ഞാൻ എന്‍റെ സുഹൃത്തുമായി വഴക്ക് കൂടി. കുറച്ചു കഴിഞ്ഞ് എനിക്ക് കുറ്റബോധം തോന്നി അവനോട് പൊരുത്തപ്പെടാന്‍ പറഞ്ഞെങ്കിലും അവൻ പിണങ്ങി നില്‍ക്കുകയാണ്. ഇതിന് ഞാൻ കുറ്റക്കാരനാകുമോ?

ചോദ്യകർത്താവ്

ശിഫാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ബന്ധങ്ങള്‍ ജീവിതത്തിലെ വലിയ മുതല്‍കൂട്ടുകളാണ്. ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാനും ഉള്ളവ ഭംഗിയായി കാത്തുസൂക്ഷിക്കാനും നാം ഏറെ ശ്രദ്ധിക്കേണ്ടതാണ്. ഉള്ള ബന്ധങ്ങള്‍ മുറിഞ്ഞുപോവാന്‍ വളരെ എളുപ്പമാണ്, എന്നാല്‍ ഒരിക്കല്‍ മുറിഞ്ഞുപോയ ബന്ധങ്ങളെ കൂട്ടിയിണക്കാനും വിളക്കിച്ചേര്‍ക്കാനും പലപ്പോഴും ഏറെ പ്രയാസമാണ്. ബന്ധത്തിന്‍റെ ഊഷ്മളതക്കനുസരിച്ച് അവ മുറിയുമ്പോഴുള്ള ആഘാതവും ഇരട്ടിക്കുന്നു. പറ്റിപ്പോയതില്‍ താങ്കള്‍ക്ക് കുറ്റബോധം തോന്നിയത് വലിയൊരു കാര്യമാണ്. പലപ്പോഴും, പിണങ്ങിപ്പോയാല്‍, ഇരുകൂട്ടരും പിടിവാശിയോടെയും ദുരഭിമാനത്തോടെയും നില്‍ക്കാറാണ് പതിവ്. അതാണ് പലപ്പോഴും, ആ ബന്ധങ്ങള്‍ പുനസ്ഥാപിക്കുന്നതില്‍ തടസ്സമാവുന്നതും. പ്രവാചകര്‍ (സ) പറയുന്നു, ഇങ്ങോട്ട് ബന്ധം ചേര്‍ത്തതിന് പകരമായി അങ്ങോട്ടും ചേര്‍ക്കുന്നവനല്ല യഥാര്‍ത്ഥ ബന്ധു, മറിച്ച് മുറിഞ്ഞുപോയ ബന്ധങ്ങളെ അങ്ങോട്ട് ചെന്ന് ചേര്‍ക്കുന്നവനാണ്. ഒരിക്കല്‍ ഒരു സ്വഹാബി പ്രവാചകരോട് പറഞ്ഞു, പ്രവാചകരേ, എന്‍റെ ബന്ധുക്കളുമായി ഞാന്‍ നല്ല ബന്ധം പാലിക്കാന്‍ ശ്രമിക്കുന്നു, പക്ഷേ, അവര്‍ നേര്‍വിപരീതമായാണ് എന്നോട് പെരുമാറുന്നത്. അപ്പോള്‍ പ്രവാചകര്‍ ഇങ്ങനെ മറുപടി പറഞ്ഞു, അങ്ങനെ നീ ചെയ്യുന്ന കാലത്തോളം നിനക്കായി അല്ലാഹുവിന്‍റെ ഭാഗത്ത് നിന്ന് പ്രത്യേക സഹായം ഉണ്ടായിക്കൊണ്ടേയിരിക്കും. ആയതിനാല്‍, സുഹൃത്ത് ഇങ്ങോട്ട് പിണങ്ങി നില്‍ക്കുന്നുവെങ്കിലും അങ്ങോട്ടുള്ള ബന്ധം സൂക്ഷിച്ച് കൊണ്ടേയിരിക്കുക. സുഹൃത്തിനോട് പറഞ്ഞുപോയതില്‍ ആത്മാര്‍ത്ഥമായി ഖേദവും സങ്കടവുമുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക. നല്ല ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാനും അവ സൂക്ഷിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter