മരണപെട്ടവരോട് പ്രാര്‍ത്ഥിക്കാന്‍ പാടുണ്ടോ? അന്നഹ്ല്‍ സൂറത്തിലെ 20 , 21 ആയത്തുകള്‍ ആയത്തുകള്‍ അര്‍ത്ഥമാക്കുന്നത് എന്താകുന്നു ? ഈ ആയതിന്റെ വിശദീകരണം ലഭിക്കാന്‍ താല്പര്യപ്പെടുന്നു . 2. എന്റെ വീട്ടില്‍ ഇടയ്ക്ക് വരാറുള്ള ഒരു ചെറു ജീവിയുടെ പുറത്ത് الله എന്ന് എനിക്ക് വായിക്കാന്‍ സാധിക്കുന്നു . ഇത് സ്ഥിരീകരിക്കാമോ? الله എന്ന് തന്നെയല്ലേ? 3 വ്യത്യസ്തമായവ എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. ഇതിനെ ഞാന്‍ പിടിച്ചു വെച്ചിരുന്നു പിന്നീട് പുറത്തു വിട്ടു. ഇതിനെ പിടിച്ചു വെക്കുന്നത് തെറ്റാണോ?

ചോദ്യകർത്താവ്

IRSHAD

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. 1. പ്രാര്‍ത്ഥന പരമമായ അര്‍ത്ഥത്തില്‍ അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. അല്ലാഹു അല്ലാത്തവര്‍ക്ക് സഹായിക്കാനാവും എന്ന വിശ്വാസത്തില്‍ മരണപ്പെട്ടവരെയോ ജീവിച്ചിരിക്കുന്നവരെയോ മറ്റു എന്തുവസ്തുവിനെ വിളിച്ച് പ്രാര്‍ത്ഥിച്ചാലും അതൊക്കെ ശിര്‍ക് തന്നെയാണ്. ഈ ആശയം വ്യക്തമാക്കുന്ന ധാരാളം ആയതുകള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്. മേല്‍പറഞ്ഞ ചോദ്യത്തിലെ ആയതുകളും അതില്‍ പെട്ടതാണ്.  ഡോക്ടര്‍ക്ക് സ്വന്തമായി രോഗം മാറ്റാനാവുമെന്ന വിശ്വാസത്തോടെ ഡോക്ടറെ സമീപിക്കുന്നതും അതിന്റെ പരിധിയില്‍ പെടും. എന്നാല്‍, അല്ലാഹു നല്‍കിയ കഴിവുകൊണ്ട് സഹായിക്കുമെന്ന ഉദ്ദേശ്യത്തോടെ മറ്റുള്ളവരെ വിളിച്ചാല്‍ അത് ശിര്‍കിന്റെ പരിധിയില്‍ വരില്ലെന്നാണ് പണ്ഡിതര്‍ പറയുന്നത്. തവസ്സുല്‍, ഇസ്തിഗാസ എന്നിവ വരുന്നത് ഇതിന്റെ പരിധിയിലാണ്, കാരണം ലാഇലാഹഇല്ലല്ലാഹ് എന്ന് ഉറച്ച് വിശ്വസിക്കുന്ന, എല്ലാ കഴിവുകളും അല്ലാഹുവിന്റേത് മാത്രമാണെന്ന് അറിയുന്നവരാണ് അത് ചെയ്യുന്നത് എന്നത് തന്നെ. മരുന്നും അത് കുറിച്ചുതരുന്ന ഡോക്ടറും കേവലം നിമിത്തങ്ങളാണെന്ന് വിശ്വാസത്തോടെ ഡോക്ടറോട് സഹായം തേടുന്ന പോലെത്തന്നെയാണ് അത്. ചുരുക്കത്തില്‍ മേല്‍പറഞ്ഞ വിശ്വാസമാണ് പ്രധാനം, അതില്‍ മരിച്ചവരെന്നോ ജീവിച്ചിരിക്കുന്നവരെന്നോ ഭൌതികമെന്നോ അഭൌതികമെന്നോ വ്യത്യാസമില്ല. ഇവ്വിഷയകമായി കൂടുതലറിയാന്‍ ഇവിടെ നോക്കുക. 2. ചില ജീവികളുടെ, വിശിഷ്യാ ചില മല്‍സ്യങ്ങളുടെ ശരീരത്തില്‍ ഇങ്ങനെ വിവിധങ്ങളായ എഴുത്തുകള്‍ കാണാറുണ്ട്. അത് എന്തായാലും പരസ്യപ്പെടുത്തുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍, എന്ത് കാര്യമാണെങ്കിലും മറ്റുള്ളവരോട് പറയുന്നതിന് മുമ്പായി അത് പൂര്‍ണ്ണമായും ശരിയാണെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. 3. അത്തരം ജീവികളെ പിടിച്ചുവെക്കുന്നതില്‍ പ്രത്യേകിച്ച് തെറ്റൊന്നുമില്ല. ഏത് ജീവിയെയും പിടിച്ചുവെക്കാതെ അവയെ സ്വതന്ത്രമായി വിടുന്നതാണ് ഏറ്റവും നല്ലത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter