ഒമാനില്‍ കൂടുതല്‍ ഉള്ളത് ഇബാളികള്‍ ആണ് എന്ന് കേട്ടിട്ടുണ്ട്. ആരാണ് ഈ വിഭാഗം? ഷിയാ ആശയക്കാര്‍ ആണോ?
ചോദ്യകർത്താവ്
ഷംസുദ്ദീന്‍ കൂടത്തില്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സല്‍തനതു ഒമാനില്‍ മേല്‍കോയ്മ ഇബാദി വിഭാഗത്തിനാണ് (ഏകദേശം 45-65 ശതമാനം). ശാഫിഈ മദ്ഹബ് അംഗീകരിക്കുന്ന സുന്നികള്‍ ഒരു വലിയ ശതമാനം തന്നെയുണ്ട്. ബലൂജിസതാനില്‍ കുറിയേറിപ്പാര്‍ത്ത ബലൂഷികള്‍ പൊതുവെ ഹനഫീ മദ്ഹബു പിമ്പറ്റുന്ന സുന്നികളാണ്. അതു പോലെ ഇറാനില്‍ നിന്നും ഇന്ത്യയിലെ ഗുജ്റാതില്‍ നിന്നും കുടിയേറിയ ശിയാക്കളുമുണ്ട്.
മുആവിയ(റ) വും അലി (റ) വും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും തുടര്‍ന്നുണ്ടായ യുദ്ധത്തിനും അറുതിയെന്ന നിലക്ക് അവര്‍ക്കിടയില്‍ ഒരു മധ്യസ്ഥനെ അലി(റ) അംഗീകരിച്ചതിനോടു (തഹ്കീം) വിയോജിപ്പുള്ളവരുടെ ഒരു കൂട്ടമാണ് പിന്നീട് ഇബാദിയ്യ വിഭാഗമായി വന്നത്. അവരുടെ ആദ്യ ഇമാമായി അവര്‍ അംഗീകരിക്കുന്നത് താബിഉകളില്‍ പെട്ട അബുശ്ശഅ്സാഅ് ജാബിറ് ബ്നു സൈദ് അല്‍അസ്ദി (റ) എന്നവരെയാണ്. എന്നാല്‍ താരീഖുല്‍ കബീറില്‍ അദ്ദേഹം തന്നെ ഇബാദി ആശയവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ചതായി ഇമാം ഉദ്ധരിക്കുന്നുണ്ട്. മത്രമല്ല, ഥബഖാതുല്‍ കുബ്റാ (ഇബ്നു സഅ്ദ്), അസ്സിഖാത് (ഇബ്നു ഹിബാന്‍), ദഹബി തുടങ്ങി ധാരാളം പണ്ഡിതന്മാര്‍ അദ്ദേഹം ഇബാദി ആശയക്കാരനല്ലെന്നു വ്യക്തമാക്കുന്നുണ്ട്. അഹ്‍ലുസുന്നത്തിന്‍റെ വിഖ്യാതരായ പലരും അദ്ദേഹത്തിന്‍റെ ഹദീസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുമുണ്ട്.
അവരുടെ രണ്ടാമത്തെ ഇമാം അബൂ ഉബൈദ മുസ്ലിം ബ്നു അബീ കറീമയായിരുന്നു. അബ്ദുല്ലാഹ് ബ്നു ഇബാദ് അത്തമീമീ, ഇബാദി ആശയത്തിനു വേണ്ടി സൈനികമായും മറ്റും കൂടുതല്‍ പരിശ്രമങ്ങള്‍ നടത്തിയതിനാലാണ് ഈ വിഭാഗം അദ്ദേഹത്തിലേക്ക് ചേര്‍ത്തി ഇബാദി എന്നറിയപ്പെടുന്നത്. ഒമാനിലെ ബാഥിന പ്രവിശ്യയില്‍ ജനിച്ച അര്‍റബീഅ് ബ്നു ഹബീബ് ഇവരുടെ ഇമാമുകളിലൊരാളായിരുന്നു. ഇദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങളാണ് അവര്‍ അവലംബമായി സ്വീകരിക്കുന്നത്. അദ്ദേഹത്തിന്‍റെ ഹദീസ് സമാഹാരമായ മുസ്ലദ് റബീഅ് എന്ന ഗ്രന്ഥത്തെ ഇവര്‍ അല്‍ജാമിഉസ്സഹീഹ് എന്നു വിളിക്കുകയും ഏറ്റവും സ്വഹീഹായ ഹദീസുകളായി അതിനെ കണക്കാക്കുകയും ചെയ്യുന്നു.
ഇവരെ ചിലര്‍ ഖവാരിജുകളിലെണ്ണുമ്പോള്‍ മറ്റു ചിലര്‍ ഇവരെ റാഫിളുകളും ശീഅകളുമായി എണ്ണുന്നു. പക്ഷേ, ഇബാദികള്‍ സുന്നികളില്‍ നിന്നും ശീഅകളിലില്‍ നിന്നും വിഭിന്നമായി തനിയേ ഒരു വിഭാഗമാണ്.
ഖുര്‍ആന്‍ സൃഷ്ടിയാണ്, അല്ലാഹുവിനെ കാണുകയെന്നത് (ദുന്‍യാവിലും ആഖിറത്തിലും) അസാധ്യമായതാണ്, ഖിയാമത് നാളിനു മുന്നോടിയായി പ്രത്യേക അടയാളങ്ങളൊന്നുമില്ല, മുഅ്മിനുകളിലെ ദോശികളും നിത്യമായി നരകത്തിലായിരിക്കും, തുടങ്ങിയവ അവരുടെ ചില വിശ്വാസ വൈകല്യങ്ങളാണ്.
നിസ്കരിക്കുമ്പോള്‍ കൈകെട്ടാതിരിക്കുക, നിസ്കാരത്തിലെ രണ്ടാം സലാം ചെയ്യാതിരിക്കുക തുടങ്ങിയവയാണ് ഫിഖ്ഹിലെ അവരുടെ പെട്ടന്നു പ്രകടമായ രീതികള്‍. കര്‍മ്മ ശാസ്ത്രപരമായി ധാരാളം കാര്യങ്ങളില്‍ അവര്‍ക്ക് വ്യത്യസ്ത നിലപാടകളാണുള്ളത്. എങ്കിലും അവരുടെ നിസ്കാരം ശാഫിഈ മദ്ഹബു പ്രകാരം സ്വഹീഹ് ആകുന്നതിനാല്‍ അവരെ തുടര്‍ന്നു നിസ്കരിച്ചാല്‍ തുടര്‍ച്ച ശരിയാകുന്നതാണ്. അവര്‍ മുബ്തദിഉകളില്‍ പെട്ടതിനാല്‍ അവരുടെ പിന്നില്‍ നിസ്കരിക്കല്‍ കറാഹതാണ്. എങ്കിലും ജുമുഅ പോലുള്ള നിര്‍ബന്ധ ഘട്ടങ്ങളില് അവരുടെ പിന്നില്‍ നിസ്കരിക്കേണ്ടത് അത്യാവശ്യമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.