തൗബ ചെയ്തതിനു ശേഷം ആ തെറ്റ് വീണ്ടും ആവര്ത്തിച്ചാല്‍ നേരത്തെ ചെയ്ത തൗബ നഷ്ടപ്പെടുമോ..?
ചോദ്യകർത്താവ്
മുഹമ്മദ് അമീന്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഒരിക്കല്‍ തൌബ ചെയ്ത് വീണ്ടും അതേ തെറ്റിലേക്ക് തിരിച്ചു പോവുകയെന്നത് വലിയ ദൌര്‍ഭാഗ്യമാണ്. ആ തെറ്റിലേക്ക് ഇനി ഒരിക്കലും തിരിച്ചു പോവുകയില്ലെന്ന ദൃഢ നിശ്ചയം കൂടിയാണല്ലോ തൌബ. എങ്കിലും അത്തരം ഒരു തെറ്റ് വീണ്ടും സംഭവിച്ചു പോയാലും ആദ്യ തൌബയെ അത് ദുര്‍ബലമാക്കുന്നില്ല. ഈ തെറ്റിനു വീണ്ടും തൌബ ചെയ്യുകയും ഇനി ആവര്‍ത്തിക്കുകയില്ലെന്നു കൂറേ കൂടി ശക്തമായി ദൃഢനിശ്ചയമെടുക്കുകയും അത്തരം തെറ്റിലേക്കു വഴുതി പോകാനുള്ള സാധ്യതകള്‍ മുന്നേ കൂട്ടി ഇല്ലാതാക്കുകയും ചെയ്യണം. സൂറതുന്നിസാഇലെ 17, 18 സൂക്തങ്ങള്‍ ഓര്‍മിപ്പിക്കുന്നു.
പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവുകേട് നിമിത്തം തിന്‍മ ചെയ്യുകയും, എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു
പശ്ചാത്താപം എന്നത് തെറ്റുകള്‍ ചെയ്ത് കൊണ്ടിരിക്കുകയും, എന്നിട്ട് മരണം ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട് മരണമടയുന്നവര്‍ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷയാണ് നാം ഒരുക്കിവെച്ചിട്ടുള്ളത്.
ആത്മാര്‍ത്ഥമായി അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുന്ന തവ്വാബുകളില്‍ നമ്മെയും ഉള്‍പ്പെടുത്തട്ടെ.