ദുആ സ്വീകരിക്കപ്പെടാന്‍ എന്ത് ചെയ്യണം?

ചോദ്യകർത്താവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ദുആയില്‍ ഏറ്റവും പ്രധാനം മനസ്സും മനസ്സാന്നിധ്യവുമാണ്. അല്ലാഹുവിനോട് നാം തേടുന്നത് എത്രമാത്രം എളിമയോടെയും വണക്കത്തോടെയുമാണോ, അത്രയും ഉത്തരം ലഭിക്കുന്നതിനുള്ള സാധ്യതകള്‍ ഏറിക്കൊണ്ടിരിക്കുന്നു. ഉത്തരം ലഭിക്കാന്‍ ഏറെ സാധ്യതയുള്ള ഒട്ടേറെ സമയങ്ങള്‍ ഹദീസുകളില്‍ വന്നതായി കാണാം. രാത്രിയുടെ അവസാനയാമത്തിലോ അര്‍ദ്ധരാത്രിയോ ഉള്ള പ്രാര്‍ത്ഥനക്ക് ഏറെ മഹത്വമുള്ളതായി ഖുര്‍ആനിലും ഹദീസുകളിലും കാണാം. സുജൂദിലെ ദുആ, നിസ്കാരത്തില്‍ അത്തഹിയ്യാതിന് ശേഷമുള്ള ദുആ, നിസ്കാരാനന്തരമുള്ള ദആ, വെള്ളിയാഴ്ച ദിവസം ഖതീബ് മിംബറില്‍ കയറിയത് മുതല്‍ നിസ്കാരം പൂര്‍ത്തിയാവുന്നത് വരെയുള്ള സമയം, വെള്ളിയാഴ്ച ദിവസം അസ്ര്‍ മുതല്‍ അസ്തമയം വരെയുള്ള സമയം ബാങ്കിനും ഇഖാമതിനുമിടയില്‍ കോഴി കൂവുന്നതു കേള്‍ക്കുമ്പോള്‍  എന്നിവയെല്ലാം ദുആക്ക് ഉത്തരം ലഭിക്കാന്‍ ഏറെ സാധ്യതയുള്ള സമയങ്ങളാണെന്ന് ഹദീസുകളില്‍  കാണാം.  കഅ്ബ ദര്‍ശിക്കുന്ന സമയത്തും മഴ പെയ്യുന്ന സമയത്തുമെല്ലാം ദുആക്ക് ഏറെ ഉത്തരം ലഭിക്കാന്‍ സാധ്യതയുണ്ട്.

കണ്ണീര്‍തുള്ളികളുടെ അകമ്പടിയോടെ ദുആ ചെയ്യാനാവുന്നത് വലിയൊരു കാര്യമാണ്. രാത്രിയുടെ അവസാനയാമത്തില്‍ എണീറ്റ്, പൂര്‍ണ്ണമായ വുളൂ ചെയ്ത്, തഹജ്ജുദ് നിസ്കരിച്ച് കൊണ്ട് സുജൂദില്‍ കിടന്ന് ചുടുകണ്ണീര്‍ കണങ്ങളോടെ ദുആ ചെയ്യാനായാല്‍ അത് സ്വീകരിക്കപ്പെടുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

لا إله إلا أنت سبحانك إني كنت من الظالمين എന്ന ദിക്റ് കൊണ്ട് ദുആ ചെയ്ത എല്ലാ മുസ്‍ലിംകള്‍ക്കും ഉത്തരം ലഭിക്കുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. മീനിന്റെ വയറ്റില്‍ അകപ്പെട്ടപ്പോള്‍ യൂനുസ് നബി (അ) അങ്ങനെയായിരുന്നു ദുആ ചെയ്തത്. നബിയുടെ മേല്‍ സ്വലാത് വര്‍ദ്ധിപ്പിക്കല്‍ ദുആ സ്വീകരിക്കപ്പെടാനുത്തമമാണ്. ഖുര്‍ആന്‍ ഓതിയ ഉടനെ ദുആ ചെയ്യുന്നതും കൂടുതല്‍ സ്വീകരിക്കപ്പെടാന്‍ സാധ്യതയുള്ളതാണ്.

കണ്ണീരൊലിക്കുന്ന കണ്ണുകളോടെ നാഥനിലേക്ക് കൈകളുയര്‍ത്താന്‍ നാഥന്‍ തുണക്കട്ടെ.

 

ASK YOUR QUESTION

Voting Poll

Get Newsletter