സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നതിന്റെ വിധി എന്ത്? ഉപയോഗിക്കല്‍ ഹറാമായവ ഏത്? ഹലാലായവ ഏത്? കുട്ടികള്‍ വാദ്യോപകരണം പഠിക്കുന്നതിന്റെയും അത് പഠിപ്പിക്കുന്നതിന്റെയും വിധി? വാദ്യോപകരണം ഉപയോഗിച്ച് മൌലിദ്, സ്വലാത്ത് സദസ്സുകള്‍ സംഘടിപ്പിക്കുന്നതിന്റെ വിധി?
ചോദ്യകർത്താവ്
അസ്‍ലം കൂടാല്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
കേള്‍ക്കല്‍ ഹലാലായ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള നല്ല പാട്ടുകള്‍ കേള്‍ക്കാവുന്നതാണ്. എന്നാല്‍ ഹറാമായ ഉപകരണങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് മാല പാട്ട്, മൌലൂദ് തുടങ്ങിയവ ആണെങ്കിലും കേള്‍ക്കാവതല്ല. ദഫ്ഫ് ഹലാലാണെന്നതില്‍ തര്‍ക്കമില്ല. ഫാതിമ(റ)യുടെ കല്യാണ ദിവസം ദഫ്ഫ് മുട്ടാന്‍ നബി(സ) കല്‍പിച്ചിരുന്നു. നബി(സ)യെ മദീനക്കാര്‍ സ്വീകരിച്ചതും ദഫ്ഫു മുട്ടിയായിരുന്നു. കുഴലുകളും (മിസ്മാര്‍) അതിനോട് സാമ്യമായതും മധ്യഭാഗം ഇടുങ്ങിയ തബലയും ഹറാമാണെന്നതില്‍ പണ്ഡിത സമൂഹം ഒരേ അഭിപ്രായക്കാരാണ്. മറ്റു തബലകളും ചെണ്ടകളും അനുവദനീയമാണ്.എന്നാല്‍ മറ്റു തബലകളും നിഷിദ്ധമാണെന്ന അഭിപ്രായമുണ്ട്. അത് പോലെ കൈമണിയും ഹറാം തന്നെയാണ്. ഹലാലാണെന്ന് പറയപ്പെട്ട ഈ വാദ്യോപകരണങ്ങള്‍ നിഷിദ്ധമായ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചാല്‍ ആ ഉപയോഗം ഹറാമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വീണ വായിക്കലും കമ്പി മീട്ടലും മധ്യഭാഗമിടുങ്ങിയ തബല മുട്ടലും ഹറാമാണെന്ന് മാത്രമല്ല വന്‍ദോശങ്ങളില്‍ പെട്ടതാണെന്ന് ചില പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. നബി തങ്ങള്‍ പറയുന്നു:"ليكونن من أمتي أقوام يستحلون الخمر، والحر، والحرير، والمعازف" കള്ളും പട്ടും വാദ്യേപകരണങ്ങളും ഹലാലാക്കുന്ന ഒരു വിഭാഗം എന്റെ ഉമ്മത്തിലുണ്ടാവും. അള്ളാഹു പറയുന്നു:وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا أُولَئِكَ لَهُمْ عَذَابٌ مُهِينٌ "ഒട്ടും കാര്യബോധമില്ലാതെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ആളുകളെ വഴിതെറ്റിക്കുവാനും അതിനെ ഒരു പരിഹാസ പാത്രമാക്കുവാനും വേണ്ടി വിനോദ വാര്‍ത്തകള്‍ വാങ്ങുന്ന ചിലര്‍ ജനങ്ങളിലുണ്ട്. അക്കൂട്ടര്‍ക്ക് അപമാനകരമായ ശിക്ഷയാണുള്ളത്." لهو الحديثഎന്നതിന് വിനോദ വസ്തുക്കള്‍ എന്ന് ഇബ്നു അബ്ബാസ് (റ)വും ഹസന്‍ (റ) വും പറഞ്ഞിട്ടുണ്ട്. അള്ളാഹു പറയുന്നു: واستفزز من استطعت منهم بصوتك "നിന്റെ ശബ്ദംകൊണ്ട് അവരില്‍നിന്നു കഴിയുന്നിടത്തോളം ആളുകളെ നീ ഇളക്കിവിടുക". പിശാചിന്റെ ശബ്ദമെന്നാല്‍ സംഗീതവും വീണയുമാണെന്നാണ് ഇമാം മുജാഹിദ് (റ) വ്യാഖ്യാനം. ആധുനിക മ്യൂസിക് ഉപകരണങ്ങള്‍ പൊതുവെ നിഷിദ്ധമായവയിലാണുള്‍പ്പെടുക. ഹറാമായ അറിവുകള്‍ പഠിക്കലും പഠിപ്പിക്കലും ഹറാമാണ്. നബി (സ) തങ്ങള്‍ اللهم اني اعوذ بك من علم لا ينفع എന്ന് ദുആ ചെയ്യാറുണ്ടായിരുന്നു. ഉപകാരമില്ലാത്ത അറിവുകളില്‍ ഇത്തരം ഇല്‍മുകളുമുള്‍പെടുമെന്ന് ശര്‍ഹു മുസ്‍ലിമില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. കൂടുതലും അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ