അമുസ്‌ലിംകളായ ആളുകളെ ഖുര്‍ആന്‍ ഓതിയോ മറ്റോ മന്ത്രിക്കാന്‍ പാടുണ്ടോ?

ചോദ്യകർത്താവ്

അബ്ദുറഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുര്‍ആനില്‍ പടച്ച തമ്പുരാന്‍ രോഗശമനം (ശിഫാഅ്) ഇറക്കിയിരിക്കുന്നുവെന്ന് വിശുദ്ധ ഖുര്‍ആനില്‍ തന്നെ കാണാം. വഴിപിഴക്കല്‍ പോലോത്ത മാനസിക രോഗങ്ങള്‍ക്കുള്ള ശമനമാണ് ഖുര്‍ആന്‍ എന്നതോടൊപ്പം മറ്റു പലതിനും ഇത് ശിഫയാണെന്ന് വ്യാഖ്യാതാക്കള്‍ പറയുന്നുണ്ട്. ഖുര്‍ആനിലൂടെ ഇറക്കപ്പെട്ട ഈ ശിഫാ വിശ്വാസികള്‍ക്ക് മാത്രമുള്ളതാണെന്ന് എവിടെയും കാണുന്നില്ല. മറിച്ച്, ഔഷധങ്ങളെയും മരുന്നുകളെയും പോലെ ഇതും എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നതാണ്. അത് കൊണ്ട് തന്നെ, അമുസ്‌ലിംകളായവരെയും ഖുര്‍ആന്‍ ആയതുകളും മറ്റും ഓതി മന്ത്രിക്കാവുന്നതാണ്. മാത്രവുമല്ല, അങ്ങനെ നടത്തുന്ന മന്ത്രത്തിലൂടെ രോഗം ശമിക്കുന്ന പക്ഷം, അവര്‍ക്ക് ഖുര്‍ആനില്‍ വിശ്വാസം ജനിക്കാനും അതിലൂടെ യഥാര്‍ത്ഥ വഴിയിലേക്ക് കടന്നുവരാനും സാധ്യതയും ഏറെയാണല്ലോ. അബൂസഈദില്‍ ഖുദരി (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഒരു സംഭവം കാണാം. പ്രവാചകര്‍ (സ)യുടെ അനുയായികള്‍ ഏതാനും ആളുകള്‍ യാത്ര ചെയ്ത് ഒരു അറബി ഗോത്രത്തിനടുത്തെത്തി. അവര്‍ ഗോത്രക്കാരോട് ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും അവര്‍ അത് നല്‍കാന്‍ വിസമ്മതിച്ചു. ശേഷം ഗോത്രത്തലവന് സര്‍പ്പദംശനം ഏല്‍ക്കുകയും പലതും ചെയ്ത് പരാജയപ്പെട്ടപ്പോള്‍, വല്ല പരിഹാരമാര്‍ഗ്ഗവുമുണ്ടോ എന്ന് ചോദിച്ച് അവര്‍ സ്വഹാബാക്കളുടെ ആ സംഘത്തെ സമീപിക്കുകയും ചെയ്തു. അവരില്‍ ചിലര്‍ പറഞ്ഞു, ഞങ്ങള്‍ക്ക് അതിനുള്ള മന്ത്രമറിയാം, പക്ഷെ, നിങ്ങള്‍ ഞങ്ങളെ സ്വീകരിക്കാന്‍ തയ്യാറാവത്തതിനാല്‍, മന്ത്രിക്കുന്നതിന് ഞങ്ങള്‍ക്ക് പ്രതിഫലം വേണം. അത് സമ്മതിച്ചതോടെ, അയാളെ മന്ത്രിക്കുകയും എല്ലാം സുഖമായി പ്രതിഫലം നല്‍കി അവര്‍ തിരിച്ചുപോകുകയും ചെയ്തു. പ്രതിഫലം സംഘാംഗങ്ങള്‍ക്കിടയില്‍ വീതിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍, അവര്‍ അത് പ്രവാചകസന്നിധിയിലെത്തി തങ്ങളോട് കാര്യം ആരാഞ്ഞിട്ടാവാം എന്ന് തീരുമാനിക്കുകയും അവിടെയെത്തിയപ്പോള്‍ കാര്യം പറയുകയും ചെയ്തു. നബി തങ്ങള്‍ പറഞ്ഞു, നിങ്ങള്‍ ചെയ്തത് ശരി തന്നെയാണ്. ആ പ്രതിഫലം നിങ്ങള്‍ വീതം വെക്കുക, എനിക്കും ഒരു പങ്ക് തരിക. (ബുഖാരി, മുസ്‌ലിം) ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter