മക്കയിലെയും മദീനയിലെയും പള്ളികളിള് അമുസ്‌ലിംകള്‍ കയറുന്നതില്‍ തെറ്റുണ്ടോ? ഉമര്‍(റ) ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് പള്ളിയിലാരാധാന നടത്താന്‍ അവസരമൊരുക്കിയതായി പറയപ്പെടുന്നു. ഇത് ശരിയാണോ?

ചോദ്യകർത്താവ്

ശഹ്ബാസ് മാലിക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹിജാസില്‍ - അഥവാ മക്ക, മദീന, ഥാഇഫ്, ജിദ്ദ തുടങ്ങിയവ ഉള്‍പ്പെടുന്ന പ്രദേശത്ത് -  അമുസ്‌ലിംകള്‍ക്ക് ഭരണാധികാരിയുടെ സമ്മതമില്ലാതെ പ്രവേശിക്കാന്‍ പറ്റില്ല. മുസ്‌ലിംകളുടെ നന്മക്കും അത്യാവശ്യ ഘട്ടങ്ങളിലും മാത്രമേ അമുസ്‌ലിംകള്‍ക്ക് ഹിജാസില്‍ പ്രവേശിക്കാന്‍ ഭരണാധികാരിക്ക് സമ്മതം കൊടുക്കല്‍ അനുവദനീയമാകുകയുള്ളൂ. ഉദാഹരണത്തിനു ഭരണാധികാരിക്കുള്ള ദൂതുമായി വരുന്നവര്‍ അവിശ്വാസികളാണെങ്കിലും പ്രവേശനം അനുവദിക്കാം. കച്ചവടത്തിനു വരുന്ന അമുസ്‌ലിംകള്‍ക്കു അനുവാദം കൊടുക്കണമെങ്കില്‍ രണ്ടു നിബന്ധനകളുണ്ട്. ഒന്ന്, സുഗന്ധം പോലെയുള്ള നിസാര ചരക്കുകളുടെ വില്‍പനക്കാവരുത്. മറ്റൊന്ന് അവരില്‍ നിന്ന് അല്‍പം ധനം ശേഖരിക്കുകയും വേണം. ഏതവസരത്തിലും അവര്‍ക്ക് മൂന്നില്‍ കൂടുതല്‍ ദിവസം തങ്ങാനനുവദിക്കരുത്. അവര്‍ വന്ന ദിവസത്തിനും പോകുന്ന ദിവസത്തിനും പുറമെയാണ് ഈ മൂന്നു ദിവസം. ആരെങ്കിലും സമ്മതമില്ലാതെ ഹിജാസിലേക്ക് പ്രവേശിച്ചാല്‍ അവനെ ഉടനെ പുറത്താക്കണം. നിരോധന നിയമം അറിഞ്ഞു കൊണ്ടാണ് പ്രവേശിച്ചതെങ്കില്‍ അവന് തക്കതായ ശിക്ഷയും നല്‍കണം. ഇങ്ങനെ അതിക്രമിച്ചു കടന്നവന്‍ രോഗിയായാലും അവനെ പുറത്താക്കണം. പക്ഷേ, പുറത്താക്കുന്നത് അവന്‍റെ മരണത്തിലേക്ക് നയിക്കുമെങ്കില്‍ അവനെ പുറത്താക്കരുത്. അവന്‍ മരണപെട്ടാല്‍ അവന്‍റെ ശവശരീരം ഹിജാസിനു പുറത്തേക്കു കൊണ്ടുവന്നു സംസ്കരിക്കണം. ഇതെല്ലാം ദിമ്മിയ്യ് (മുസ്ലിംകളോട് സൌഹൃദത്തോടെ പെരുമാറുന്ന) ആയ അമുസ്ലിംകളെ സംബന്ധിച്ചുള്ള വിധിയാണ്. മുസ്ലിംകളുടെ ശത്രുക്കളായ അമുസ്ലിംകളെ ഒരു കാരണവശാലും ഹിജാസിലേക്ക് പ്രവേശിപ്പിക്കാവതല്ല. മക്കയുടെ കാര്യം കുറേകൂടി കര്‍ക്കശമാണ്. മക്കയിലേക്ക് അമുസ്‌ലിമിനെ ഒരു നിലക്കും പ്രവേശിപ്പിക്കാന്‍ അനുവദിക്കാവതല്ല. ഏത്ര തന്നെ അവശ്യ ഘട്ടമായാല്‍ പോലും അമുസ്‌ലിമിനു മക്കയിലേക്ക് പ്രവേശനമില്ല. ഭരണാധികാരിക്ക് നേരിട്ടു കൊടുക്കേണ്ട സന്ദേശവുമായി വന്ന ദൂതനാണെങ്കില്‍ പോലും പ്രവേശിക്കാവതല്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ഭരണാധികാരി മക്കയുടെ പുറത്തു വന്നു ഈ ദൂതനെ കാണണം. ഏതെങ്കിലും ഒരാള്‍ അതിക്രമിച്ചു കടന്നാല്‍ അവനെ ഉടനെ പുറത്താക്കണം. അവന്‍ അവിടെ രോഗിയായാലും അവനെ ബലം പ്രയോഗിച്ച് പുറത്താക്കണം. അതുമൂലം അവന്‍ മരിക്കാനിടയായാല്‍ പോലും. അമുസ്‌ലിമിനെ ഒരിക്കലും മക്കയില്‍ ഖബറടക്കാന്‍ പറ്റില്ല. അഥവാ ഖബറടക്കിയാല്‍ ഖബറ് മാന്തി അവന്‍റെ ജഡം മക്കയുടെ പുറത്തു കൊണ്ടുപോകണം. ഇതെല്ലാം നിര്‍ബന്ധമാണ്. ഈ കാര്യത്തില്‍ മക്കയുടെ അതേ നിയമം മദീനയിലും നടപ്പാക്കുന്നത് സുന്നതാണ്. നബി(സ)യുടെ കാലഘട്ടത്ത് മദീനയിലും ഹിജാസിലും അമുസ്‌ലിംകള്‍ താമസിച്ചിരുന്നു. അന്ന് അവര്‍ക്ക് ഇത്തരം വിലക്കുകള്‍ ഉണ്ടായിരുന്നില്ല. അന്നു നബി(സ) തങ്ങളുടെ അടുത്തു വന്നിരുന്ന ക്രിസ്ത്യാനികളായ നിവേദക സംഘങ്ങളിലെ ചിലര്‍ക്ക് അവരുടെ ആരാധനക്കുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്തിരുന്നു. പക്ഷേ, റസൂല്‍ (സ) തങ്ങളുടെ വഫാതിനു മുമ്പ് സ്വഹാബതിനോട് ജസീറതുല്‍ അറബില്‍ നിന്ന് (അറേബ്യന്‍ പെനിന്സുല) അമുസ്‌ലിംകളെ പുറത്താക്കണമെന്ന് വസ്വിയ്യത് ചെയ്തിരുന്നു. ഈ വസ്വിയ്യത് നടപ്പിലാക്കുന്നത് ബഹുമാനപ്പെട്ട രണ്ടാം ഖലീഫ ഉമര്‍ (റ) ആണ്. ഇവിടെ ജസീറതുല്‍ അറബ് കൊണ്ട് ഹിജാസ് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ എന്നത് മറ്റൊരു ഹദീസില്‍ റസൂല്‍(സ) യഹൂദികളെ ഹിജാസില്‍ നിന്ന് നിങ്ങള്‍ പുറത്താക്കൂ എന്നു കല്പിക്കുന്നുണ്ട്. മാത്രമല്ല ഉമര്‍ (റ) ഇത് നടപ്പാക്കിയപ്പോള്‍ ഹിജാസില്‍ നിന്നു മാത്രമേ അവരെ പുറത്താക്കിയിരുന്നുള്ളൂ. യമന്‍ തുടങ്ങിയ മറ്റു അറബ് നാടുകളില്‍ അവരെ താമസിക്കാന്‍ അനുവദിച്ചിരുന്നു. ഉമര്‍ (റ) വിന്‍റെ ഭരണകാലത്ത് മുസ്ലിംകളല്ലാത്തവരെ മദീനയില്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ഭരണാധികാരിയുടെ ദൂതന്മാര്‍ എന്ന ഗണത്തിലാണ് പെടുന്നത്. റസൂല്‍ (സ) തങ്ങള്‍ വേദക്കാരായ ദൂത സംഘങ്ങളെ മദീനയില്‍ സ്വീകരിച്ചിരുന്നു. നജ്റാനിലെ ക്രസ്ത്യാനികള്‍ക്ക് അവരുടെ ആരാധനകള്‍ നടത്താന്‍ മസ്ജിദു നബവിയില്‍ അവരെ അനുവദിക്കുകയും ചെയ്തു എന്നു ചരിത്രത്തിലുണ്ട്. ഇവിടെ ഒന്നാമതായി ഇവര്‍ ദൂതന്മാര്‍ എന്ന ഗണത്തില്‍ പെടുന്നു. രണ്ടാമതായി ഇത് മദീനയിലേക്ക് അമുസ്ലിംകള്‍ പ്രവേശനമില്ലെന്ന നിയമം നടപ്പാക്കുന്നതിനു മുമ്പുള്ള ചരിത്രമാണ്. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു സഹായിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter