ഉമര്‍(റ) പിന്നീടാണല്ലോ ഇസ്ലാമിലെക്ക് വന്നത്. പിന്നെ എങ്ങനെയാ ഉമര്‍ തങ്ങള്‍ ആയാത്. സയ്യിദ് നബി തങ്ങളെ പരമ്പര ആണല്ലോ?

ചോദ്യകർത്താവ്

റിസ്‍വാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ചോദ്യത്തില്‍ കുറേ തെറ്റുധാരണകളുണ്ട്. ഒന്നാമതായി തങ്ങള്‍ എന്ന മലയാള പദം താങ്കള്‍ എന്ന അര്‍ത്ഥത്തില്‍ ബഹുമാന സൂചകമായി ഉപയോഗിക്കുന്നതാണ്.  ചില നമ്പൂതിരിമാരെയും തങ്ങള്‍ എന്ന സ്ഥാനപേരില്‍ വിളിച്ചിരുന്നു. അതുപോലെ ഗ്രാമാധികാരിയുടെ ഉദ്യോഗസ്ഥനും ഇതു പോലെ വിളിപ്പെട്ടിരുന്നു. പ്രവാചക കുടുംബം പ്രത്യേകം ബഹുമാനം അര്‍ഹിക്കുന്നതിനാല്‍ അവരെ പൊതുവേ മുസ്ലിംകള്‍ തങ്ങള്‍ എന്നു വിളിച്ചു പോന്നു. അതുപ്രകാരം ഇസ്‍ലാമിക ചരിത്രത്തിലെ പല മഹാന്മാരുടെയും പേരിനോടൊപ്പം (സ്വഹാബാക്കള്‍, ഇമാമുമാരായ പണ്ഡിതന്മാര്‍, ഔലിയാക്കള്‍ തുടങ്ങിയവര്‍) ബഹുമാനാര്‍ത്ഥം തങ്ങള്‍ എന്ന പദം ഉപയോഗിക്കാറുണ്ട്. അവര്‍ പ്രവാചക പരമ്പരയില്‍ പെട്ടവരല്ലെങ്കിലും അതു ഉപയോഗിക്കാം.
ഉമര്‍ (റ) പിന്നീടാണ് ഇസ്ലാമിലേക്ക് കടന്നു വന്നത് എന്നതിന്‍റെ പൊരുള്‍ മനസ്സിലാകുന്നില്ല. നബി(സ) യുടെ കാലത്തു തന്നെ ഉമര്‍ (റ) ഇസ്‍ലാമിലേക്ക് കടന്നു വന്നിട്ടുണ്ട്. പ്രവാചക കുടുംബത്തിലെ അംഗമാകുന്നതും ഇസ്ലാമിലേക്കു വരുന്നതിലെ കാല ക്രമവും തമ്മില്‍ ഒരു ബന്ധവുമില്ല. അഹ്‍ലുബൈത് എന്നതു കൊണ്ട് ആരെല്ലാമാണ് ഉദ്ദേശിക്കപ്പെടുന്നതില്‍ അഭിപ്രായന്തരങ്ങളുണ്ടെങ്കിലും പ്രബലമായത് അബ്ദുല്‍ മുത്തലിബ് ബ്നു അബ്ദു മനാഫ്, ഹാശിമുബ്നു അബ്ദിമനാഫ് തുടങ്ങിയവരുടെ സന്താന പരമ്പരയിലെ മുസ്ലിംകളാണ്. ഉമര്‍ (റ) വിനു ശേഷം ഇസ്‍ലാമിലേക്കു വന്ന അബ്ബാസ് (റ) വും അഹ്‍ലു ബൈതില്‍ പെടും.
അറബിയിലെ സയ്യിദ് എന്ന പദവും പ്രവാചക പരമ്പരിയിലുള്ളവര്‍ക്കു മാത്രമല്ല ഉപയോഗിക്കപ്പെടാറ്. അതിന്‍റെ ഭാഷാര്‍ത്ഥം നേതാവ് എന്നാണ്. ഇപ്പോള്‍ ഒരു വ്യക്തിയെ മാന്യതയോടെ അഭിസംബോധനം ചെയ്യുന്ന ഭാഗമായും സയ്യിദ് എന്ന് അറബിയില്‍ പ്രയോഗിക്കാറുണ്ട്.  അഹ്‍ലുബൈതിനോടുള്ള ബഹുമാന സൂചകമായി അവരുടെ പേരുകള്‍ക്കൊപ്പം സയ്യിദ്, ശരീഫ് എന്നിങ്ങനെയുള്ള പദങ്ങളുപയോഗിക്കാറുണ്ട്. അതിനര്‍ത്ഥം അതുപയോഗിച്ചു പറയപ്പെടുന്നവരെല്ലാം നബി(സ)യുടെ കുടുംബമാകണെന്നല്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter