നീക്കേണ്ട നഖവും രോമവും 40 ദിവസങ്ങള്‍ക്കുള്ളില്‍ വടിക്കുകയോ വെട്ടുകയോ വേണം എന്ന് പറയുന്നത് ശരിയാണോ? 40 ദിവസത്തിനു ശേഷം അവ വിഷാംശമുള്ളതായി മാറുമെന്നത് പറയുന്നത് ശരിയാണോ? ഇത് സ്ത്രീക്കും പുരുഷനും ബാധകമാണോ?

ചോദ്യകർത്താവ്

മൂസ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നഖവും ശരീരത്തിലെ നീക്കേണ്ട രോമങ്ങളുമെല്ലാം ആവശ്യമാവുന്ന മുറക്ക് നീക്കേണ്ടതാണ്, അവ നീക്കം ചെയ്യാതെ വളര്‍ത്തുക എന്നത് പ്രവാചക ചര്യക്ക് വിരുദ്ധമാണ്. ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, അഞ്ച് കാര്യങ്ങള്‍ മനുഷ്യപക്വതയില്‍ (ഫിത്റത്) പെട്ടതാണ്, ഗുഹ്യരോമം നീക്കം ചെയ്യല്‍, ചേലാകര്‍മ്മം, മീശ വെട്ടല്‍, കക്ഷരോമം പറിച്ചുകളയല്‍, നഖം വെട്ടല്‍.. വെള്ളിയാഴ്ച ദിവസത്തെ മര്യാദകള്‍ പറയുന്നിടത്ത് വ്യാഴാഴ്ച വൈകിട്ടോ വെള്ളിയാഴ്ച ജുമുഅക്ക് മുമ്പോ ആയി, നഖം വെട്ടുക, മുടികള്‍ നീക്കം ചെയ്യുക തുടങ്ങിയവ പറഞ്ഞതായി കാണാം, അഥവാ, ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത്തരം കാര്യങ്ങള്‍ ചെയ്തിരിക്കല്‍ പുണ്യമാണ് എന്നര്‍ത്ഥം. ഇത്തരം ഹദീസുകളുടെ വ്യാഖ്യാനത്തില്‍ ഇമാം നവവി (റ) പറയുന്നു, പ്രവാചകരുടെ അനുയായികള്‍ ഈ കാര്യങ്ങളൊന്നും സമമായാല്‍ ഒട്ടും പിന്തിപ്പിക്കാറില്ലായിരുന്നു, വല്ല കാരണങ്ങളാലും കൃത്യസമയത്ത് ചെയ്യാന്‍ കഴിയാതെ പോയാല്‍തന്നെ, അവരാരും നാല്‍പത് ദിവസത്തിലധികം അവയൊന്നും പിന്തിക്കാറില്ലായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാവാം നാല്‍പത് ദിവസത്തില്‍ ഒരിക്കലെങ്കിലും ഇത്തരം കാര്യങ്ങള്‍ ചെയ്തിരിക്കണം എന്ന് പറയുന്നത്. ചോദ്യകര്‍ത്താവ് പറഞ്ഞപോലെ, നാല്‍പത് ദിവസം കഴിഞ്ഞാല്‍ വിഷാംശമുള്ളതായി മാറുമെന്ന് ഗ്രന്ഥങ്ങളില്‍ ഉള്ളതായി അറിവായിട്ടില്ല. നഖം നീക്കം ചെയ്യാതെ നീട്ടിവളര്‍ത്തിയാല്‍ അതിന് കീഴില്‍ ചെളിയോ മറ്റു രോഗാണുക്കളോ ഒക്കെ അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ടെന്ന് പറയേണ്ടതില്ലല്ലോ. വൃത്തിയാക്കല്‍ പ്രയാസകരമായ, മേല്‍പറഞ്ഞ രോമങ്ങളുള്ള ഇടങ്ങളിലും അത്തരം സാഹചര്യം ഉണ്ടാവാനുള്ള സാധ്യത ഏറെയാണെന്ന് കേവലചിന്ത കൊണ്ട് തന്നെ മനസ്സിലാക്കാവുന്നതാണല്ലോ. മേല്‍പറഞ്ഞതൊക്കെ, സ്ത്രീക്കും പുരുഷനും ഒരു പോലെ ബാധകം തന്നെയാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter