അടുത്ത കാലത്തായി മുസ്ലിം കല്യാണവീടുകളിൽ കണ്ടു വരുന്ന മഞ്ഞൾകല്യാണം(ഹൽദി) ഇസ്ലാമിൽ അനുവദനീയമാണോ? അതിൽ പങ്കെടുക്കുന്നതിന്‍റെ വിധി എന്താണ്? ഒന്നു വിശദീകരിച്ചു തരാമോ?

ചോദ്യകർത്താവ്

Veeran kutty

Jan 11, 2020

CODE :Fiq9564

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഇസ്ലാം വളരെ പവിത്രതയോടെ നിര്‍വഹിക്കാന്‍ കല്‍പിച്ച ഒരു ആരാധനാകര്‍മമാണ് വിവാഹം. രണ്ട് ജീവിതങ്ങള്‍ തമ്മില്‍ ഒന്നായി മാറുന്ന വളരെ ലളിതവും എന്നാല്‍ വളരെ ഗൌരവമുള്ളതുമായ  ഒരു ചടങ്ങാണല്ലോ വിവാഹം.

വധൂവരന്മാര്‍ പുതുജീവിതത്തിലേക്ക് കടക്കുമ്പോള്‍ അവരുടെ സന്തോഷത്തില്‍ പങ്കുചേരലും സന്തോഷം പങ്കിടുന്നതിന്‍റെ ഭാഗമായി ഭക്ഷണസല്‍ക്കാരമുണ്ടാക്കലും ദമ്പതിമാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനാനുഗ്രഹം നടത്തലുമെല്ലാം സുന്നത്തുള്ള കാര്യമാണ്.

ആദ്യരാത്രിയിലെ കൂടിക്കാഴ്ചയില്‍ ഭര്‍ത്താവിന് വേണ്ടി ചമഞ്ഞൊരുങ്ങല്‍ മണവാട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതുപോലെ പ്രോല്‍സാഹിക്കിപ്പെടേണ്ട കര്‍മവുമാണ്. ഇതിന്‍റെ ഭാഗമായി കല്യാണത്തലേന്ന് മണവാട്ടിയെ മൈലാഞ്ചി അണിയിക്കുന്ന മൈലാഞ്ചി കല്യാണം മലബാറില്‍ പ്രശസ്തമാണ്. ഇതോടനുബന്ധിച്ച് നടക്കുന്ന അനിസ്ലാമികമായ പേക്കൂത്തുകളും അന്യസ്ത്രീപുരുഷകൂടിക്കലരലും മറ്റു ഹറാമുകളുമെല്ലാം തീര്‍ത്തും ഒഴിവാക്കേണ്ടതാണെങ്കിലും മണവാട്ടിയെ ഹലാലായ രീതയില്‍ ചമയിക്കുന്നത് ഒരിക്കലും അനിസ്ലാമികമെന്ന് പറയാനൊക്കില്ല.

ഉത്തരേന്ത്യന്‍ വിവാഹച്ചടങ്ങുകളില്‍ കണ്ടുവന്നിരുന്ന ചടങ്ങാണ് മഞ്ഞള്‍കല്യാണം. ഇപ്പോളിത് മലബാറിലേക്കും വ്യാപിച്ചിട്ടുണ്ട്. മൈലാഞ്ചികല്യാണത്തിനും മുമ്പ് വധുവിന്‍റെയും വരന്‍റയെും ശരീരത്തില്‍ മഞ്ഞളും ചന്ദനവുമുപയോഗിച്ച് ശരീരത്തിന് സൌന്ദര്യവും മൃദുലതയും വര്‍ദ്ധിപ്പിക്കുന്ന പ്രത്യേകകര്‍മമാണ് മഞ്ഞള്‍കല്യാണം (ഹല്‍ദി സെറിമണി). ഹല്‍ദി എന്നാല്‍ ഹിന്തിയില്‍ മഞ്ഞള്‍ എന്നാണര്‍ത്ഥം.

ശരീരത്തില്‍ മഞ്ഞളും ചന്ദനവും ഉപയോഗിച്ച് സൌന്ദര്യം വര്‍ദ്ധിപ്പിക്കുകയെന്നത് അനിസ്ലാമികമല്ല. എന്നാല്‍ ഇതൊരാഘോഷമാക്കുകയും അനിസ്ലാമികമായ പാട്ടും ആട്ടവും കൂത്തുമെല്ലാമാകുമ്പോള്‍ അവയെ ന്യായികരിക്കാനാവില്ല.

വുളൂഇന്‍റെ സമയത്തും കുളിയുടെ സമയത്തും ശരീരത്തിലേക്ക് വെള്ളം ചേരുന്നതിനെ തടയുന്ന രീതിയിലുള്ള മൈലാഞ്ചി ഉപയോഗിക്കുന്നത് അപകടമാണന്നത് പോലെ മറ്റേത് തരത്തിലുള്ള സൌന്ദര്യവര്‍ദ്ധകവസ്തുക്കളും വെള്ളം ചേരുന്നതിനെ തടയുന്നതാണെങ്കില്‍, വുളൂ, ഫര്‍ളായ കുളി എന്നിവ ശരിയാവാത്ത അവസ്ഥ വരുമെന്നത് ഇവിടെ പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.

ഹറാമായ കാര്യങ്ങള്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്നതും ഹാറാമാണ്. ആയതിനാല്‍ ഹല്‍ദിയാവട്ടെ, മൈലാഞ്ചിയാവട്ടെ, ഏതായാലും ഇസ്ലാം അനുവദിക്കുന്ന പരിധിയും പരിമിതിയും മനസ്സിലാക്കി മാത്രമേ അവയുമായി ബന്ധപ്പെടാവൂ എന്ന് ചുരുക്കം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter