എല്ലാ വിധത്തിലുള്ള ദിക്റുകളും,സ്വലതുകളും ചൊല്ലുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ എന്തൊക്കെ ആണ്,,,ഇതു സുന്നത് ആയതു കൊണ്ട് ചൊല്ലുമ്പോള്‍ മനസ്സില്‍ അതിന്‍റെ അര്‍ഥം കരുതണം എന്നുണ്ടോ?അഥവാ കുറച്ചു ചോല്ലികഴിയുമ്പോള്‍ അതില്‍ ശ്രദ്ധ ഇല്ലാതെ നാവു കൊണ്ടോ മനസ് കൊണ്ട് ചൊല്ലിയാലും അത് പടച്ചവന്‍ സ്വീകരിക്കുമോ??

ചോദ്യകർത്താവ്

നിയാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ദിക്റ് നാവു കൊണ്ടും ഖല്‍ബു കൊണ്ടും ചൊല്ലാം. നാവും ഖല്ബും ഒന്നിച്ചു ചേര്‍ന്നു ചൊല്ലലാണ് ഉത്തമം. നാവോ ഖല്ബോ ഏതെങ്കിലുമൊന്ന് സ്വീകരിക്കുകയാണെങ്കില്‍ ഖല്ബാണ് നല്ലത്. ഇത് നവവി ഇമാം അദ്കാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നിസ്കാരത്തിലെ ദിക്റുകള്‍ പരിഗണിക്കപ്പെടണമെങ്കില്‍ അത് സ്വന്തം നഫ്സ് കേള്‍ക്കത്തക്ക വിധത്തില്‍ ചൊല്ലണം. നിസ്കാരത്തില്‍ അവന്‍ ശ്രദ്ധയോടെ ചെയ്തതിനെ പ്രതിഫലം ലഭിക്കുകയുള്ളൂ എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ഈ അടിസ്ഥാനത്തില്‍ അശ്രദ്ധമായി ചൊല്ലുന്ന ദിക്റുകള്‍ക്ക് പ്രതിഫലം ലഭിക്കുകയില്ലെന്നു ഖാസീ ഇയാദ് പറഞ്ഞതായി ഇമാം നവവി (റ) ശറഹു മുസ്ലിമില്‍ പറയുന്നുണ്ട്. ഇബ്നു ഹജര്‍ അല്‍അസ്ഖലാനി ഫത്ഹുല്ബാരിയില്‍ പറയുന്നത് ഇപ്രകാരമാണ്. ((ചിലപ്പോള്‍ നാവു കൊണ്ടു ദിക്റ് ചൊല്ലാം. അത് ചൊല്ലിയവനു അതിനു പ്രതിഫലം ലഭിക്കും. അവന്‍ അതിന്‍റെ അര്‍ത്ഥം മനസ്സില്‍ കൊണ്ടുവരല്‍ നിബന്ധനയില്ല. ആ ദിക്റിന്‍റെ വിപരീത അര്‍ത്ഥം കരുതാതിരുന്നാല്‍ മതി. ഇനി ഖല്ബു കൂടി ദിക്റില്‍ ചേര്‍ന്നാലോ അത് പൂര്‍ണ്ണ രൂപമായി. ഇനി ദിക്റിന്‍റെ അര്‍ത്ഥമായ അല്ലാഹുവിന്‍റെ ഔന്ന്യത്തവും പരിശുദ്ധിയും മനസ്സില്‍ ആലോചിച്ചു കൊണ്ടാണെങ്കില്‍ പൂര്‍ണ്ണത വര്‍ദ്ധിക്കുന്നു.))

ഖല്‍ബു കൊണ്ടു ദിക്റ് ചൊല്ലിയാലും അത് മലക്കുകള്‍ എഴുതി റെകാഡാക്കുന്നതാണ്.

എന്നാല്‍ അശ്രദ്ധമായി സ്വലാത് ചൊല്ലിയാലും അതിനു പ്രതിഫലം ലഭിക്കുമെന്ന് നബ്ഹാനി തന്‍റെ ഗ്രന്ഥത്തില്‍ മഹാന്മാരെ ഉദ്ധരിച്ചു പറയുന്നുണ്ട്. ദിക്റുകളുടെ അര്‍ഥം മനസ്സിലാക്കി ചൊല്ലുന്നത് വളരെ ശ്രേഷ്ഠമാണ്, പക്ഷേ, അത് സ്വീകരിക്കാനുള്ള നിബന്ധനയല്ല.

ദിക്റ്, സ്വലാതുകള്‍ ചൊല്ലുമ്പോള്‍ ഏറ്റവും ആദ്യമായും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടത് ഇഖ്‍ലാസ് ആണ്. അഥവാ, അല്ലാഹുവിന്‍റെ പ്രീതി മാത്രം കാംക്ഷിക്കുക, ലോകമാന്യം, സ്ഥാനമാനങ്ങള്‍, ഭൌതിക താല്പര്യങ്ങള്‍ ഒന്നുമുണ്ടാവതല്ല. തണ്ഡാസുകളില്‍ ദിക്റ് നാവു കൊണ്ടു ചൊല്ലുന്നത് നിഷിദ്ധമാണ്.  കുളിമുറികള്‍ പോലോത്ത സ്ഥലങ്ങളിലും വര്‍ജ്ജിക്കലാണ് ഉത്തമം. അല്ലാഹുവിനോടുള്ള താഴ്മയും ബഹുമാനവുമുണ്ടായിരിക്കുക, ശുദ്ധിയോടെയാവുക, ശുദ്ധിയുള്ള സ്ഥലത്താവുക, നല്ല വസ്ത്രങ്ങള്‍ ധരിക്കുക, തല മറക്കുക, താല്പര്യത്തോടെ ചെയ്യുക ഇവയെല്ലാം ചില മര്യാദകളാകുന്നു.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter