രോഗവും വിഷമങ്ങളും പാപങ്ങളെ കഴുകി കളയുമല്ലോ. ഇതിനെ കുറിച്ച് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

ശഹ്ബാസ് മാലിക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരു വിശ്വാസിയുടെ ജീവിതത്തിലെ ഓരോ അടക്കവും അനക്കവും അവനെ സംബന്ധിച്ചിടത്തോളം ആരാധനയാണെന്നതാണ് ഹദീസുകളില്‍നിന്ന് മനസ്സിലാകുന്നത്. ഭാര്യയുടെ വായിലേക്ക് സ്നേഹത്തോടെ വെച്ച് കൊടുക്കുന്ന ചോറ്റുരുളക്ക് പോലും പ്രതിഫലമുണ്ടെന്നതാണ് ഹദീസുകള്‍ പഠിപ്പിക്കുന്നത്. അതുപോലെ തന്നെ, ജീവിതത്തില്‍ കടന്നുവരുന്ന വിവിധ രോഗങ്ങളും പ്രയാസങ്ങളുമെല്ലാം വിശ്വാസിയെ സംബന്ധിച്ചിടത്തോളം പാപമോചന മാര്‍ഗ്ഗങ്ങളോ ഉല്‍കൃഷ്ടസ്ഥാനലബ്ധിക്കുള്ള വഴികളോ ആണ്. ആഇശ (റ) യില്‍നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, ഒരു വിശ്വാസിയെ യാതൊരു വിപത്തും ബാധിക്കുന്നില്ല, അത് കാരണമായി അല്ലാഹു അവന്‍റെ പാപം പൊറുത്തുകൊടുത്തിട്ടല്ലാതെ. അവന്‍റെ കാലില്‍ തറക്കുന്ന ഒരു മുള്ളിന് പോലും. അബൂഹുറൈറ (റ)വില്‍നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ അല്‍പം കൂടി വിശദമായി ഇങ്ങനെ കാണാം, ഒരു വിശ്വാസിയെ പ്രയാസമോ ബുദ്ധിമുട്ടോ ദുഖമോ സങ്കടമോ പ്രാബ്ധമോ ഖേദമോ, കാലില്‍ തറക്കുന്ന ഒരു മുള്ള് വരെയോ ബാധിക്കുന്നില്ല, അത് കാരണമായി അല്ലാഹു അവന്‍റെ ദോഷങ്ങള്‍ പൊറുത്തുകൊടുത്തിട്ടല്ലാതെ. എന്നാല്‍ മേല്‍പറഞ്ഞതെല്ലാം, അത്തരം വിപത്തുകള്‍ വന്നുപെടുന്ന സമയത്ത്, ഇത് അല്ലാഹുവിന്‍റെ പരീക്ഷണമാണ് എന്ന് ഉറച്ച് വിശ്വസിച്ച് അവന്‍റെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് ക്ഷമ കൈകൊള്ളുമ്പോള്‍ മാത്രമാണ്. പ്രയാസങ്ങള്‍ നേരിടുമ്പോഴേക്ക് അതില്‍ അസ്വസ്ഥ പ്രകടിപ്പിക്കാനോ വിധിയെ പഴിക്കാനോ ഇസ്‌ലാം ഒരിക്കലും അനുവദിക്കുന്നില്ല. വിപത്തുകള്‍ വന്നുപെടുന്ന ആദ്യവേളയില്‍തന്നെ സ്ഥൈര്യത്തോടെ ക്ഷമാപൂര്‍വ്വം അവയെ നേരിടാനാവണമെന്നതാണ് ഹദീസുകള്‍ നമ്മെ പഠിപ്പിക്കുന്നത്. അങ്ങനെ നേരിടുമ്പോള്‍ പ്രയാസങ്ങള്‍ പ്രയാസങ്ങളല്ലാതാവുന്നത് നമുക്ക് തന്നെ ബോധ്യമാവും. അസുഖം ബാധിച്ച് കാല്‍ മുറിച്ചുമാറ്റപ്പെട്ടപ്പോള്‍, ആ കാലിനെ നോക്കി, തനിക്ക് മുമ്പേ സ്വര്‍ഗ്ഗത്തിലേക്ക് നിങ്ങിയ ഭാഗ്യം ചെയ്ത ശരീരഭാഗം എന്ന് സമാശ്വസിച്ച പൂര്‍വ്വികരുടെ ചേതോഹരചരിത്രങ്ങള്‍ നമുക്ക് കാണാം. തുല്യതയില്ലാത്ത അത്തരം സുശക്തമായ ക്ഷമക്ക് അവരെ പ്രാപ്തരാക്കിയതും ആ ഉറച്ച വിശ്വാസമായിരുന്നു. പരീക്ഷണങ്ങളെ ക്ഷമാപൂര്‍വ്വം നേരിട്ട് പ്രതിഫലം നേടാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter