1.ഞാന്‍ ഷാഫിഈ മദ്ഹബ് ആണ് പിന്തുടരുന്നത്. എന്നാല്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ മറ്റ് മദ്ഹബ് പിന്തുടരാമോ? ഉദാഹരണമായി റമളാനില്‍ ഒരു നിയ്യത് കൊണ്ട് മുഴുവന്‍ നോമ്പും നോല്‍ക്കാന്‍ പറ്റുമെന്ന മാലികി മദ്ഹബിലെ അഭിപ്രായം സ്വീകരിക്കാമോ? 2. റൂമില്‍ ഖുര്‍ആന്‍റെ ഓഡിയോ പ്ലേ ചെയ്ത് ഉറങ്ങാമോ? വീട്ടില്‍ പാട്ട് വെക്കുന്നത് പോലെ ഖുര്‍ആനും വെക്കാമോ?

ചോദ്യകർത്താവ്

അബ്ദുല്‍ ഹക്കീം കെടി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. 1. സ്വയം ഗവേഷണത്തിന് കഴിവില്ലാത്ത എല്ലാവരും, കര്‍മ്മശാസ്ത്രവിഷയങ്ങളില്‍, ക്രോഡീകൃതരൂപത്തില്‍ ഇന്ന് ലഭ്യമായ നാലാലൊരു മദ്ഹബ് പിന്തുടരേണ്ടതാണ് എന്നാണ് ഭൂരിഭാഗപണ്ഡിതരും പറയുന്നത്. അവയില്‍ ഏതു മദ്ഹബും പിന്തുടരാവുന്നതാണ്, പക്ഷേ, ആ മദ്ഹബിനെ കുറിച്ച് വ്യക്തമായ അറിവും കര്‍മ്മങ്ങളുടെ നിയമങ്ങളും അറിഞ്ഞിരിക്കണം. ഏതെങ്കിലും ഒരു മദ്ഹബ് പിന്തുടരുന്നവനും ചില പ്രത്യേക മസ്അലകളില്‍ മറ്റൊരു മദ്ഹബ് സ്വീകരിക്കാവുന്നതാണ്, പക്ഷേ, അത്തരം സന്ദര്‍ഭങ്ങളില്‍ അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അതേ മദ്ഹബ് തന്നെയായിരിക്കണം പിടിക്കുന്നത്. ചോദ്യത്തില്‍ പറഞ്ഞ  രൂപത്തില്‍ മാലികീ മദ്ഹബ് സ്വീകരിക്കാം, പക്ഷേ, നോമ്പ് മുറിയുന്ന മറ്റെല്ലാ കാര്യങ്ങളിലും ആ നോമ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും മാലികീ മദ്ഹബ് പിന്തുടര്‍ന്നിരിക്കണം. ഒരേ കര്‍മ്മത്തില്‍ രണ്ട് വ്യത്യസ്ത മദ്ഹബുകളെ പിന്തുരുമ്പോള്‍ രണ്ട് പേരും ശരിയല്ലെന്ന് പറയുന്ന അവസ്ഥ വരാന്‍ സാധ്യതകളേറെയാണ്. ഉദാഹരണത്തിന്, നിസ്കാരത്തിന് വുളു എടുക്കുമ്പോള്‍ തലയുടെ അല്‍പഭാഗം മാത്രം തടവുകയും (ശാഫീ മദ്ഹബ് പ്രകാരം) നിസ്കാരത്തിലെ ഫാതിഹയില്‍ ബിസ്മി ഓതാതിരിക്കുകയും (ഹനഫീമദ്ഹബ് പ്രകാരം) ചെയ്താല്‍, ആ നിസ്കാരം രണ്ട് മദ്ഹബ് പ്രകാരവും ശരിയല്ല. അത്തരം അവസ്ഥകള്‍ വരാതിരിക്കാന്‍, ഏതെങ്കിലും ഒരു മസ്അലയില്‍ മദ്ഹബ് മാറുന്നുവെങ്കില്‍, അതുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും അതേ മദ്ഹബ് തന്നെ സ്വീകരിക്കണമെന്നാണ് പണ്ഡിതര്‍ പറയുന്നത്. അഥവാ, വുദുവിലെ ഏതെങ്കിലും മസ്അലയില്‍ മറ്റൊരു മദ്ഹബ് പിടിക്കുന്നുവെങ്കില്‍ ആ വുദുവിലും അത് കൊണ്ട് നിര്‍വ്വഹിക്കുന്ന എല്ലാ കര്‍മ്മങ്ങളിലും അതേ മദ്ഹബ് തന്നെ ആയിരിക്കണം. 2. ഖുര്‍ആന്‍ പ്ലേ ചെയ്യുന്നതിന് വിരോധമില്ല, പക്ഷേ, ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ അത് ശ്രദ്ധിക്കേണ്ടതാണ്. ഖുര്‍ആന്‍ പ്ലേ ചെയ്ത് മറ്റു സംസാരങ്ങളിലേര്‍പ്പെടുന്ന സാഹചര്യം വരുന്നുവെങ്കില്‍ അത് ചെയ്യാന്‍ പാടില്ല. വീടുകളില്‍ പാട്ട് പ്ലേ ചെയ്യുന്നതും ഉപേക്ഷിക്കേണ്ടതാണ്. മ്യൂസികും പാട്ടുമൊക്കെ പിശാചിന്റെ ഉപകരണങ്ങളാണെന്നും അത് വര്‍ജ്ജിക്കേണ്ടതാണെന്നും വിവിധ ഹദീസുകളില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഹറാമായ മ്യൂസികുകളോ മറ്റു ഉപകരണങ്ങളോ ഇല്ലാത്ത നല്ല പാട്ടുകള്‍ കേള്‍ക്കാവുന്നതാണ്. ഭയഭക്തിയും മരണസ്മരണയുമുണ്ടാവാന്‍ സഹായകമാവുമെങ്കില്‍, ആ ലക്ഷ്യത്തോടെ കേള്‍ക്കുന്നത് ചിലപ്പോള്‍ പുണ്യവുമാവും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter