വിവിധ മദ്ഹബുകളില്‍ ഒരേ വിഷയത്തില്‍ അഭിപ്രായവ്യത്യാസം വരുന്നത് എന്ത് കൊണ്ട്?

ചോദ്യകർത്താവ്

അബ്ദുല്ലാ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇസ്‌ലാമിക കര്‍മ്മശാസ്ത്രം എന്നത് വളരെ വിശാലമായ ശാഖയാണ്. ഖുര്‍ആനും ഹദീസും ഇജ്മാഉം ഖിയാസുമൊക്കെയാണ് അതിന് അടിസ്ഥാനമാക്കുന്നത്. അവയില്‍ അവഗാഹവും ആഴമേറിയ പാണ്ഡിത്യവുമുള്ളവര്‍ക്ക്, വ്യക്തമായ വിധികളില്ലാത്തവയില്‍ സ്വന്തം ബുദ്ധിഉപയോഗിച്ച് മേല്‍പറഞ്ഞവയില്‍നിന്ന് വിധികള്‍ സ്വയം കണ്ടെത്തലും മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കലും നിര്‍ബന്ധമാണ്. അത്തരം പണ്ഡിതരെയാണ് മുജ്തഹിദ് എന്ന് പറയുന്നത്. ഖുര്‍ആനിലും ഹദീസിലും മറ്റു എല്ലാ വിജ്ഞാന ശാഖകളിലും വേണ്ടത്ര അവഗാഹമുള്ള മുജ്തഹിദുകള്‍, വ്യക്തമായ വിധി വരാത്ത പ്രശ്നങ്ങളില്‍ പ്രത്യേക നിദാനശാസ്ത്രപ്രകാരം ഗവേഷണം നടത്തുകയായിരുന്നു. ഈ നിദാനശാസ്ത്രമാണ് വിവിധ അഭിപ്രായങ്ങളില്‍ അവരെ കൊണ്ടെത്തിക്കുന്നത്. അവര്‍ എത്തിപ്പെട്ട അഭിപ്രായങ്ങളെല്ലാം പ്രഥമദൃഷ്ടിയാ നമുക്ക് വിരുദ്ധമെന്ന് തോന്നുന്നുവെങ്കില്‍ പോലും അവയെല്ലാം ശരിയാണെന്നതാണ് വാസ്തവം. ഒരേ സമയം എല്ലാം ശരിയാവുന്നത് എങ്ങനെ എന്ന് നമുക്ക് അല്‍ഭുതം തോന്നിയേക്കാം. പ്രവാചകരുടെ കാലത്ത് നടന്ന ഒരു സംഭവം ഈ സംശയം ദൂരീകരിക്കാതിരിക്കില്ല. ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, അഹ്സാബിലെ ശത്രുസൈന്യം പിരിഞ്ഞുപോയ ശേഷം യാത്ര പുറപ്പെട്ട അനുചരരോട് റസൂല്‍ (സ) പറഞ്ഞു, ബനൂഖുറൈള ഗോത്രത്തിലെത്തിയിട്ടല്ലാതെ ആരും അസ്ര്‍ നിസ്കരിക്കരുത്. യാത്രക്കിടെ അസ്ര്‍ നിസ്കാരത്തിന്‍റെ സമയം കഴിയുമെന്നായപ്പോള്‍, നിസ്കാരം ഖളാആവരുതല്ലോ എന്ന് കരുതി, റസൂല്‍ (സ) ഉദ്ദേശിച്ചത് എത്രയും വേഗം അവിടെയെത്തണമെന്നാണെന്ന് മനസ്സിലാക്കി, ചിലര്‍ വഴിയില്‍ വെച്ച് തന്നെ നിസ്കാരം നിര്‍വ്വഹിച്ചു. മറ്റുള്ളവര്‍, പ്രവാചകരുടെ കല്‍പന അക്ഷരം പ്രതി പാലിച്ച് അസ്ര്‍ നിസ്കരിക്കാന്‍ പോലും നില്‍ക്കാതെ യാത്ര തുടര്‍ന്നു. ശേഷം വിവരം നബിതങ്ങളുടെ അടുത്തെത്തിയപ്പോള്‍, ഇരു വിഭാഗത്തെ അംഗീകരിക്കുകയാണ് റസൂല്‍ (സ) ചെയ്തത്. കര്‍മ്മപരമായ കാര്യങ്ങളില്‍, വ്യാഖ്യാനങ്ങള്‍ക്കനുസരിച്ച് അഭിപ്രായവ്യത്യാസമുണ്ടാകാം എന്നതിന്‍റെ അടിസ്ഥാനമായി ഇതിനെ കാണാമല്ലോ. കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ഈ അഭിപ്രായാന്തരങ്ങള്‍ സമൂഹത്തിന് അനുഗ്രഹമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മതം എളുപ്പമാണ്, പ്രയാസപ്പെടുമ്പോള്‍ അത് വിശാലമാവുന്നു എന്ന പ്രാവചകവചനം ഇതിലൂടെയും സാക്ഷാല്‍കൃതമാവുന്നുണ്ട്. എന്റെ സമൂഹത്തിലെ (യോഗ്യരായ പണ്ഡിതരുടെ) അഭിപ്രായവ്യത്യാസങ്ങള്‍ സമൂഹത്തിന് ഗുണമാണെന്ന് ഇമാം ബൈഹഖി നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം, അതും സൂചിപ്പിക്കുന്നത് ഇതിലേക്ക് തന്നെയാണ്. ഇവ്വിഷയകമായി വളരെ വിശദമായി മുമ്പ് നാം പ്രതിപാദിച്ചത് ഇവിടെ വായിക്കാം. കര്‍മ്മങ്ങളെല്ലാം ശരിയാം വിധം ചെയ്യാനും അവ സ്വീകരിക്കപ്പെടാനും സൌഭാഗ്യം ലഭിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter