പലിശയുമായിട്ടുള്ള എല്ലാ കാര്യങ്ങളും ഹറാമാണ്‌ എന്ന് കേട്ടിട്ടുണ്ട്, എന്റെ പണമിടപാടെല്ലാം ബാങ്ക് വഴിയാണ്, അതില്‍ ബാലന്‍സ് ഉള്ള കാശിനു പലിശ വരുന്നുണ്ട് അതു എടുത്ത് പൊതു ജനങ്ങള്‍ക്ക്‌ ഉപകാരപ്പെടുന്ന വിധത്തില്‍ ചെലവ് ചെയ്യുന്നതിന്‍റെ വിധിയെന്താണ്. അതല്ലെങ്കില്‍ അത് എടുക്കാതെ അക്കൌണ്ടില്‍ തന്നെ ഉപേക്ഷിക്കല്‍ അനുവദനീയമാണോ?

ചോദ്യകർത്താവ്

muhammed

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പലിശ ഹറാമാണെന്നതില്‍ സംശയമില്ല. അതുമായി ഇടപെടുന്നതും ഇടപെടുന്നവരുമായി ഇടപെടുന്നതുമൊക്കെ കുറ്റകരം തന്നെ. എന്നാല്‍ ഇന്ന് ദൌര്‍ഭാഗ്യവശാല്‍ ബാങ്കുമായുള്ള ഇടപാടുകള്‍ സാര്‍വ്വത്രികമാവുകയും അതൊരു കുറ്റമല്ലെന്ന ചിന്തയിലേക്ക് കാര്യങ്ങള്‍ എത്തിപ്പെടുകയും ചെയ്തിരിക്കുന്നു. മറ്റുമാര്‍ഗ്ഗമൊന്നുമില്ലാത്ത സാഹചര്യത്തില്‍ മാത്രമേ ബാങ്കുമായി ഇടപെടാവൂ. നാട്ടിലേക്ക് പണമയക്കാനായി ചിലപ്പോള്‍ അത് ഉപയോഗിക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ അക്കൌണ്ടില്‍ ബാലന്‍സ് വെക്കാതെ എത്രയും വേഗം അത് പിന്‍വലിക്കാനും ശ്രമിക്കേണ്ടതാണ്. അല്ലാത്ത പക്ഷം, ആ പണം ഉപയോഗിച്ച് അവര്‍ മറ്റുള്ളവര്‍ക്ക് കടം കൊടുത്ത് പലിശ വാങ്ങുമെന്നതിനാല്‍ അതിന് സഹായിച്ചു എന്ന കുറ്റമാണ് നാം ചെയ്യുന്നത്. പലിശ തിന്നുന്നവനെയും തീറ്റിക്കുന്നവനെയും അതിന് സഹായിക്കുന്നവനെയും എഴുതുന്നവനെയുമെല്ലാം അല്ലാഹു ശപിച്ചിരിക്കുന്നു എന്ന് വിവിധ ഹദീസുകളില്‍ കാണാവുന്നതാണ്. ഇങ്ങനെയൊക്കെ സൂക്ഷിച്ചാലും വര്‍ഷത്തില്‍ ഒരു ചെറിയ സംഖ്യ പലിശയായി ചിലപ്പോള്‍ വന്നേക്കാം. ഗത്യന്തരമില്ലാത്ത സാഹചര്യത്തില്‍ പലിശ ഇനത്തില്‍ അക്കൌണ്ടിലേക്ക് വരുന്നത് ഒരിക്കലും നമ്മുടെ കാശ് അല്ലെന്നും അത് മറ്റുള്ളവരില്‍നിന്ന് അക്രമപരമായി പിടിച്ചുവാങ്ങിയതാണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. (ബാങ്കിന്റെ സ്രോതസ്സ് പലിശക്ക് കടം കൊടുക്കലാണെന്നതിനാല്‍ ). ഇങ്ങനെ വരുന്ന പണം എന്തുചെയ്യണമെന്നതാണ് മറ്റൊരു കാര്യം. ഹറാമായ സ്വത്ത് കൈയ്യില്‍ പെട്ടുപോയാല്‍ എന്ത് ചെയ്യണമെന്ന് പണ്ഡിതര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അത് പലിശയിലും പ്രയോഗിക്കാവുന്നതാണ്. അത് ഇങ്ങനെ സംഗ്രഹിക്കാം, നമുക്ക് പലിശയായി ലഭിച്ചത്,  ബാങ്ക് ആരില്‍നിന്ന് പലിശ ഇനത്തില്‍ പിടിച്ചെടുത്തതാണെന്ന് അറിയാന്‍ സാധിക്കുമെങ്കില്‍ അത് മനസ്സിലാക്കി അവര്‍ക്ക് തന്നെ തിരിച്ചുകൊടുക്കുകയാണ് ആദ്യമായി വേണ്ടത്. അവര്‍ മരണപ്പെട്ടുപോയിട്ടുണ്ടെങ്കില്‍, അവരുടെ അനന്തരാവകാശികള്‍ക്ക് കൊടുക്കണം. അതിന് സാധിച്ചില്ലെങ്കില്‍ അതേ ബാങ്കില്‍നിന്ന് ഗത്യന്തരമില്ലാതെ ലോണ്‍എടുത്ത് പലിശയില്‍ കുടുങ്ങിയ ആര്‍ക്കെങ്കിലും അവരുടെ പലിശയിലേക്ക് തിരിച്ചടക്കണമെന്ന നിര്‍ബന്ധത്തോടെ നല്‍കാവുന്നതാണ്. അതും സാധ്യമല്ലെങ്കില്‍ ആ ബാങ്കിലേക്ക് പലിശയിനത്തില്‍ അടച്ച ആളുകള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള വിധം വഴി, പാലം തുടങ്ങിയ പൊതുവായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഭക്ഷണം മുതലായവക്ക് ഉപയോഗിച്ച് ഇത് വയറ്റിലേക്ക് ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും മറ്റുള്ളവരോട് ഉപദേശിക്കുകയും വേണം. ഹലാലായത് മാത്രം സമ്പാദിക്കാനും ഉപയോഗിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter