മുഖത്ത് പുഞ്ചിരി നിലനിര്‍ത്താന്‍ എന്താണ് മാര്‍ഗ്ഗം?

ചോദ്യകർത്താവ്

മുഹമ്മദ് സ്വാദിഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പുഞ്ചിരി എന്നത് മനുഷ്യന്‍റെ ഒട്ടേറെ മാനസികപ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ്. പല വളവുകളെയും നേരാക്കാന്‍ കഴിവുള്ള, ചുണ്ടിന്‍റെ ചെറിയൊരു വളവാണ് പുഞ്ചിരി എന്ന് പറയുന്നത് ഏറെ സത്യമാണ്. പിഞ്ചുകുഞ്ഞിന്‍റെ നിഷ്കളങ്കമായ പാല്‍പുഞ്ചിരി കാണുമ്പോഴാണ് മാതാവിന്‍റെ മാറില്‍ അമ്മിഞ്ഞ നിറയുന്നത് എന്ന് പോലും ഭാവനാശാലികള്‍ പറഞ്ഞുവെക്കുന്നുണ്ട്. നിന്‍റെ സഹോദരന്‍റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നതും സ്വദഖയാണ് എന്നാണ് പ്രവാചകര്‍ പഠിപ്പിക്കുന്നത്. പുഞ്ചിരിയോടെ സമീപിക്കുന്നവരെ ആരും ഇഷ്ടപ്പെടുന്നു എന്നതാണല്ലോ അനുഭവം. അതോടൊപ്പം മറ്റുള്ളവരുടെ മുഖത്ത് പുഞ്ചിരിയോടെ നോക്കുന്നവരെ അല്ലാഹുവിനും ഏറെ ഇഷ്ടമാണ് എന്നതാണ് മേല്‍പ്രവാചകവചനും മറ്റുപ്രമാണങ്ങളും പഠിപ്പിക്കുന്നത്. മുഖത്ത് നിന്ന് പുഞ്ചിരി മായാന്‍ പലപ്പോഴും കാരണമാവുന്നത് മാനസിക സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളുമാണ്. അതേസമയം, പുഞ്ചിരിക്കുന്നതിലൂടെ മാനസികസംഘര്‍ഷങ്ങള്‍ക്ക് അയവ് വരുമെന്നത് നാം മറന്നുപോകുകയാണ്. പുഞ്ചിരി നില നിര്‍ത്താന്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാവുന്നതാണ്.
  1. സല്‍സ്വഭാവത്തെയും നല്ല പെരുമാറ്റത്തെയും കുറിച്ച് കൂടുതല്‍ വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുക.
  2. പുഞ്ചിരിക്ക് ലഭിക്കുന്ന പ്രതിഫലവും നേട്ടങ്ങളും ഇടക്കിടെ ഓര്‍ക്കുക.
  3. മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ക്ക് മാപ്പ് കൊടുക്കുകയും അതിലൂടെ ലഭിക്കുന്ന പ്രതിഫലവും സംതൃപ്തിയും ഓര്‍ക്കുകയും ചെയ്യുക.
  4. ഐഹിക ജീവിതത്തിന്‍റെ നിസ്സാരത മനസ്സിലാക്കുകയും ഇതില്‍ കൈവിട്ടുപോയ ഒന്നിന്‍റെ പേരിലും കോപിക്കേണ്ടതില്ലെന്ന് തിരിച്ചറിയുകയും ചെയ്യുക.
  5. മുഖത്ത് നിന്ന് പുഞ്ചിരി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് പിശാചാണെന്നും പുഞ്ചിരിക്കാതിരിക്കുന്നതിലൂടെ നാം പിശാചിനെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും തിരിച്ചറിയുക. പിശാചില്‍നിന്ന് കാവല്‍ തേടുക.
  6. ജീവിതത്തില്‍ പറ്റിപ്പോയ അബദ്ധങ്ങളും പിഴവുകളും ഓര്‍ക്കാതിരിക്കുക, പകരം ജീവിതത്തിലെ നേട്ടങ്ങളും നല്ല മുഹൂര്‍ത്തങ്ങളും ഓര്‍ത്തുകൊണ്ടിരിക്കുക.
  7. അല്ലാഹുവിന്‍റെ സ്മരണയിലായി സമയം ചെലവഴിക്കുക, അതിലൂടെ മനസ്സമാധാനം ലഭിക്കും.
  8. ദോഷങ്ങളില്‍നിന്ന് പാപമോചനം നേടുന്നത് വര്‍ദ്ദിപ്പിക്കുക. പാപങ്ങള്‍ മനസ്സ് കടുത്തതാക്കുമെന്ന് പണ്ഡിതര്‍ പറയുന്നു.
എല്ലാവരോടും പുഞ്ചിരിയോടെ പെരുമാറാനും അതിലൂടെ ഇതരര്‍ക്ക് സന്തോഷം പകരാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter