എന്താണ് ആലമുല്‍ അര്‍വാഹ്? റൂഹും ജീവനും ഒന്നാണോ? നമുക്ക് ജീവന്‍ ഇടപ്പെടുന്നതിനു മുമ്പ് നമ്മുടെ റൂഹ് ആലമുല്‍ അര്‍വാഹില്‍ ഉണ്ട് എന്ന് പറയുന്നത് ശരിയാണോ? ആലമുല്‍ അര്‍വാഹില്‍ പരസ്പരം സൗഹൃദ മുളവരാണ് ദുനിയാവില്‍ വെച്ച് അപരിചിതരോട് പോലും നമുക്ക് ഒരു മാനസിക അടുപ്പം തോന്നുന്നതെന്നും റൂഹുകളുടെ ലോകത്ത് വെച്ച് പരസ്പരം ശത്രുതയുള്ളവരാണ് ദുനിയാവിലും അങ്ങിനെ ശത്രുത തോന്നുന്നതെന്നും ഒരു പ്രസംഗ ത്തില്‍ കേട്ടു. ഇതിനു വല്ല അടിസ്ഥാനവും ഉണ്ടോ?

ചോദ്യകർത്താവ്

ഇഹ്സാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ദുന്‍യാവും ആഖിറവുമല്ലാത്ത മറ്റൊന്നാണ് ആലമുല്‍ അര്‍വാഹ്. അഥവാ റൂഹുകള്‍ ഒരുമിച്ച് കൂട്ടപ്പെടുന്ന സ്ഥലം. മനുഷ്യനെ ഭൂലിയിലേക്ക് സൃഷ്ടിക്കും മുമ്പ് എല്ലാവരുടേയും റൂഹിനെ അള്ളാഹു ആലമുല്‍ അര്‍വാഹില്‍ ഒരുമിച്ച് കൂട്ടിയിരുന്നു. അവിടുന്ന് അവരോട് ألست بربكم എന്ന് ചൊദിക്കുകയും എല്ലാവരും അതെ എന്ന് പറയുകയും ചെയ്തു. ഈ മഹത്തായ കരാര്‍ നടന്നയിടത്തിന് ആലമുല്‍ അര്‍വാഹ് എന്നും ആലമുദ്ദുര്‍ (عالم الذر) എന്നും പറയാറുണ്ട്. മരിച്ചതിനു ശേഷം റൂഹുകള്‍ ഒരുമിച്ച് കൂട്ടപ്പെടുന്ന സ്ഥലവും ആലമുല്‍ അര്‍വാഹ് തന്നെ. അതു ആലമുദ്ദുര്‍ അല്ല. ആദം (അ) ജനിക്കുന്നതിന് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ റൂഹ് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്ന് ഹദീസില്‍ നിന്ന് മനസ്സിലാക്കാം. റൂഹും ജീവനും  (الروح والحياة) ഒന്നല്ല. മരിച്ചാലും റൂഹ് ഉണ്ട്. ജീവന്‍ നല്‍കപ്പെടുന്നതിനു മുമ്പും റൂഹ് ഉണ്ട്.  ജീവന്‍ എന്നാല്‍ രണ്ട് വിധമാണ്. ഒന്ന് മരം പോലോത്ത വസ്തുക്കളുടെ ജീവന്‍ മറ്റൊന്ന് മനുഷ്യന്‍ പോലോത്ത ജീവികളുടെ ജീവന്‍. മരം വളരുന്നു ഭക്ഷണം നിര്‍മ്മിക്കുകയും കഴിക്കുകയും ചെയ്യുന്നു എന്ന നിലയില്‍ അതിനു ജീവനുണ്ട്. മഴ വര്‍ഷിപ്പിച്ച് ഭൂമിയെ ജീവിപ്പിക്കുന്നുവെന്ന് അള്ളാഹു ഖുര്‍ആനില്‍ പറയുന്നുണ്ട്. അതും ഒരു തരം ജീവനാണ്. എന്നാല്‍ ഈ ജീവനില്‍ നിന്ന് വിത്യസ്തമാണ് മനുഷ്യന്റെയും മറ്റു ജീവികളുടേയും ജീവന്‍. ഈ ജീവനില്‍ ഭക്ഷണം കഴിക്കലും വളര്‍ച്ചയും പുറമെ അറിവും (الحس) വേണ്ടുക (الارادة) യും ഉണ്ട്. റൂഹിന്റെ സാന്നിധ്യം കൊണ്ടാണ് الحس والإرادة ഈ വിശേഷണങ്ങള്‍ അതിനുണ്ടായത്. മനുഷ്യനല്ലാത്ത ജീവികളിലുമുണ്ട് റൂഹ്. ഒരു ഹദീസില്‍ മലകുല്‍ മൌത് പറയുന്നതായി കാണാം: وَاللهِ يَا مُحَمَّدُ لَوْ أَرَدْتُ أَنْ أَقْبِضَ رُوحَ بَعُوضَةٍ مَا قَدَرْتُ عَلَى ذَلِكَ حَتَّى يَكُونَ اللهُ هُوَ أَذِنَ بِقَبْضِهَا നബിയേ ഒരു കൊതുകിന്റെ റുഹ് പോലും അള്ളാഹുവിന്റെ സമ്മതമില്ലാതെ എനിക്ക് പിടിക്കാന്‍ സാധ്യമല്ല. ഗര്‍ഭപാത്രത്തില്‍ റുഹ് ഊതുന്നതിന് മുമ്പേ അതില്‍ ജീവനുണ്ട് പക്ഷെ ആ ജീവന്‍ ചെടികളിലെ സസ്യങ്ങളിലെ ജീവന്‍ പോലെ മാത്രമാണ്. റൂഹ് ഊതിയതിനു ശേഷം സവിശേഷമായ അറിവും വേണ്ടുകയും (الحس والإرادة) കൂടിച്ചേരുന്നു. الْأَرْوَاحُ جُنُودٌ مُجَنَّدَةٌ، فَمَا تَعَارَفَ مِنْهَا ائْتَلَفَ، وَمَا تَنَاكَرَ مِنْهَا اخْتَلَفَ എന്ന് ഹദീസില്‍ കാണാം.ആത്മാവുകള്‍ ഒരുമിച്ച്കൂട്ടപ്പെട്ട സങ്കേതങ്ങളാണ് (വിത്യസ്ത ഇനങ്ങളാണ്).ആലമുല്‍ അര്‍ഹാഹില്‍ അന്ന് ആര് പരിചയപ്പെട്ടോ അവര്‍ ഇവിടെയും പരിചിതരായിരിക്കും.അവിടെ ആര് പിണങ്ങി നിന്നോ അവരിവിടെയും പിണങ്ങി നില്‍ക്കും. എന്ന ഇമാം ഗസാലി (റ) ഇഹ്യാഇലും ഇമാം സുയൂഥി (റ) ശര്‍ഹുസ്സുദൂറിലും ഇബനു ഹജര്‍ (റ) ഫത്ഹുല്‍ ബാരിയിലും ഉദ്ധരിച്ചിട്ടുണ്ട്. മറ്റു പല വ്യഖ്യാനങ്ങളും ഈ ഹദീസിനുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter