പുണ്യ നബി(സ)യുടെ വിവാഹങ്ങളില്‍ ശത്രുക്കള്‍ ഏറ്റവും ആരോപണം ഉന്നയിക്കുന്നതാണല്ലൊ മഹതിയായ സൈനബ് (റ) യുമായി ഉള്ള വിവാഹം. സൈദ് (റ) വിവാഹ മോചനം ചെയ്ത ശേഷമാണ് ആ മഹതിയെ നബി തങ്ങള്‍ വിവാഹം ചെയ്ത് ഉമ്മഹാതുല്‍ മുഅമിനീന്‍ എന്ന ഏറ്റവും മഹത്തായ സ്ഥാനം നല്‍കിയത് എന്നാണല്ലോ ചരിത്രം. ഇങ്ങനെ സംഭവിക്കാന്‍ എന്താണ് കാരണം? ഇതിന്‍റെ ചരിത്ര പശ്ചാത്തലം ഒന്ന് വിവരിക്കാമോ?

ചോദ്യകർത്താവ്

സഗീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സൈനബ് (റ)വുമായുള്ള പ്രവാചകരുടെ വിവാഹം ഏറെ ചര്‍ച്ചകള്‍ക്കും അതിലുപരി ശത്രുക്കളുടെ ആരോപണങ്ങള്‍ക്കും വിധേയമായതാണ്. ആ വിവാഹത്തിന്റെ സത്യാവസ്ഥ മനസ്സിലാകാന്‍ ആ സാഹചര്യം ഒന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. കുട്ടികളെ ദത്തെടുക്കുന്ന രീതി, അന്നത്തെ അറബി സമൂഹത്തില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്നു, അങ്ങനെ ദത്തെടുക്കുന്നതിലൂടെ അവര്‍ സ്വന്തം മക്കളായിത്തീരുമെന്ന് അവര്‍ വിശ്വസിക്കുകയും ചെയ്തിരുന്നു. ഈ മൂഢധാരണ പൊളിച്ചെഴുതാന്‍ സ്വന്തം ദത്തുപുത്രനായ സൈദ് (റ) തന്റെ ഭാര്യയായ സൈനബ്(റ)(ഇവര്‍ പ്രവാചകരുടെ പിതൃസഹോദരീ പുത്രി കൂടിയാണ്) യെ മൊഴിചൊല്ലിയപ്പോള്‍, അവരെ വിവാഹം കഴിക്കാന്‍ അല്ലാഹു പ്രവാചകരോട് കല്പിച്ചത്. (സ്വന്തം മകന്റെ ഭാര്യ, ശേഷം പിതാവിന് ഒരു നിലക്കും അനുവദനീയമല്ലെന്നതാണ് ഇസ്ലാമികനിയമം). അത് കല്പിക്കപ്പെട്ടപ്പോള്‍, പ്രവാചകര്ക്ക് ഏറെ ആശങ്കയുണ്ടായിരുന്നു. ജനങ്ങള്‍ അതിനോട് എങ്ങനെ പ്രതികരിക്കുമെന്നതിനാല്‍ പ്രവാചകര്‍ അത് ചെയ്യാന്‍ മനസ്സാ വിഷമിച്ചു. പ്രവാചകര്‍ (സ) സൈദ് (റ)വിനോട് അവരെ മൊഴിചൊല്ലരുതെന്ന് പറയുമ്പോഴും, സൈദ് (റ) വിവാഹം മോചനം നടത്തുമെന്നും ശേഷം അവരെ താങ്കള്‍ വിവാഹം കഴിക്കണമെന്നുമുള്ള അല്ലാഹുവിന്റെ അറിയിപ്പ് പ്രവാചകരുടെ മനസ്സിലുണ്ടായിരുന്നു. ഇതാണ് സൂറതുല്‍ അഹ്സാബിലൂടെ ഖുര്ആന്‍ വ്യക്തമാക്കുന്നത്, താങ്കള് മനസ്സില്‍ ഒളിപ്പിച്ചുവെക്കുന്ന കാര്യം അല്ലാഹു വെളിപ്പെടുത്തും, നിങ്ങള് ജനങ്ങളെ ഭയക്കുന്നു, അല്ലാഹുവിനെയാണ് ഏറ്റവും ഭയക്കേണ്ടത്. അതോടൊപ്പം, ദത്തുപുത്രര്‍ യഥാര്‍ത്ഥ പുത്രരല്ലെന്ന് സ്ഥാപിക്കാനായി ഇത്തരത്തില്‍ പ്രവര്‍ത്തിച്ച് കാണിച്ചുകൊടുക്കാമെന്ന് പ്രവാചകരും ചിന്തിച്ചിരുന്നു എന്ന് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പറയുന്നുണ്ട്. പലിശ നിഷിദ്ധമാക്കിയപ്പോള്‍, തന്റെ പിതൃവ്യന്‍ അബ്ബാസ് (റ)വിന്റെ പലിശ എഴുതിത്തള്ളിക്കൊണ്ട് പ്രവാചകര്‍ ആ മാറ്റത്തിന് തുടക്കം കുറിച്ചത് ചരിത്രത്തില്‍ നാം കണ്ടതാണല്ലോ. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവില്‍നിന്ന് അവതീര്‍ണ്ണമായതാണെന്നും അത് ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന കാര്യത്തില്‍ പ്രവാചകര്‍ (സ) യാതൊരു വിധ വീഴ്ചയും വരുത്തിയിട്ടില്ലെന്നും ആര്‍ക്കും വ്യക്തമാക്കുന്നത് കൂടിയാണ് ഈ സൂക്തം എന്നും പണ്ഡിതര്‍ ഇവിടെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. അതോടൊപ്പം പ്രവാചകര്‍ (സ്വ) സൈനബ് (റ) വിനെ വിവാഹം കഴിച്ചത്, അക്കാലത്തെ ഏതാനും ചില അവിശ്വാസികള്‍ ചര്‍ച്ചയാക്കി എന്നതല്ലാതെ, പ്രവാചകരെ അടുത്തറിയുന്ന സ്വഹാബികളില്‍ ഒരാള്‍ക്ക് പോലും അത്തരം സംശയമൊന്നും തന്നെ തോന്നിയില്ലെന്നതും പ്രവാചകരുടെ ഉദ്ദേശ്യശുദ്ധിയുടെ മറ്റൊരു വലിയ തെളിവ് തന്നെയാണല്ലോ. സുദൃഢമായ വിശ്വാസത്തോടെ ജീവിക്കാനും പൂര്‍ണ്ണ ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter