കറൻസി ട്രേഡിംഗ് നടത്തുന്നതിന്റെ വിധി എന്താണ് ? ഗൾഫിൽ പലയിടത്തും Islamic Forex trading എന്ന പേരിലും iva നടക്കുന്നുണ്ട്. ഇവ ശരീഅത്തിൽ അനുവദനീയമാണോ ?

ചോദ്യകർത്താവ്

മുനീര്‍, അനസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.

സ്വര്‍ണ്ണം, വെള്ളിയുടെയും അവയുടെ സ്ഥാനത്ത് ഉപയോഗിക്കുന്ന കറന്‍സികളുടെയും കൈമാറ്റത്തില്‍ കര്‍മ്മശാസ്ത്ര നിയമപ്രകാരം ഒരേ വിഭാഗത്തില്‍പ്പെട്ടവ കൈമാറുമ്പോള്‍ മൂന്നു നിബന്ധനകള്‍ ബാധകമാണ്. ഉദാഹരണം സ്വര്‍ണ്ണംസ്വര്‍ണ്ണത്തിനു പകരം വെള്ളി വെള്ളിക്ക് പകരം അല്ലെങ്കില്‍ ഇന്ത്യന്‍ രൂപ ഇന്ത്യന്‍ രൂപക്ക് പകരം കൈമാറുമ്പോള്‍ ഇടപാട് റൊക്കം പൂര്‍ത്തിയാക്കുകയും ഇടപാട് സദസ്സില്‍ വെച്ചു തന്നെ കൈമാറ്റം ചെയ്യുകയും ചെയ്യുന്നതോടൊപ്പം അവ തമ്മില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാനും പാടില്ല.
ഇവിടെ വ്യതസ്ത വിഭാഗങ്ങള്‍ വ്യതസ്ത വിഭാഗങ്ങള്‍ക്ക് പകരം കൈമാറുമ്പോള്‍ രണ്ടു നിബന്ധന പാലിക്കണം. ഇടപാട് റൊക്കം പൂര്‍ത്തിയാക്കുകയും (കൈമാറ്റത്തിനു അവധി നിശ്ചയിക്കരുത്) ഇടപാട് സദസ്സില്‍ വെച്ച് തന്നെ കൈമാറ്റം നടത്തുകയും വേണം. അതായത് ഇന്ത്യന്‍ രൂപ അമേരിക്കന്‍ ഡോളറിന് പകരം കൈമാറുമ്പോള്‍ അതിന്റെ വില നിശ്ചയിച്ചു ഇടപാട് അവിടെ വെച്ച് പൂര്ത്തിയാക്കുകയും രണ്ടു കറന്‍സികളും ആ സദസ്സില്‍ വെച്ച്തന്നെ കൈമാറുകയും വേണം. ഈ നിബന്ധനകള്‍ പാലിച്ചുകൊണ്ടുള്ള നാണയകച്ചവടം കര്‍മ്മശാസ്ത്രപ്രകാരം സാധുവാണെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ബാങ്ക് അക്കൌണ്ടിലോ സമാനമായ മറ്റുള്ള അക്കൌണ്ടിലേക്ക് വകയിരുത്തുന്നത്, ട്രാന്‍സഫര്‍ റസിപ്റ്റ്  തുടങ്ങിയവ നല്‍കുന്നതും കൈമാറ്റത്തിന്റെ സ്ഥാനത്താണെന്നും അധിക പണ്ഡിതരുടെയും അഭിപ്രായം. എന്നാല്‍ ഫോറക്സ്‌ എന്ന പേരില്‍ അറിയപ്പെടുന്ന ഫോറില്‍ എക്സ്ചേഞ്ച് മാര്‍കെറ്റില്‍ ഇടപാട് നടത്തുമ്പോള്‍ പലപ്പോഴും ഇത്തരം നിബന്ധനകള്‍ പാലിക്കപ്പെടാറില്ല എന്ന് മാത്രമല്ല പലിശ അധിഷ്ടിത ഇടപാടുകള്‍ നടക്കുക്കയും ചെയ്യുന്നു. ഇസ്‌ലാമികം എന്ന് വിളിക്കുന്ന ഇത്തരം ഇടപാടുകളില്‍ മിക്കപ്പോഴും നിക്ഷേപകന്‍ ഒരു ചെറിയ സംഖ്യ നിക്ഷേപിക്കുക്കയും ഇടപാട് നടത്താനുള്ള ബാക്കി തുക ബ്രോക്കര്‍ കടമായി നല്‍കുകയും ചെയ്യുകയാണ്. ഇങ്ങനെ കടമായി നല്‍കുന്ന സംഖ്യ അവരുമായുള്ള ഇടപാടിനു മാത്രം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. അത്തരത്തില്‍ കടം നല്‍കുന്നവന് ഉപകാരം ലഭിക്കുന്ന നിബന്ധനയോട് കൂടിയുള്ള ഇടപാട് പലിശ ഇടപാടില്‍ പെട്ടതാണ്. അത് സാധുവല്ലെന്നു തുഹ്ഫ (5/46) ഉള്പ്പെടയുള്ള കര്‍മ്മശാസ്ത്രഗ്രന്ഥങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഊഹക്കച്ചവടത്തിന്റെയും ഉടമസ്ഥതയിലില്ലാത്തവയുടെ കച്ചവടത്തിന്റെയും ചതിക്കുഴികളും ഇത്തരം ഇടപാടുകളില്‍ വ്യാപകമായി കാണപ്പെടുന്നു. മേല്‍ പറഞ്ഞ നിബന്ധനകള്‍ പാലിച്ചാണെങ്കില്‍ പോലും ഒരു സമ്പാദ്യമാര്‍ഗമായി ഫോറക്സ് ഇടപാടുകള്‍ സ്വീകരിക്കുന്നത് നല്ലതല്ല. ഇമാം ഗസ്സാലി (റ) ഇഹ് യില്‍ പറയുന്നു: സ്വര്‍ണ്ണം വെള്ളിയില്‍ പലിശ ഇടപാട് നടത്തുന്നത്  അല്ലാഹുവിന്റെ അനുഗ്രഹത്തെ നിഷേധിക്കലും അതിക്രമാവുമാണ്. കാരണം അവ രണ്ടും സൃഷ്ടിക്കപ്പെട്ടത് മറ്റുള്ളവക്ക് വേണ്ടിയാണ്. അവക്ക് വേണ്ടി തന്നെയല്ല. അവയെ കച്ചവട വസ്തുവാക്കി മാറ്റുന്നവര്‍ അവയെ സൃഷ്ടിക്കപ്പെട്ട ലക്ഷ്യത്തിനു വിരുദ്ധമായി അതിനെ ഉപയോഗപ്പെടുത്തകയാണ് ചെയ്യുന്നത്. (4/92) നിലവിലുള്ള കറന്‍സിയെ കച്ചവടവസ്തുവായി ഉപയോഗിക്കുന്നതിനെ ക്കുറിച്ചാണ് ഇമാം ഇവിടെ വിശദീകരിക്കുന്നത്. അതിനാല്‍ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഇത്തരം ഇടപാടുകള്‍ പരിമിതപ്പെടുത്തുന്നതാണ് നല്ലത്.

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

 

ASK YOUR QUESTION

Voting Poll

Get Newsletter