എന്താണ് ശാപ പ്രാര്‍ത്ഥന? ഏതൊക്കെ കാര്യങ്ങളിൽ ഇത് ആകാം?

ചോദ്യകർത്താവ്

ശഹ്ബാസ് മാലിക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശാപപ്രാര്‍ത്ഥനയെയാണ് മുബാഹല എന്ന് അറബിയില്‍ പറയുന്നത്. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം മുറുകുകയും ഇരുവിഭാഗവും തങ്ങള്‍ സത്യത്തിന്‍റെ വക്താക്കളാണെന്ന് അവകാശപ്പെടുകയും ചെയ്യുമ്പോഴാണ് മുബാഹലക്ക് ക്ഷണിക്കാറുള്ളത്. ഈസാ (അ) മിനെ കുറിച്ചുള്ള വിശ്വാസത്തില്‍ നജ്റാനില്‍നിന്നെത്തിയ അറുപതംഗ ക്രിസ്തീയ സംഘം പ്രവാചകര്‍ (സ)യുമായി കൂടുതലായി തര്‍ക്കത്തിലേര്‍പ്പെടുകയും സത്യം അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്ത വേളയില്‍ അവരെ മുബാഹലക്ക് ക്ഷണിക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നുണ്ട്, (ഈസാ നബിയെക്കുറിച്ച് പറഞ്ഞതെല്ലാം) താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. അതുകൊണ്ട് സംശയിക്കുന്നവരില്‍ താങ്കള്‍ പെട്ടുപോകരുത്. അതിനാല്‍ ജ്ഞാനം കിട്ടിക്കഴിഞ്ഞ ശേഷം ഈസാനബിയുടെ കാര്യത്തില്‍ ആരെങ്കിലും താങ്കളോട് തര്‍ക്കിച്ചാല്‍ അവരോട് പറയുക: വരിക, ഞങ്ങളുടെ സന്താനങ്ങളെയും നിങ്ങളുടെ സന്താനങ്ങളെയും ഞങ്ങളുടെ സ്ത്രീകളെയും നിങ്ങളുടെ സ്ത്രീകളെയും നമുക്ക് വിളിക്കാം. നമുക്കും നിങ്ങള്‍ക്കും ഹാജറാവാം. എന്നിട്ട് നമ്മില്‍ അസത്യവാദികളാരോ അവരെ ശപിക്കുവാനായി അല്ലാഹുവിനോട് വിനയപൂര്‍വം നമുക്ക് പ്രാര്‍ഥിക്കാം. (ആലുഇംറാന്‍ 61-62) ഇത് പ്രകാരം പ്രവാചകര്‍ (സ) അവരോട് ഇക്കാര്യം അറിയിച്ചു. ആലോചിച്ച് തീരുമാനമെടുത്ത് അറിയിക്കാം എന്ന് പറഞ്ഞ് തല്‍ക്കാലം അവര്‍പോയി. ചര്‍ച്ചയില്‍ അവരിലെ പ്രമുഖന്‍ ഇങ്ങനെ പറഞ്ഞു, മുഹമ്മദ് പ്രവാചകനാണെന്ന് നമുക്കെല്ലാം അറിയാം. പ്രവാചകന്മാരോട് മുബാഹല നടത്തിയ സമൂഹമൊക്കെ നാമാവശേഷമായ ചരിത്രമേ ഉള്ളൂ. അതിനാല്‍, തല്‍ക്കാലം മുഹമ്മദിനെ വെറുതെ വിട്ട് നമുക്ക് പിരിയാം. ശേഷം ഇക്കാര്യം അവര്‍ പ്രാവചകരെ അറിയിച്ചു എന്ന് ചരിത്രത്തില്‍ കാണാം. ആ സമൂഹമെങ്ങാനും പ്രവാചകരോട് മുബാഹല നടത്തിയിരുന്നുവെങ്കില്‍ അതോടെ അവര്‍ക്ക് സര്‍വ്വനാശം വരുമായിരുന്നു എന്ന് ഇബ്നുഅബ്ബാസ് (റ) ശേഷം പറയുന്നുണ്ട്. ഈ സംഭവത്തിന്‍റെ വ്യാഖ്യാനത്തില്‍, തങ്ങള്‍ പറയുന്നത് അസത്യമാണെന്ന് ബോധ്യപ്പെട്ടിട്ടും അതിന്മേല്‍ ഉറച്ച് നില്‍ക്കുന്നവരെ മുബാഹലക്ക് ക്ഷണിക്കാവുന്നതാണെന്ന് ഹാഫിള് ഇബ്ന്‍ഹജര്‍ (റ) അടക്കമുള്ള പണ്ഡിതര്‍ രേഖപ്പെടുത്തുന്നുണ്ട്. സത്യം മനസ്സിലാക്കാനും അത് അംഗീകരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter