കുതുബിയത് ശരിയാണോ? മുഹിയിദ്ദീന്‍ ഷെയ്ഖിനെ ഹാജരാക്കാന്‍ വിളിക്കാമോ?

ചോദ്യകർത്താവ്

സിദ്ദീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആത്മീയ, പ്രബോധന രംഗത്ത് ഒരു വലിയ വിപ്ലവം സൃഷ്ടിച്ച് കടന്നു പോയ മാഹാനുഭാവനാണ് ശൈഖ് മുഹ്‍യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ അല്‍ജീലാനീ. ലോകത്തു കഴിഞ്ഞുപോയ - വഹ്ഹാബികളടക്കം - എല്ലാ പണ്ഡിതന്മാരും ജീലാനി തങ്ങളുടെ മഹത്തം അംഗീകരിച്ചതാണ്. അവരുടെ ജീവിതത്തിലെ പല അനര്‍ഘ നിമിഷങ്ങളും അത്ഭുത സംഭവങ്ങളും കാവ്യ രൂപത്തില്‍ കോര്‍ത്തിണക്കിയ ഒരു നല്ല സാഹിത്യ കൃതിയാണ് ഖുഥുബിയ്യത് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇത് രചിച്ചത് വലിയ പണ്ഡിതനും സൂഫീവര്യനും അല്ലാഹുവിന്‍റെ വലിയ്യുമായിരുന്ന സദഖത്തുല്ലാഹില്‍ ഖാഹിരീ എന്നവരാണ്. മഹാന്മാരുടെ ജീവ ചരിത്രം പാടലും പറയലും അനുവദനീയമാണെന്നു മാത്രമല്ല പുണ്യം കൂടിയാണ്. ആത്മാര്‍ത്ഥമായി എന്നെ വിളിച്ചാല്‍ ഞാന്‍ അവനു ഉത്തരം നല്‍കുമെന്ന മുഹ്‍യിദ്ദീന്‍ ശൈഖിന്‍റെ (ഖലാഇദ്, തഫ്‍രീജുല്‍ ഖാഥിര്‍) വാക്കിന്‍റെ അടിസ്ഥാനത്തില്‍ മുഹ്‍യിദ്ദീന്‍ ശൈഖിനെ വിളിക്കുന്നതാണ് നമ്മുടെ നാടുകളില്‍ നടത്തപ്പെടുന്ന ഖുഥുബിയ്യത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗം. ശൈഖിന്‍റെ (അല്ലാഹുവിന്‍റെ വേണ്ടുകയാലുള്ള) സഹായവും അനുഗ്രഹവും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടയാണ് ഇങ്ങനെ വിളിക്കുന്നത്. മഹാന്മാരുടെ ആത്മീയ സാന്നിധ്യമുണ്ടാവുകയെന്നത് അസംഭവ്യമൊന്നുമല്ലോ. മരിച്ചു പോയ മഹാന്മാരെ വിളിക്കുക, അവരോട് സഹായം തേടുക തുടങ്ങിയ ഇസ്തിഗാസ ശിര്‍ക്കാണെന്നാരോപിക്കുന്നവര്‍ ഇതിനെയും എതിര്‍ക്കുന്നു. പ്രാര്‍ത്ഥന പരമമായ അര്‍ത്ഥത്തില്‍ അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. അല്ലാഹു അല്ലാത്തവര്‍ക്ക് സഹായിക്കാനാവും എന്ന വിശ്വാസത്തില്‍ മരണപ്പെട്ടവരെയോ ജീവിച്ചിരിക്കുന്നവരെയോ മറ്റു എന്തുവസ്തുവിനെ വിളിച്ച് പ്രാര്‍ത്ഥിച്ചാലും അതൊക്കെ ശിര്‍ക് തന്നെയാണ്. ഈ ആശയം വ്യക്തമാക്കുന്ന ധാരാളം ആയതുകള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്. ഡോക്ടര്‍ക്ക് സ്വന്തമായി രോഗം മാറ്റാനാവുമെന്ന വിശ്വാസത്തോടെ ഡോക്ടറെ സമീപിക്കുന്നതും അതിന്റെ പരിധിയില്‍ പെടും. എന്നാല്‍, അല്ലാഹു നല്‍കിയ കഴിവുകൊണ്ട് സഹായിക്കുമെന്ന ഉദ്ദേശ്യത്തോടെ മറ്റുള്ളവരെ വിളിച്ചാല്‍ അത് ശിര്‍കിന്റെ പരിധിയില്‍ വരില്ലെന്നാണ് പണ്ഡിതര്‍ പറയുന്നത്. തവസ്സുല്‍, ഇസ്തിഗാസ എന്നിവ വരുന്നത് ഇതിന്റെ പരിധിയിലാണ്, കാരണം ലാഇലാഹഇല്ലല്ലാഹ് എന്ന് ഉറച്ച് വിശ്വസിക്കുന്ന, എല്ലാ കഴിവുകളും അല്ലാഹുവിന്റേത് മാത്രമാണെന്ന് അറിയുന്നവരാണ് അത് ചെയ്യുന്നത് എന്നത് തന്നെ. മരുന്നും അത് കുറിച്ചുതരുന്ന ഡോക്ടറും കേവലം നിമിത്തങ്ങളാണെന്ന് വിശ്വാസത്തോടെ ഡോക്ടറോട് സഹായം തേടുന്ന പോലെത്തന്നെയാണ് അത്. ചുരുക്കത്തില്‍ മേല്‍പറഞ്ഞ വിശ്വാസമാണ് പ്രധാനം, അതില്‍ മരിച്ചവരെന്നോ ജീവിച്ചിരിക്കുന്നവരെന്നോ ഭൌതികമെന്നോ അഭൌതികമെന്നോ വ്യത്യാസമില്ല. ഇവ്വിഷയകമായി കൂടുതലറിയാന്‍ ഇവിടെ നോക്കുക. അത്തരം വാദക്കാരെ കുറിച്ച് തെറ്റിദ്ധരിച്ചവരെന്നേ പറയാനുള്ളൂ. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെങ്കിലും മറ്റുള്ളവരെ മുശ്രിക് ആക്കുന്നത് ഏറെ ഗൌരവമേറിയതാണ്. ഖുഥുബിയ്യത് ശരിയും അതു പുണ്യവുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter