ജീവിതത്തില്‍ ഏറെ മന പ്രയാസം അനുഭവിക്കുന്ന ഒരാളാണ് ഞാന്‍. പല മേഖലകളിലും ജോലി നോക്കിയെങ്കിലും എവിടെയും പറയത്തക്ക പുരോഗതി ലഭ്യമായിട്ടില്ല. എന്തൊരു കാര്യം ചെയ്താലും അത് ശരിയായോ ഇല്ലേ എന്ന് സംശയമാണ്. അതിനാലാണ്, പലപ്പോഴും ജോലിയില്‍ ശോഭിക്കാന്‍ കഴിയാത്തത്. ഇതിനെ എന്തെങ്കിലും പരിഹരാം നിര്‍ദ്ദേശിക്കാമോ?

ചോദ്യകർത്താവ്

ശംസുദ്ദീന്‍ പല്ലേരി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സുഹൃത്തേ, താങ്കളുടെ പ്രശ്നങ്ങളെ പങ്കുവെക്കാന്‍ ഈ സൈറ്റിനെ സമീപിച്ചതിലും ഞങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചതിലും ആദ്യമായി സന്തോഷം അറിയിക്കട്ടെ. ജോലിയിലെ അസംതൃപ്തി ഇന്ന് പലരും അനുഭവിക്കുന്നതാണ്. ചെയ്യുന്ന ജോലി കൃത്യമായും വൃത്തിയായും ചെയ്യുക എന്നതാണ് വിശുദ്ധ ഇസ്‌ലാമിന്‍റെ സിദ്ധാന്തം. ഒരു ഹദീസില്‍ ഇങ്ങനെ കാണാം, നിങ്ങളില്‍ ആരെങ്കിലും ഒരാള്‍ വല്ല ജോലിയും ചെയ്യുന്നുവെങ്കില്‍ അത് ശരിയാംവിധം ചെയ്യുന്നതാണ് അല്ലാഹുവിനിഷ്ടം. ജോലിക്കാരനായി നിശ്ചയിക്കാന്‍ ഏറ്റവും നല്ലത് ആ ജോലി അറിയുന്നവനും അതിന് കഴിയുന്നവനുമാണെന്ന് സൂറതുല്‍ ഖസസില്‍ പറയുന്നതായി കാണാം. ഇവയുടെ എല്ലാം അടിസ്ഥാനത്തില്‍ ഒരു ജോലിക്കാരന്‍ ശ്രദ്ധിച്ചിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യമായി, നമ്മെ ഏല്‍പിക്കപ്പെടുന്ന ജോലി, വേണ്ട വിധം അത് നിര്‍വ്വഹിക്കാന്‍ ആവശ്യമായ കഴിവും അറിവും ഉണ്ടെങ്കില്‍ മാത്രമേ അയാള്‍ അത് ഏറ്റെടുക്കാവൂ. പലരെയും ഭരണ കാര്യങ്ങള്‍ ഏല്‍പിക്കുന്നത് കണ്ട്, നീതിമാനായ ഭരണകര്‍ത്താവിന്‍റെ പ്രതിഫലം തനിക്കും ലഭിക്കണമെന്ന് കരുതി, തന്നെയും എവിടെയെങ്കിലും ഭരണം ഏല്‍പിക്കണമെന്ന് പറഞ്ഞ അബൂദര്‍ (റ) വിനോട്, താങ്കള്‍ക്ക് ഭരണകാര്യം ഏറ്റെടുക്കാനുള്ള കഴിവില്ലെന്ന് പറഞ്ഞ്, റസൂല്‍ (സ) ഉപദേശിച്ചത് അദ്ദേഹം തന്നെ നിവേദനം ചെയ്യുന്നുണ്ട്. ഏറ്റെടുക്കുന്ന ജോലി വേണ്ടവിധം നിര്‍വഹിക്കാനാവശ്യമായ അറിവും കഴിവും താല്‍പര്യവും ഉണ്ടാവുമ്പോള്‍ മാത്രമേ അതില്‍ സംതൃപ്തിയും വിജയവും നേടാനാവൂ. നാം എത്തിപ്പെടുന്ന മേഖലകള്‍ പലപ്പോഴും നമ്മുടെ താല്‍പര്യത്തിനനുസൃതമായില്ലെങ്കില്‍ പോലും പലപ്പോഴും നമുക്ക് അതില്‍ പിടിച്ച് നില്‍ക്കേണ്ടിവരും. അത്തരം സാഹചര്യങ്ങളില്‍ ആ മേഖലയില്‍ പരമാവധി അറിവ് നേടുകയും താല്‍പര്യകരമാക്കാന്‍ ശ്രമിക്കുകയും വേണം. ജീവിതത്തില്‍ നേരിടേണ്ടിവരുന്നതിനെയെല്ലാം ആസ്വദിക്കാനാവുക എന്നത് വലിയൊരു കഴിവാണ്. ആവുന്നതെല്ലാം ചെയ്തിട്ടും നിയന്ത്രിക്കാനാവാതെ, സ്വന്തം വീട് കത്തിയമര്‍ന്നപ്പോള്‍ അത് പോലും ആസ്വദിച്ചവരെ ചരിത്രത്തില്‍ കാണാം. ആയതിനാല്‍ അന്നം തേടിയുള്ള ജീവിതയാത്രയില്‍ എത്തിപ്പെടുന്ന മേഖലകളെ കഴിയം വിധം ആസ്വാദ്യകരമാക്കാനാണ് നാം ശ്രമിക്കേണ്ടത്. അവ വേണ്ടവിധം ചെയ്യാനുള്ള അറിവ് നേടി ആ മേഖലയില്‍ മുന്നേറാന്‍ ശ്രമിക്കുക. അതോടൊപ്പം ഓരോന്നിലും അത് ചെയ്യുന്ന സമയത്ത് മാത്രം ശ്രദ്ധിക്കുകയും അത് കഴിഞ്ഞാല്‍ പിന്നെ ആ ഭാഗത്തേക്ക് ചിന്തിക്കാതിരിക്കുകയും ചെയ്യുക. ചെയ്തത് ശരിയായോ ഇല്ലയോ എന്നത് ചെയ്യുന്ന സമയത്ത് ചിന്തിക്കേണ്ടതാണ്. ചെയ്തുകഴിഞ്ഞാല്‍ പിന്നെ അതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല. ആരാധനാകര്‍മ്മങ്ങളില്‍ വരെ, നിര്‍വ്വഹിച്ചുകഴിഞ്ഞശേഷം ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് യാതൊരു വിധ പരിഗണനയും നല്‍കേണ്ടതില്ലെന്നതാണ് കര്‍മ്മശാസ്ത്രം. ചെയ്യുന്ന കാര്യങ്ങളിലും ജീവിതത്തില്‍ മുഴുക്കെയും മനസ്സുറപ്പുണ്ടാവാന്‍ വിശുദ്ധ ഖുര്‍ആനിലെ അലംനശ്റഹ് സൂറത് ഓതുന്നത് പതിവാക്കുന്നതിലൂടെ വലിയ ഫലം ലഭിക്കുമെന്ന് ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്. അത് കൊണ്ട് തന്നെ ഇത്തരം കേവല സംശയ ചിന്തകള്‍ അവഗണിച്ചു തള്ളുകയും അത്തരം കാര്യങ്ങള്‍ക്ക്‌ കൂടുതല്‍ ശ്രദ്ധ കൊടുക്കാതിരിക്കുകയും ചെയ്യുക.

ASK YOUR QUESTION

Voting Poll

Get Newsletter