വിവിധ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് എടുത്ത് കൊടുക്കുന്ന ജോലിയുള്ള വ്യക്തി, പലിശയുള്ള ബാങ്കുകള്‍ക്ക് ലൈസന്‍സ് ശരിയാക്കികൊടുക്കുന്നതിന്‍റെ വിധിയെന്താണ്?

ചോദ്യകർത്താവ്

ജാസ്മിന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തെറ്റായ ഒരു കാര്യത്തിലും പരസ്പരം സഹകരിക്കാതിരിക്കുകയെന്നതാണ് ഇസ്‌ലാമിക നിലപാട്. ഖുര്‍ആന്‍ പറയുന്നു. പുണ്യത്തിലും ദൈവഭക്തിയിലും പരസ്പരം സഹായികളാവുക. പാപത്തിലും പരാക്രമത്തിലും പരസ്പരം സഹായികളാകരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. (അല്‍-മാഇദ: 2) പലിശ ഇസ്‌ലാം നിരാകരിച്ചതും ഏറ്റവും വലിയ പാപങ്ങളില്‍ ഒന്നായി എണ്ണിയിട്ടുള്ളതുമാണ് സുവിദിതമാണല്ലോ. പലിശ ഉപേക്ഷിക്കാന്‍ തയ്യാറാകാത്തവരോട് യുദ്ധ പ്രഖ്യാപനം നടത്തുന്നുണ്ട് ഖുര്‍ആന്‍.  “വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. പലിശയിനത്തില്‍ ബാക്കിയുള്ളത് ഉപേക്ഷിക്കുക. നിങ്ങള്‍ വിശ്വാസികളെങ്കില്‍! നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അറിയുക: നിങ്ങള്‍ക്കെതിരെ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും യുദ്ധപ്രഖ്യാപനമുണ്ട്. നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കുതന്നെയുള്ളതാണ്; നിങ്ങള്‍ ആരെയും ദ്രോഹിക്കാതെയും. ആരുടെയും ദ്രോഹത്തിനിരയാകാതെയും.(അല്‍-ബഖറ 278-279) മദ്യം നിര്‍മ്മിക്കുന്നവര്‍ക്ക് അതിനാവശ്യമായ മുന്തിരി വില്‍പന നടത്തുന്നത് നിഷിദ്ധമാണെന്ന് ഫിഖ്‌ഹീഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നുണ്ട് (തുഹ്ഫ 4:316). അതുപോലെ തന്നെ നിയമവിരുദ്ധ യുദ്ധങ്ങളുടെയും ആഭ്യന്തര കുഴപ്പങ്ങളുടെയും സമയത്ത് ആയുധ വില്‍പ്പന നടത്തുന്നതും ഇസ്‌ലാം നിരോധിക്കുന്നുണ്ട്. ഇതൊക്കെയും തെറ്റുകളില്‍ പങ്കാളിത്തമായിട്ടാണ് ഇസ്‌ലാം കാണുന്നത്. അത് കൊണ്ട് തന്നെ സ്ഥാപനങ്ങള്‍ക്ക്‌ ലൈസന്‍സ് എടുത്തുകൊടുക്കുന്നത് അനുവദിനീയമായതാണെങ്കിലും പലിശ സ്ഥാപനത്തിനു അത് എടുത്തുകൊടുക്കുന്നതിലൂടെ അവരെ സഹായിക്കുകയാണ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ അത് നിഷിദ്ധ(ഹറാം)വുമാണ്. ജാബിര്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ അദ്ദേഹം പറയുന്നു : “പലിശ ഭക്ഷിക്കുന്നവനെയും ഭക്ഷിപ്പിക്കുന്നവനെയും അത് എഴുതുന്നവനെയും അതിന്റെ സാക്ഷികളെയും അല്ലാഹുവിന്റെ ദൂതര്‍ ശപിച്ചിരിക്കുന്നു” (മുസ്‌ലിം, അഹ്മദ്‌). എഴുതുന്നവന്‍ എന്ന് പറയുമ്പോള്‍ അതുമായി ബന്ധപ്പെട്ടുള്ള ഭരണപരവും മറ്റുമുള്ള ജോലികള്‍ ഉള്‍പ്പെടുമെന്ന് മനസ്സിലാക്കാവുന്നതാണ്. ഹലാലായത് മാത്രം സമ്പാദിക്കാനും ഹലാല് മാത്രം ഭക്ഷിക്കാനും അല്ലാഹു തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter