ആദ്യ രാത്രിയുടെ മര്യാദകള്‍ (സുന്നത് ഹറാം അനുവദനീയം ചൊല്ലല്‍ സുന്നതുള്ളവ ) വിശദീകരിക്കാമോ

ചോദ്യകർത്താവ്

മന്‍സൂര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

വിവാഹം ചെയ്ത പെണ്ണിനെ ആദ്യം കാണുമ്പോഴും മഹ്ര്‍ കൊടുക്കുമ്പോഴും പ്രത്യേക ദുആകളൊന്നും സുന്നത്തില്ല. എന്ത് നല്ലകാര്യം ആരംഭിക്കുമ്പോഴും ബിസ്മി ചൊല്ലല്‍ സുന്നത്താണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

എന്നാല്‍ ഭാര്യയുമൊത്ത് താമസം തുടങ്ങുന്ന ആദ്യ രാത്രിയില്‍ ചെയ്യേണ്ട കാര്യങ്ങളെ ക്കുറിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്.  ആദ്യ രാത്രിയില്‍ ഭാര്യയുടെ അടുത്തേക്ക്‌ പ്രവേശിച്ച് കഴിഞ്ഞാല്‍ ഭര്‍ത്താവ്‌ തന്‍റെ ഇണയുടെ ശിരസ്സില്‍ കൈ വെച്ച് ബിസ്മി ചൊല്ലുകയും ബറകത്തിനു വേണ്ടി ദുആ ചെയ്യുകയും ചെയ്യുക ഈ പ്രാര്‍ത്ഥന ചൊല്ലല്‍ സുന്നത്താണ്.

اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِهَا ، وَخَيْرِ مَا جُبِلَتْ عَلَيْهِ، وَأَعُوذُ بِكَ مِنْ شَرِّهَا وَشَرِّ مَا جُبِلَتْ عَلَيْهِ

(അല്ലാഹുവേ, അവളുടെയും അവള്‍ സൃഷ്ടിക്കപ്പെട്ട സ്വഭാവത്തിന്റെയും നന്മ നിന്നോട് ചോദിക്കുന്നു. അവളുടെയും അവള്‍ സൃഷ്ടിക്കപ്പെട്ട സ്വഭാവത്തിന്റെയും തിന്മയില്‍ നിന്ന് നിന്നോട് കാവല്‍ ചോദിക്കുകയും ചെയ്യുന്നു വെന്നാണ് ഈ ദുആയുടെ സാരം)

ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഈ ദുആ കാണാം. ശേഷം തന്റെ ഇണയോടൊപ്പം രണ്ടു റക് അത്ത്‌ സുന്നത്ത് നിസ്കാരം ജമാഅതതായി നിര്‍വഹിക്കുക. ശേഷം പരസ്പര സ്നേഹത്തോടെയുള്ള ജീവിതത്തിനായി ദുആ ചെയ്യുക. ഹദീസുകളില്‍ വന്ന ദുആ ഇപ്രകാരമാണ്.

اللَّهُمَّ بَارِكْ لِي فِي أَهْلِي ، وَبَارِكْ لأَهْلِي فِيَّ ، اللَّهُمَّ ارْزُقْنِي مِنْهَا ، وَارْزُقْهَا مِنِّي ، اللَّهُمَّ اجْمَعْ بَيْنَنَا مَا جَمَعْتَ فِي خَيْرٍ ، وَفَرِّقْ بَيْنَنَا إِذَا فَرَّقْتَ فِي خَيْرٍ

(അല്ലാഹുവേ എന്‍റെ ഭാര്യയില്‍ എനിക്ക് നീ ബറകത്ത് ചെയ്യണമേ. എന്റെ ഭാര്യക്ക്‌ എന്നിലും നീ ബറകത്ത് ചെയ്യണമേ. എന്നില്‍ നിന്ന് അവള്‍ക്കും അവളില്‍ നിന്ന് എനിക്കും നീ (സന്താനം) നല്‍കണമേ.അല്ലാഹുവേ ഗുണമാകുന്ന കാലത്തോളം ഞങ്ങളെ തമ്മില്‍ ചേര്‍ക്കുകയും വിട്ടുപിരിയല്‍ ഗുണമാകുന്ന അവസരത്തില്‍ ഞങ്ങള്‍ക്കിടയില്‍ വിട്ടുപിരിക്കുകയും ചെയ്യണമേ എന്ന് സാരം) ഇമാം ഥബ്റാനി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഇത് വന്നിട്ടുണ്ട്.

ആദ്യ രാത്രിയില്‍ ഇണയോട് വളരെ സൌമ്യതയോടെയും സ്നേഹത്തോടെയും പെരുമാറുകയും പാലോ മറ്റോ കുടിക്കാന്‍ നല്‍കുകയും ചെയ്യുക. ആ ഇശ ബീവിയുമായുള്ള ആദ്യ രാത്രിയില്‍ നബി (സ) തനിക്ക്‌ നല്‍കിയ പാല്‍ അല്പം കുടിച്ചതിനു ശേഷം ആഇശ ബീവിക്ക്‌ കുടിക്കാന്‍ നല്‍കിയതായി ഇമാം അഹ്മദും ഥബ്റാനിയും റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം.

ഇണയുമായി ശാരീരിക ബന്ധം പുലര്‍ത്താന്‍ ഉദ്ദേശിക്കുന്ന പക്ഷം ഈ പ്രാര്‍ത്ഥന ചൊല്ലുക.

  اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتنا

 (അല്ലാഹുവേ ഞങ്ങളില്‍ നിന്ന് പിശാചിനെ അകറ്റണെ, ഞങ്ങള്‍ക്ക്‌ നല്കപ്പെടുന്നതില്‍ (സന്താനം) നിന്ന് പിശാചിനെ അകറ്റണമേ)

അതോടൊപ്പം ഈ ഹദീസ് കൂടി ഓര്‍ക്കുക അനസ്‌ ബിന്‍ മാലിക്‌ (റ) പറയുന്നു നബി(സ) പറയുന്നു: മൃഗങ്ങള്‍ ഇണകള്‍ക്കു മീതെ ചാടിവീഴുന്ന പോലെ നിങ്ങളാരും തങ്ങളുടെ ഭാര്യമാരെ കടന്നാക്രമിക്കരുത്. നിങ്ങള്‍ക്കിടയില്‍ സന്ദേശവാഹകര്‍ ഉണ്ടായിരിക്കണം. അനുചരര്‍ ചോദിച്ചു: ആരാണ് നബിയെ സന്ദേശവാഹകര്‍? അവിടുന്ന് പറഞ്ഞു: കളിവാക്കുകളും ചുംബനങ്ങളുമാണവ.

വിവാഹ ബന്ധം പരിപാവനമാനെന്നും ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിനു അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് പ്രതിഫലം ലഭിക്കുമെന്നും ഓര്‍ക്കുക. ശാരീരിക ബന്ധത്തില്‍ പാലിക്കേണ്ട മറ്റു മര്യാദകള്‍ മനസ്സിലാക്കാന്‍ കുടുംബം & ലൈഫ്‌സ്റ്റൈല്‍ വിഭാഗത്തിലെ ലൈംഗികം എന്ന ഉപവിഭാഗത്തിലെ ലേഖനങ്ങള്‍ വായിക്കുക. സംശയ നിവാരണങ്ങള്‍ക്ക് ചോദിക്കാം വിഭാഗത്തിലെ കുടുംബം & രക്ഷാകര്‍തൃത്വം  വിവിധ ചോദ്യങ്ങള്‍ നോക്കാവുന്നതാണ്.

സന്തോഷകരമായ ഒരു വൈവാഹിക ജീവിതം താങ്കള്‍ക്ക് അല്ലാഹു പ്രദാനം ചെയ്യട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter