മൂത്രിക്കുമ്പോള്‍ മൂത്രത്തിലൂടെ ശുക്ലം പോവുന്നതിലൂടെ വലിയ അശുദ്ധിയാവുമൊ.. ചികിത്സക്ക് പോവാന്‍ ചില കാരണങ്ങളാല്‍ ഭയമാണ്. സ്വപ്ന സ്കലനവും സംഭവിക്കാറുണ്ട്. ചില ദിവസം 3 തവണ കുളിക്കാറുണ്ട്. എന്റെ അനാവശ്യ സമയത്തുള്ള സ്ഖലനം ഒഴിവാക്കാനുള്ള വഴി എന്ത്. സ്വപ്നം സ്ഖലനം ഇല്ലാതിരിക്കാന്‍ വേണ്ടി സ്വയംഭോഗം ചെയ്യന്‍ അനുവതിനീയമാണോ. ഞാന്‍ നിസ്ക്കരിക്കാന്‍ വേണ്ടി മൂത്രം അടക്കിപ്പിടിക്കാറുണ്ട്. അത് അനുവദനീയമാണോ.
ചോദ്യകർത്താവ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മൂത്രത്തിലൂടെ ശുക്ലം വന്നാലും വലിയ അശുദ്ധിയുണ്ടാകും. അപ്പോള്‍ കുളി നിര്‍ബന്ധമാണ്. നേരത്തെ സ്ഖലിച്ചതില്‍ ലിംഗനാളത്തില്‍ തങ്ങി നില്‍ക്കുന്ന ശുക്ലമാണ് സാധാരണ മൂത്രത്തിലൂടെ വരാറ്. ചിലപ്പോള്‍ ലൈംഗിക ഉദ്ധാരണവേളയിലുണ്ടാവുന്ന മദ്‍യ് എന്ന ദ്രാവകം ഉല്‍പാദിപ്പിക്കാറുണ്ട്. അതും മൂത്രത്തിലൂടെ പുറത്തുവരാനുള്ള സാധ്യതയുണ്ട്. മദ്‍യും മനിയ്യും തമ്മിലുള്ള വ്യത്യാസം എങ്ങനെ തിരിച്ചറിയാമെന്ന് മുമ്പ് നല്‍കിയ ഒരു മറുപടി ഇവിടെ ക്ലിക്കു ചെയ്തു വായിക്കുക. മദ്‍യ് ആണെന്നു മനസ്സിലായാല്‍ വലിയ അശുദ്ധി ആവുകയില്ല. പക്ഷേ, വുദു മുറിയും അത് നജസായതിനാല്‍ അത് ശുദ്ധിയാക്കുകയും ചെയ്യണം. മനിയ്യാണോ മദ്‍യാണോ എന്ന് സംശയിച്ചാല്‍ അത് ആ വ്യക്തിക്ക് എന്താണോ തോനുന്നത് അതായി പരിഗണിക്കണം. ഇനി അത് മനിയ്യ‍് എന്നു മനസ്സിലായാല്‍ താങ്കള്‍ക്ക് അസാധരണമായ ശുക്ല ഉല്പാദനമുണ്ട്. അതിനു വൈദ്യ ചികിത്സയും അല്ലാഹുവിനോടുള്ള ദുആയുമാണ് പരിഹാരം. മാത്രമല്ല ലൈംഗിക ഉത്തേജകമായ ചിന്തയും വാക്കും പ്രവര്ത്തിയും ഉപേക്ഷിക്കുകയും അല്ലാഹുവിന്‍റെ ദിക്റിലും ഉഖ്റവിയ്യായ ചിന്തയിലും സമയം കഴിക്കുക. സ്വപന സ്ഖലനം തടയാനായി സ്വയംഭോഗം അനുവദനീയമല്ല.
മൂത്രിക്കാനുണ്ടായിരിക്കേ നിസ്കരിക്കുന്നത് കറാഹത്താണെങ്കിലും പ്രത്യേക സാഹചര്യത്തില്‍ നിസ്കരിക്കാന്‍ വേണ്ടി മൂത്രം അല്പം സമയത്തേക്ക് അടക്കിപിടിക്കുന്നതില്‍ വിരോധമില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.