കഴിഞ്ഞ വര്‍ഷം ഗര്‍ഭിണി ആയതിനാല്‍ ഖളാഅ് ആയ നോമ്പ് ഇത് വരെ വീട്ടിയിട്ടില്ല. ഇപ്പോൾ മുലയൂട്ടുന്നതിനാല്‍, നോമ്പെടുക്കാന്‍ സാധിക്കുകയുമില്ല. അങ്ങനെയെങ്കില്‍ മുദ്ദ് നിര്‍ബന്ധമാകുമോ?

ചോദ്യകർത്താവ്

ത്വാഹിറ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഗര്‍ഭം കാരണമായി നോമ്പെടുക്കാതിരിക്കുമ്പോള്‍, അത് ഗര്‍ഭസ്ഥശിശുവിന്‍റെ ആരോഗ്യത്തിന് ഹാനികരമായതിനാലാണെങ്കില്‍, ഒഴിവാക്കുന്നതിന് തന്നെ ഓരോ നോമ്പിനും ഓരോ മുദ്ദ് നിര്‍ബന്ധമായി തീരും, ശേഷം അടുത്ത റമദാനിന് മുമ്പായി അത് ഖളാഅ് വീട്ടുകയും വേണം. സ്വന്തം ശരീരത്തിന്‍റെ പ്രയാസങ്ങള്‍ കാരണമാണ് നോമ്പ് ഒഴിവാക്കുന്നതെങ്കില്‍ ഒഴിവാക്കുന്നതിന് മുദ്ദ് നിര്‍ബന്ധമില്ല, അടുത്ത റമദാനിന് മുമ്പായി അത് നോറ്റ് വീട്ടേണ്ടതാണ്. ഇങ്ങനെ ഖളാഅ് വീട്ടാനുള്ള നോമ്പുകള്‍ സൌകര്യപ്പെട്ടിട്ടും അടുത്ത റമദാനിന് മുമ്പായി നോറ്റുവീട്ടിയില്ലെങ്കില്‍ അത് ഖളാഅ് വീട്ടുന്നതോടൊപ്പം പിന്തിപ്പിച്ചതിന് ഓരോ നോമ്പിനും ഓരോ വര്‍ഷത്തേക്ക് ഒന്ന് വീതം മുദ്ദ് നല്‍കേണ്ടതാണ്. ഇത് അല്‍പം വിശദമായി മുമ്പ് പറഞ്ഞത് ഇവിടെ വായിക്കാം. ചോദ്യത്തില്‍ പറഞ്ഞവിധം, മുല കുടിക്കുന്ന കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന ധാരണയുള്ളതിനാല്‍ ഖളാഅ് വീട്ടാന്‍ സാധിക്കാതെ വന്നതാണെങ്കില്‍ അത് ന്യായമായ കാരണമാണ്. അത് കൊണ്ട് തന്നെ, അത്തരത്തില്‍ ഖളാഅ് വീട്ടാനാവാതെ കഴിഞ്ഞുപോവുന്ന വര്‍ഷത്തിന് മുദ്ദ് നല്‍കേണ്ടതില്ല. എന്നാല്‍ മേല്‍പറഞ്ഞ രൂപങ്ങളിലെല്ലാം, നോമ്പ് നോല്‍ക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന കാര്യം വിദഗ്ധനും വിശ്വസ്തനുമായ ഡോക്ടറോ ആ മേഖലയിലെ നിപുണരോ പറഞ്ഞതായിരിക്കണം, കേവലധാരണ മാത്രം മതിയാവുകയില്ല എന്നത് കൂടി ഓര്‍ക്കേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter