വിഷയം: പൌരത്വ ബില്ലിനെതിരെയുള്ള സമരത്തിൽ സ്ത്രീകൾ പങ്കെടുത്തതിനെ എതിർക്കേണ്ടതുണ്ടോ.. ജിഹാദ് സ്ത്രീകൾക്കും പറ്റില്ലേ..
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരായ പ്രതിഷേധത്തിലും പ്രക്ഷോഭങ്ങളിലുമൊക്കെ മുസ്‌ലിം സ്ത്രീകളുടെ പങ്കാളിത്തത്തെപ്പറ്റി ചർച്ചകൾ നടക്കുകയാണല്ലോ.. സ്വഹാബി വനിതകൾ യുദ്ധത്തിൽ പങ്കെടുക്കുകയും രണാങ്കണത്തിൽ പടവെട്ടുകയും ചെയ്തിട്ടുണ്ട് എന്ന് വാദിക്കുന്ന ചിലർ സ്ത്രീകളുടെ സജീവ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നു. സ്ത്രീകൾക്ക് യുദ്ധത്തിൽ പങ്കെടുക്കൽ അനുവദനീയമാണ് എന്ന് ഇമാമുകൾ പറഞ്ഞതിൽ നിന്ന് മുറിവേറ്റവരെ ശുശ്രൂഷിക്കാനും വെള്ളം കൊടുക്കാനും മാത്രമേ പാടുള്ളൂ എന്ന് മാത്രമാണോ അർഥം? അല്ലാതെ ആയുധമെടുത്ത് പടവെട്ടാൻ പാടില്ലാ എന്നാണോ ഉദ്ദേശ്യം? സ്വഹാബി വനിതകൾ യുദ്ധത്തിലും യുദ്ധേതര സേവനങ്ങളിലും പങ്കെടുത്തു എന്നത് യാഥാർഥ്യമല്ലേ ? സ്ത്രീ പങ്കാളിത്തത്തെ ചില പണ്ഡിതന്മാർ എതിർക്കാനുള്ള കാരണം ഒന്ന് വിവരിക്കുമോ ..
ചോദ്യകർത്താവ്
Mishal
Feb 4, 2020
CODE :Fiq9598
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..
ജിഹാദ് രണ്ട് തരമുണ്ട്. ഒന്ന് ഫർള് ഐനും രണ്ട് ഫർള് കിഫായയും. നിർബ്ബന്ധിത സാഹചര്യത്തിൽ മാത്രമാണ് ജിഹാദ് ഫർള് ഐൻ ആകുന്നത്. അത് ശത്രുക്കൾ സ്വന്തം നാട്ടിൽ പ്രവേശിച്ച് എല്ലാവരേയും നശിപ്പിക്കുമെന്ന ഘട്ടമാണ്. ആ സമയത്ത് എല്ലാവർക്കും അഥവാ സാധാരണ ഗതിയിൽ യുദ്ധം നിർബ്ബന്ധമില്ലാത്ത കുട്ടികൾക്കും സ്ത്രീകൾക്കും അടിമകൾക്കും ദരിദ്രനും എല്ലാവർക്കും അപ്പോൾ അത് നിർബ്ബന്ധമാകും. ഇത് നാലു മദ്ഹബിലും അഭിപ്രായ വ്യത്യാസമില്ലാത്ത കാര്യമാണ്. (നിഹായ, ഹാശിയത്തു ഇബ്നു ആബിദീൻ, ഹാശിയത്തുദ്ദുസൂഖീ, മുഗ്നി ഇബ്നു ഖുദാമഃ)
എന്നാൽ നിർബ്ബന്ധതിമായ ഇത്തരം ഘട്ടങ്ങളിലല്ലാതെ സാധാരണ ഗതിയിൽ ജിഹാദ് ഫർള് കിഫായയാണ്. അത് പ്രായപൂർത്തിയും ബുദ്ധിയുമുള്ള സ്വതന്ത്രരായ പുരുഷന്മാർക്ക് നിർബ്ബന്ധമാണ്. എന്നാൽ സ്ത്രീകൾക്ക് ജിഹാദ് നിർബ്ബന്ധമില്ല. ഇക്കാര്യം പരിശുദ്ധ ഖുർആൻ കൊണ്ടും വിശുദ്ധ ഹദീസ് കൊണ്ടും സ്ഥിരപ്പെട്ട കാര്യമാണ്. നാല് മദ്ഹബും ഇക്കാര്യത്തിൽ ഏകോപിച്ചിട്ടുണ്ട്. അല്ലാഹു തആലാ പറയുന്നു: “ഹേ പ്രവാചകരേ, അത്യാവശ്യ ഘട്ടങ്ങളിൽ ശത്രവിനെ പ്രതിരോധിക്കാൻ വേണ്ടി ജിഹാദ് ചെയ്യാൻ സത്യ വിശ്വാസികളെ പ്രേരിപ്പിക്കുക” (സൂറത്തുൽ അൻഫാൽ). ഈ ആയത്തും ഇതുപോലെയുള്ള സൂറത്തു തൌബയിലും മറ്റും യുദ്ധത്തിനുള്ള ആഹ്വാനവുമായി ബന്ധപ്പെട്ട് അവതരിച്ചിട്ടുള്ള ആയത്തുകളും എടുത്തുദ്ധരിച്ചു കൊണ്ട് ഇമാം ശാഫിഈ (റ) പറയുന്നു: ‘അല്ലാഹു തആലാ യുദ്ധ നിർബന്ധമാക്കിയപ്പോൾ അടിമകളേയും സ്ത്രീകളേയും കുട്ടികളേയും അതിൽ നിന്ന് ഒഴിവാക്കി. ഇതുമായി അവതരിച്ച ആയത്തുകളെല്ലാം അഭിസംബോധന ചെയ്യുന്നത് പുരുഷന്മാരോട് മാത്രമാണ്, സ്ത്രീകളോടല്ല’ കിതാബുൽ ഉമ്മ്).
ആഇശാ (റ) ഒരിക്കൽ നബി (സ്വ)യോട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ജിഹാദ് ഏറ്റവും നല്ല കർമ്മമാണല്ലോ, അതിനാൽ ഞങ്ങളും താങ്കളുടെ കൂടെ യുദ്ധത്തിന് വന്നോട്ടേ?’നബി (സ്വ) പ്രതിവചിച്ചു: “വേണ്ട, സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും വലിയ ജിഹാദ് സ്വീകരിക്കപ്പെടുന്ന ഹജ്ജ് ചെയ്യലാണ്” (സ്വഹീഹുൽ ബുഖാരി). ആഇശാ (റ) മറ്റൊരിക്കൽ നബി (സ്വ) യോട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, സ്ത്രീകൾക്ക് ജിഹാദ് ചെയ്യൽ നിർബ്ബന്ധമാണോ?’. നബി (സ്വ) പറഞ്ഞു: “അതേ, എന്നാൽ അരുടെ ജിഹാദിൽ യുദ്ധമില്ല, ഹജ്ജും ഉംറയുമാണ് അവരുടെ ജിഹാദ്” (സുനനുൽ ബൈഹഖീ).
ചുരുക്കത്തിൽ യുദ്ധം ചെയ്യാൻ വേണ്ടി നബി (സ്വ)യോ സഹാബത്തോ സ്ത്രീകളെ നിർബന്ധിക്കുകയോ കൊണ്ടു പോകുകയോ ചെയ്തിട്ടില്ല. ഒരു സ്വഹാബീ വനിതയും ഒരു യുദ്ധത്തിലും കൊല്ലപ്പെട്ടിട്ടുമില്ല. എന്നാൽ യുദ്ധം ചെയ്യലല്ലാത്ത യുദ്ധവുമായി ബന്ധപ്പെട്ട അനുബന്ധ ആവശ്യങ്ങൾ നിറവേറ്റാൻ നബി (സ്വ)യും സ്വഹാബത്തും യുദ്ധത്തിന് പോകുമ്പോൾ തങ്ങളുടെ സ്ത്രീകളെ കൂടെ കൂട്ടുമായിരുന്നു. അനസ് (റ) പറയുന്നു: ‘ഉഹ്ദ് യുദ്ധ സമയത്ത് ആഇശാ (റ) യും ഉമ്മു സുലൈം (റ) യും തോൽപ്പാത്രത്തിൽ വെള്ളം നിറച്ച് വരികയും (പരിക്ക് പറ്റുകയും ക്ഷീണിച്ചവശാരാകുകയും ചെയ്ത) യോദ്ധാക്കളുടെ വായിൽ ഒഴിച്ചു കൊടുക്കുകയും വെള്ളം തീർന്നാൽ വീണ്ടും വെള്ളം നിറച്ച് കൊണ്ടു വരികയും വീണ്ടും യോദ്ധാക്കളുടെ വായിൽ ഒഴിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നത് ഞാൻ കണ്ടിരുന്നു’ (സ്വഹീഹുൽ ബുഖാരീ). ഉമ്മു അത്വിയ്യ (റ) പറയുന്നു: ‘ഞാൻ നബി (സ്വ) യുടെ കൂടെ ഏഴ് യുദ്ധത്തിൽ പങ്കാളിയായിരുന്നു. പുരുഷന്മാർ യുദ്ധം ചെയ്യുമ്പോൾ അവരുടെ ഒട്ടകക്കട്ടിലുകളിലും ടെന്റുകളിലും അവർക്ക് വേണ്ടി നില കൊള്ളുകയും അവർക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കുകയും അവരിൽ മുറിവേറ്റവരെ ചികിത്സിക്കുകയും അവരിലെ രോഗികളെ ശുശ്രൂഷിക്കുകയുമായിരുന്നു ഞാൻ ചെയ്തിരുന്നത്’ (സ്വഹീഹ് മുസ്ലിം). മുഅവ്വിദ് (റ) വിന്റെ മകൾ റുബൈഅ് (റ) പറയുന്നു: ഞങ്ങൾ അല്ലാഹുവിന്റെ റസൂൽ (സ്വ)യുടെ കൂടെ യുദ്ധത്തിന് പോകാറുണ്ടായിരുന്നു. അപ്പോഴൊക്കെ യോദ്ധാക്കൾക്ക് കുടിവെള്ളം എത്തിക്കലും അവർക്ക് സേവനം ചെയ്യലും അവരിൽ മുറിവേറ്റവരേയും മരണപ്പെട്ടവരേയും മദീനയിലേക്ക് തിരികെ കൊണ്ടുവരലുമായിരുന്നു ഞങ്ങൾ ചെയ്തിരുന്നത്’ (സ്വഹീഹുൽ ബുഖാരീ). അനസ് (റ) പറയുന്നു: ‘നബി (സ്വ) യുദ്ധത്തിന് പോകുമ്പോൾ ഉമ്മു സുലൈം (റ) നേയും കുറച്ച് അൻസാരി സ്ത്രീകളേയും കൊണ്ടു പോകുമായിരുന്നു. അവർ യോദ്ധക്കൾക്ക് വെള്ളമെത്തിക്കുകയും പരിക്കേറ്റവരെ ശുശ്രൂഷിക്കുകയുമയിരുന്നു ചെയ്തിരുന്നത്’ (സ്വഹീഹ് മുസ്ലിം).
വളരേ അപൂർവ്വമായി ചുരുക്കം ചില സ്വഹാബീ വനിതകൾ ആയുധമെടുത്ത് യുദ്ധം ചെയ്തിട്ടുണ്ട്. അത്തരം സന്നഗ്ദ ഘട്ടങ്ങളിൽ പോലും അവരെ അതിന് നിർബ്ബന്ധിക്കുകയോ അവർ നിർബ്ബന്ധിച്ചിട്ടും അനുമതി കൊടുക്കുകയോ ചെയ്തിരുന്നില്ല. പ്രത്യുത ആ സാഹചര്യം മനസ്സിലാക്കി സ്വമേധയാ അവർ ശത്രുവിനെ പ്രതിരോധിക്കുകയാണുണ്ടായത്. അവരിലൊരാളായിരുന്നു നുസൈബഃ (റ) ബിൻത് കഅ്ബ്. ഉഹ്ദ് യുദ്ധത്തിൽ യോദ്ധാക്കൾക്ക് വെള്ളമെത്തിക്കുന്ന ജോലിയൽ വ്യാപൃതയായിരിക്കെ പെട്ടെന്ന് മുസ്ലിംകൾ പരാജയം മണത്തഘട്ടത്തിൽ അല്ലാഹുവിന്റെ റസൂൽ (സ്വ)യെ ശത്രുക്കളിൽ നിന്ന് രക്ഷിക്കാൻ വേണ്ടി വെള്ളപ്പാത്രം വലിച്ചെറിഞ്ഞ് ആയുധവുമായി യുദ്ധക്കളത്തിലേക്ക് കുതിച്ച ധീര വനിത. അവരുടെ ഭർത്താവ് സൈദ് ബിൻ അഅ്സ്വം (റ), മക്കളായ ഹബീബ് (റ), അബ്ദുല്ലാഹ് (റ) എന്നിവരും ഉഹ്ദ് യുദ്ധത്തിൽ പങ്കെടുത്തിരുന്നു. നബി (സ്വ)യുടെ വഫാത്തിന് ശേഷം അബൂബക്ർ (റ) വിന്റെ കാലത്ത് മുസൈലിമത്തുൽ കദ്ദാബുമായുള്ള യുദ്ധത്തിൽ തന്റെ മകൻ ഹബീബ് ബിൻ സൈദ് (റ) മുസൈലിമയുടെ പിടിയിൽപ്പെടുകയും അവനെ അംഗീകരിക്കാത്ത കാരണത്താൽ അവരുടെ ശരീരം തുണ്ടംതുണ്ടമായി മുറിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ഈ വിവരമറിഞ്ഞ നുസൈബ (റ) മുസൈലിമയെ കൊല്ലാനുറച്ച് യുദ്ധത്തിനറങ്ങി. ആ യുദ്ധത്തിൽ അവരുടെ കൈ നഷ്ടപ്പെട്ടെങ്കിലും തന്റെ മകൻ അബ്ദുല്ലാഹി ബിൻ സൈദിന്റെ കരങ്ങളാൽ മുസൈലിമ വധിക്കപ്പെട്ടു. അക്കാര്യം തന്റെ മകനിൽ നിന്ന് നേരിൽ ബോധ്യപ്പെട്ട അവർ അടർക്കളത്തിൽ ശുക്റിന്റെ സുജൂദിൽ വീണു. എന്നാൽ നുസൈബ (റ) നെ ഈ ഘട്ടങ്ങളിലൊന്നും അല്ലാഹുവിന്റെ റസൂൽ (സ്വ) യോ സ്വഹാബത്തോ യുദ്ധക്കളത്തിലേക്കിറങ്ങാൻ പ്രേരിപ്പിക്കുകയോ കൽപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ചരിത്രം രേഖപ്പെടുത്തുന്നു (അസ്സീറത്തുൽ ഹലബിയ്യഃ).
ഹുനൈൻ യുദ്ധത്തിൽ യുദ്ധമുഖത്ത് നിന്നും പലരും പിന്തിരിഞ്ഞോടിയപ്പോൾ ആ ചതിയന്മാരെ പിന്തുടർന്ന് വധിക്കാൻ ഉമ്മു സുലൈം(റ) ബിൻത് മൽഹാൻ പല തവണ നബി (സ്വ)യോ അനുമതി ചോദിച്ചിട്ടും അവർക്ക് അനുമതി കൊടുത്തിട്ടില്ല (ശർഹുസ്സൈറിൽ കബീർ).
നബി (സ്വ)യുടെ കൂടെ ഫത്ഹു മക്കയിലും ഹുനൈനിലും പങ്കെടുത്ത മഹതിയായിരുന്നു അസ്മാഅ്(റ) ബിൻത് യസീദ്. അവരുടെ പിതാവും സഹോദരനും പിതൃവ്യനും ഉഹ്ദ് യുദ്ധത്തിൽ രക്തസാക്ഷികളായിരുന്നു. അവർ ഒരിക്കൽ നബി (സ്വ)യോട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഞാൻ ധാരാളം മുസ്ലിം സ്ത്രീകളുടെ പ്രതിനിധിയായിട്ട് ഒരു കാര്യ ചോദിക്കുകയാണ്, അല്ലാഹു താങ്കളെ അയച്ചത് പുരുഷന്മാരിലേക്കും സ്ത്രീകളിലേക്കുമാണ്. അിതനാൽ ഞങ്ങൾ താങ്കളിൽ വിശ്വസിക്കുകയും താങ്കളെ പിൻപറ്റുകയും ചെയ്തു. എന്നാൽ സ്ത്രീകൾ അവരുടെ വീടുകളുടെ തൂണുകൾക്കുള്ളിൽ ഭർത്താക്കന്മാരുടെ വികാര ശമന വസ്തുവായും അവരുടെ മക്കളെ ഗർഭം ചുമന്നും ഒതുങ്ങിക്കഴിയേണ്ടി വരുന്നു. പുരുഷന്മാരാണെങ്കിൽ ജുമഅക്കും ജമാഅത്തിനും മയ്യിത്ത് നിസ്കാരത്തിനും ദൈവ മാർഗത്തിലെ യുദ്ധത്തിലുമെല്ലാം പങ്കെടുത്ത് സ്രേഷ്ഠതകൾ വാരിക്കൂട്ടുന്നു. അവർ യുദ്ധത്തിനറങ്ങിയാൽ അവരുടെ സ്വത്ത് സംരക്ഷിക്കലും മക്കളെ പരിപാലിക്കലുമാണ് ഞങ്ങളുടെ ജോലി. ഞങ്ങളും ഇക്കാര്യങ്ങളോക്കെ ചെയ്ത് പ്രതിഫലം വാരിക്കൂട്ടുന്ന കാര്യത്തിൽ അവരുടെ കൂടെ പങ്കാളികളാകട്ടേ?. നബി (സ്വ) പ്രതിവചിച്ചു: “ യാ അസ്മാഅ്, താങ്കൾ സ്ത്രീ സമൂഹത്തിനടുത്തേക്ക് ചെന്ന് അവരോട് പറയൂ, നിങ്ങളുടെ ഭർത്താവിന്റെ നല്ല ഭാര്യയാകാൻ പരിശ്രമിക്കുകയും ഭർത്താവിന്റെ പൊരുത്തം സമ്പാദിക്കുകയും ഭർത്താവിന്റെ വാക്കുകൾ അനുസരിച്ച് ജീവിക്കുകയും ചെയ്താൽ പുരുഷന്മാർ ഈ ചെയ്യുന്ന എല്ലാ പ്രവൃത്തികൾക്കും അത് തുല്യമാകും”. അഥവാ അവർ ഇത്തരം കാര്യങ്ങൾ ചെയ്തിട്ട് നേടുന്ന പ്രതിഫലം സ്ത്രീകൾക്ക് അവരുടെ വീടിനകത്ത് വെച്ച് തന്നെ നേടാം (ശുഅബുൽ ഈമാൻ-ബൈഹഖീ, താരീഖു ദിമിശ്ഖ്, അമാലിയ്യഃ).
ചുരുക്കത്തിൽ ഫർള് കിഫായയായ ജിഹാദ് സ്ത്രീകൾക്ക് നിബ്ബന്ധമില്ല എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. കാരണം ശാരിരികമായും മാനിസകമായും അവരുടെ പ്രകൃതം യുദ്ധത്തിന് പറ്റിയതല്ല. ശത്രുക്കളുടെ മുന്നിൽ അവരുടെ ഔറത്ത് വെളിവാകാൻ സാധ്യതയുണ്ട്. അവർക്ക് മാനഹാനി സംഭവിക്കാനും ശത്രുക്കൾ അവരെ അപമാനിക്കാനും അപഹസിക്കാനും ചൂഷണം ചെയ്യാനും സാധ്യത കൂടുതലാണ്. അതിനാൽ അവരെ ഇത്തരം ഒരു അവസ്ഥയിലേക്ക് ഇസ്ലാം നിർബ്ബന്ധിക്കുന്നില്ല. എന്നാൽ യോദ്ധാക്കളെ സഹായിക്കാൻ വേണ്ടി സ്ത്രീകളെ കൊണ്ടു പോകാം. പക്ഷേ ഇത് കർശന നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കണമെന്ന് ഇസ്ലാമിക പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്ലിംകൾ ധാരാളം ഉണ്ടാകുകയും സ്ത്രീകൾക്ക് സുരക്ഷാ ഭീഷണി ഇല്ലാതിരിക്കുകയും ഭർത്താവോ മഹ്റമോ അവരുടെ കൂടെയുണ്ടാകുകുയും ചെയ്യണം. ഒരു രീതിയിലും മറ്റുള്ളവരെ ആകർശിക്കുന്ന തരത്തിൽ വസ്ത്രം ധരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുകയോ പാടില്ല. അതു പോലെ യുദ്ധ സ്ഥലത്ത് വെള്ളമെത്തിക്കലും മുറിവേറ്റവരെ ചികിത്സിക്കലുമൊക്കെ മഹ്റമുകളെ മാത്രമേ പാടുള്ളൂ. അത്യാവശ്യ ഘട്ടങ്ങളിൽ നിബന്ധനകൾ പാലിച്ചു കൊണ്ടേ അന്യപുരുഷന്മാർക്ക് സഹായത്തിന് മുതിരാവൂ. അതു കൊണ്ടാണ് നബി (സ്വ) ഏത് യുദ്ധ സമയത്തും തന്റെ ഭാര്യമാരിൽ ഒരാളെ ഓരോ യുദ്ധത്തിനും പോകുമ്പോൾ കൂടെ കൂട്ടിയത്. സ്വഹാബത്തും ഭാര്യമാരേയോ മഹ്റമത്തുകളേയോ കൂടെ കൂട്ടിയിരുന്നത് ഇത് കൊണ്ടാണ്. (കിതാബുൽ ഉമ്മ്, ശർഹുൽ മുഹദ്ദബ്, ഫത്ഹുൽ ബാരി, ശർഹു മുസ്ലിം, ഹാശിയത്തുദ്ദുസൂഖീ, ഹാശിയത്തുൽ അദവീ, അൽ കാഫീ, മുഗ്നി, അൽ ബദാഇഅ്).
എന്നാൽ ചോദ്യത്തിൽ പറയപ്പെട്ട പൌരത്വ സമരവുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങൾ പരിശോധിക്കുമ്പോൾ പലതും ഇസ്ലാമിന്റെ വീക്ഷണത്തിന് നേർ വിപരീതമായിട്ട് നടന്നതായി കാണാൻ കഴിയും. ഒന്നാമതായി, ഇത്തരം ഒരു കരിനിയമം ഒരു രാജ്യം പാസാക്കാനൊരുങ്ങുമ്പോൾ തന്നെ അത് സമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ടിയിരുന്നു. അതിന് എല്ലാ നാട്ടിലേയും എല്ലാ സംഘടകളുടേയും പണ്ഡിത സഭകളുടേയും പ്രതിനിധികൾ പ്രധാന മന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും കണ്ട് നേരിട്ട് ചർച്ച നടത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തിയും സമ്മർദ്ദം ചെലുത്തിയും ആ നിയമം പാസാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്. “നിങ്ങളെല്ലാവരും ഒരുമിച്ച് അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കൂവീൻ, ഒരിക്കലും ഭിന്നിച്ച് നിൽക്കരുത്” (സൂറത്തു അലു ഇംറാൻ) എന്ന അല്ലാഹുവിന്റെ ആഹ്വാനം ആരും അന്നും ഇന്നും ചെവിക്കൊള്ളുന്നില്ല. ശത്രു എല്ലാ അർത്ഥത്തിലും ഒറ്റക്കെട്ടായി നിലയുറപ്പിക്കുമ്പോഴും നാം ഓരോ ഗ്രൂപ്പായി വിഘടിച്ചു നിന്ന് തങ്ങളുടെ ബാനറിൽ തങ്ങളുടെ ക്രഡിറ്റിൽ മാത്രം കാര്യങ്ങൾ നടക്കണം എന്ന ചിന്തക്ക് ഇക്കാര്യത്തിലും മാറ്റമുണ്ടായില്ല. അതോടെ തുടക്കത്തിലേ പ്രതിരോധത്തിലെ ശക്തിക്ഷയം ശത്രു തിരിച്ചറിഞ്ഞു. പിന്നെ പുരുഷന്മാർ സംഘടിച്ച് ഒരൊറ്റ ശക്തിയായി നിന്ന് വിജയിപ്പിക്കേണ്ടാതാണ് വെയിലു കൊണ്ട് നിയമപാലകരുടെ അടിവാങ്ങിയും തൂക്കിയെടുത്ത് പൊലീസ് വാഹനത്തിൽ കുത്തിനറിക്കലോടെ അവസാനിപ്പിക്കുന്ന സമരവും കേവലം മുദ്രാവാക്യം മുഴക്കിയുള്ള കുത്തിയിരിപ്പ് സമരവുമൊക്കെ. അത് ഫലപ്രദമായി ചെയ്യാതെ സ്ത്രീകളെ സമരരംഗത്തേക്കിറക്കിയത് ന്യായീകരിക്കാവതല്ല. ലാത്തിചാർജ്ജോ ബിൽ അനുകൂലികളുടെ ആക്രമണമോ ഉണ്ടായാലും സുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന സാഹചര്യത്തിൽ മാത്രം പുരുഷന്മാരെ സഹായിക്കുന്ന ജോലിയേ (അതും അതിന് പുരുഷന്മാരില്ലെങ്കിൽ മാത്രം) സ്ത്രീകൾ ചെയ്യേണ്ടതുണ്ടായിരുന്നുള്ളൂ. എന്നാൽ സംഭവിച്ചത് നേർ വിപരീതമായിരുന്നു. പലയിടത്തും സ്ത്രീകൾ സമര രംഗത്തേക്കിറങ്ങുകയും പുരുഷന്മാർ അവരെ നോക്കി നിൽക്കുകയും അവരെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും അവർക്ക് വെള്ളം കൊണ്ടുപോയിക്കൊടുക്കുകയും അവരിൽ അടി കിട്ടി പരിക്കേറ്റവരെ ഹോസ്പിറ്റലിൽ കൊണ്ടു പോകുകുയും ചെയ്യുന്നത് പത്രങ്ങളിൽ നിരന്തരം വാർത്തയായി. പൊലീസുകാൾ വരെ നിയമ പാലനത്തിന്റെ മറവിൽ സ്ത്രീ സമരക്കാരെ ശാരീരക ചൂഷണം നടത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. മുമ്പ് പുരുഷന്മാർ യുദ്ധത്തിന് പോകുമ്പോൾ സ്ത്രീകൾ വീട് നോക്കിയതിൽ നിന്ന് വിഭിന്നമായി സ്ത്രീകൾ സമര രംഗത്തേക്കിറങ്ങുകയും പുരുഷന്മാർ വീടുകൾക്ക് കാവൽ നിൽക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. സ്ത്രീകൾ ആവേശത്തേടെ പലയിടത്തും രംഗത്തിറങ്ങയപ്പോൾ ഹിജാബ് പാലിക്കാനോ സ്ത്രീ പുരുഷ സങ്കലനം അടക്കമുള്ള കർശന നിബന്ധകൾ പാലിക്കാനോ തയ്യാറായില്ല. പുരുഷന്മാർ കേവലം വായാടികളായി നോക്കി നിൽക്കേ സ്ത്രീകൾ പലയിടത്തും സമര രംഗത്തേക്കിറക്കപ്പെട്ടതോടെ കുഞ്ഞു മക്കൾ അസ്വസ്ഥരാകുകയും വീടുകൾ അനാഥമാകുകയും ചെയ്തു. ചുരുക്കത്തിൽ ഈ നിയമം മറികടക്കാൻ നിയമ പരമായും നയതന്ത്രപരമായുമുള്ള അവസരങ്ങൾ വേണ്ടത്ര ഉപയോഗപ്പെടുത്താതെയും സമരം ചെയ്യാൻ പുരുഷന്മാർ ഉണ്ടായിരിക്കെ ഒറ്റക്കെട്ടായി രംഗത്തിറങ്ങാതെയും ഓരോ ഗ്രൂപ്പും തങ്ങളുടെ പാർട്ടിയുടെ ക്രെഡിറ്റ് ഉർത്താൻ വേണ്ടി അവരവരുടെ സ്ത്രീകളെ പ്രതീകാത്മകമായി എന്നാൽ ഹിജാബ് പാലിക്കാതെ മുദ്രാവാക്യം വിളിക്കാൻ വേണ്ടി മാത്രം നമ്മുടെ കേരളത്തിൽ രംഗത്തിറക്കിയത് തീർത്തും അനുചിതവും പുനഃപരിശോധിക്കേണ്ട കാര്യവുമാണ്. കാരണം അല്ലാഹു തആലാ പറയുന്നു: “ഏത് വിജയം അല്ലാഹുവിങ്കൽ നിന്നാണ് ഉണ്ടാകുന്നത്” (സൂറത്തുൽ അൻഫാൽ). അത് നമ്മുടെ ക്രഡിറ്റു കൊണ്ടോ സംഘടനാ ശക്തി കൊണ്ടോ അല്ല, അല്ലാഹുവിന്റ കാരുണ്യം ഒന്നു കൊണ്ട് മാത്രമാണ്. അത് പ്രതീക്ഷിച്ചു കൊണ്ടാണ് നാം ഏത് സമരവും നടത്തുന്നതെങ്കിൽ അതിന് അല്ലാഹു നിശ്ചയിച്ച പരിധികൾ ലംഘിക്കാതിരിക്കണം. ഒരു ബഹുസ്വര സമൂഹത്തിൽ ഇതര ചിന്താഗതിക്കാരുടെ കൂടെ സമരം ചെയ്യുമ്പോഴും വ്യക്തിപമായി ഓരോരുത്തരം കാത്തു സൂക്ഷിക്കേണ്ട ദൈവസ്മരണ കൈവിടാതെയും ദൈവിക വിധിവിലക്കുകൾ നിന്ദിക്കാതെയും അവഗണിക്കാതെയും നിലകൊള്ളണം. നമ്മുടെ വ്യക്തിത്വത്തിലെ ദീനീ ചൈതന്യത്തിന്റെ സുഗന്ധം അവരെ തഴുകുന്നതിന് പകരും അവരുടെ സ്വാധീനം നമ്മെ അന്ധരാക്കരുത്. അത് കൊണ്ട് തന്നെ ഈ ദുരവസ്ഥയെ പണ്ഡതർ തിരുത്താൻ പണ്ഡിതന്മാർ ശ്രമിച്ചിട്ടുണ്ടെങ്കിൽ അവരുടെ ബാധ്യതയാണ് അവർ നിർവ്വഹിച്ചത് എന്നാണ് കരുതേണ്ടത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.