എന്‍റെ വീട് പണി നടക്കുന്ന സമയത്ത് ഒരാള്‍ വന്ന് തറ കണ്ട് ചില അല്‍ഭുത വാക്കുകള്‍ പ്രകടിപ്പിച്ചു. അതിന് ശേഷം പതിനാറ് വര്‍ഷം കഴിഞ്ഞെങ്കിലും ഇന്നും പണി പൂര്‍ത്തിയാവാതെ കിടക്കുന്നു. കണ്ണേറ് തട്ടിയതാണെന്ന് പറയുന്നതിന് വല്ല അടിസ്ഥാനവുമുണ്ടോ? ഉണ്ടെങ്കില്‍ എന്താണ് അതിന് പ്രതിവിധി?

ചോദ്യകർത്താവ്

അബൂസാലിഹ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കണ്ണേറ് എന്നത് സത്യമാണ്. ഹദീസുകളില്‍ ഇത് പരാമര്‍ശിക്കുന്നത് കാണാം. ഇബ്നുഅബ്ബാസ് (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, കണ്ണേറ് സത്യമാണ്, വിധിയെ മറി കടക്കാന്‍ വല്ലതിനും സാധ്യമായിരുന്നെങ്കില്‍ കണ്ണ് അതിനെ മറി കടക്കുമായിരുന്നു. (മുസ്‌ലിം) പ്രവാചകര്‍ (സ)യുടെ കാലത്ത് നടന്ന ഒരു സംഭവം ഇമാം അഹ്മദ് (റ)വും നസാഇയും നിവേദനം ചെയ്യുന്നുണ്ട്. സഹ്ല്‍ബിന്‍ഹനീഫ് (റ) എന്ന സ്വഹാബി ഏറെ സുമുഖനും നല്ല വെളുത്ത ശരീരത്തിന്‍റെ ഉടമയുമായിരുന്നു. ഒരിക്കല്‍ അദ്ദേഹം കുളിക്കുന്ന സമയത്ത് അത് കണ്ട ആമിര്‍ബിന്‍ റബീഅ (റ), ഇത്ര നല്ല ചര്‍മ്മം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല എന്ന് അല്‍ഭുതം പ്രകടിപ്പിക്കുകയും ഉടനെ അദ്ദേഹം ബോധം കെട്ട് വീഴുകയും ചെയ്തു. ഉടനെ പ്രവാചകരുടെ സമീപത്തേക്ക് അദ്ദേഹത്തെ കൊണ്ടുവന്നപ്പോള്‍ അവിടുന്ന് ചോദിച്ചു, നിങ്ങള്‍ക്ക് ആരെയെങ്കിലും (കണ്ണ് ബാധിച്ചതായി) സംശയമുണ്ടോ? അവര്‍ പറഞ്ഞു, ആമിര്‍ബിന്‍ റബീഅയെ ഞങ്ങള്‍ സംശയിക്കുന്നു. പ്രവാചകര്‍ അദ്ദേഹത്തെ വിളിച്ചുവരുത്തി. അദ്ദേഹത്തോട് അല്‍പം ദേഷ്യപ്പെട്ടു, എന്നിട്ട് ഇങ്ങനെ പറഞ്ഞു, എന്തിനാ നിങ്ങളില്‍ ഒരാള്‍ തന്‍റെ സഹോദരനെ കൊല്ലുന്നത്. അല്‍ഭുതം തോന്നുന്ന വല്ലതും കാണുന്ന പക്ഷം, ബര്‍കത് ഉണ്ടാവാന്‍ ദുആ ചെയ്തുകൂടായിരുന്നില്ലേ. അത് കൊണ്ട്, അല്‍ഭുതം തോന്നുന്ന വല്ലതും കാണുന്ന പക്ഷം, ما شاء الله لا قوة الا بالله എന്ന് പറഞ്ഞ് അതില്‍ ബര്‍കത് ലഭിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്ന് ആയതിന്‍റെയും ഹദീസുകളുടെയും അടിസ്ഥാനത്തില്‍ പണ്ഡിതര്‍ പറയുന്നുണ്ട്. മറ്റുള്ളവരില്‍നിന്ന് ഇത്തരം വല്ലതും ഉണ്ടാവുമെന്ന് ഭയപ്പെടുന്ന പക്ഷം, സൂറതുല്‍ഫലഖും നാസും ഓതി അല്ലാഹുവിനോട് കാവലിനെ തേടണമെന്നും ഹദീസുകളില്‍ കാണാം. ശര്‍ഇയ്യായ മറ്റു മന്ത്രങ്ങള്‍ നടത്താവുന്നതും അതിനായി മറ്റുള്ളവരെ സമീപിക്കാവുന്നതുമാണ്. സൂറതുല്‍ ഫാതിഹയും ആയതുല്‍ കുര്‍സിയും സൂറതുല്‍ ബഖറയിലെ അവസാന രണ്ട് ആയതുകളും (ആമനറസൂല്‍) എല്ലാം ഇതിന് മന്ത്രിക്കാവുന്നവയാണ്. ദിവസവും രാവിലെയും വൈകുന്നേരവും بسم الله الذي لا يضر مع اسمه شيئ في الارض ولا في السماء وهو السميع العليم എന്ന ദിക്റ് മൂന്ന് പ്രാവശ്യം ചൊല്ലുന്നത് പതിവാക്കിയാല്‍ ഇത്തരം ശല്യങ്ങളില്‍നിന്നെല്ലാം രക്ഷ നേടാമെന്ന് ഇമാം തിര്‍മിദി നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. അതേസമയം, അനിഷ്ടകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതെല്ലാം കണ്ണേറ് കൊണ്ടാണെന്ന് വിശ്വസിക്കുകയും അതിന്‍റെ പേരില്‍ മറ്റുള്ളവരെ സംശയിക്കുകയും ചെയ്യുന്നത് ശരിയല്ല. അല്ലാഹുവിലുള്ള ഉറച്ച വിശ്വാസമുണ്ടാവുകയും ദൈനംദിന ദിക്റുകള്‍ പതിവാക്കുകയും ചെയ്യുന്നവര്‍ക്ക് അത്തരം കാര്യങ്ങളൊന്നും ബാധിക്കില്ലെന്ന് നാം നേരത്തെ പറഞ്ഞല്ലോ. അസൂയ, കണ്ണേറ് തുടങ്ങിയവയുടെ ശല്യങ്ങളില്‍നിന്ന് നാഥന്‍ നമ്മെയെല്ലാം രക്ഷിക്കുമാറാവട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter