ഗാഹില്‍ നിര്‍വ്വഹിക്കുന്നതാണോ ഏറ്റവും പുണ്യമുള്ളത്?

ചോദ്യകർത്താവ്

ഖമറുദ്ദീന്‍, ജാബിര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പെരുന്നാള്‍ നിസ്കാരം പള്ളിയില്‍ വെച്ച് തന്നെ നിര്‍വ്വഹിക്കലാണ് ഏറ്റവും ഉത്തമമെന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം. പള്ളിയില്‍ വേണ്ടത്ര സൌകര്യമില്ലാതിരിക്കുകയോ മറ്റു ബുദ്ധിമുട്ടുകള്‍ നേരിടുകയോ ചെയ്യുമ്പോള്‍ പള്ളിക്ക് പുറത്ത് ഗ്രൌണ്ടുകളിലും മറ്റും നടത്താവുന്നതാണ്. പ്രവാചകര്‍ (സ)യുടെ കാലത്ത് പെരുന്നാള്‍ നിസ്കാരത്തിനായി പള്ളിക്ക് പുറത്തുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് പോയതായി ഹദീസുകളില്‍ കാണാം, എന്നാല്‍ അങ്ങനെ ചെയ്തത് എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ മാത്രം പള്ളിയില്‍ സൌകര്യമില്ലാതിരുന്നതിനാലാണെന്നാണ് ശാഫിഈ മദ്ഹബിലെ പണ്ഡിതരുടെ പക്ഷം. അതേ സമയം, പെരുന്നാള്‍ നിസ്കാരം പള്ളിക്ക് പുറത്തുള്ള ഏതെങ്കിലും ഒഴിഞ്ഞ സ്ഥലത്താണ് ഉത്തമം എന്നാണ് ഇതര മദ്ഹബുകളുടെ അഭിപ്രായം. ശാഫിഈ മദ്ഹബിലെ തന്നെ ചില പണ്ഡിതരും അങ്ങനെ അഭിപ്രായപ്പെടുന്നുണ്ട്. മക്കയിലാണെങ്കില്‍ ഹറമില്‍ തന്നെയാണ് പെരുന്നാള്‍ നിസ്കാരവും നിര്‍വ്വഹിക്കേണ്ടത് എന്നതാണ് എല്ലാ മദ്ഹബുകളുടെയും അഭിപ്രായം. മദീനയിലെ പള്ളിക്കും ബൈതുല്‍ മുഖദ്ദസിനും അതേ വിധി തന്നെയാണെന്ന് ഏറെ പണ്ഡിതരും പറയുന്നു. ആരാധനാകര്‍മ്മങ്ങള്‍ ശരിയായ വിധം നിര്‍വ്വഹിക്കാനും അവ സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter